18.1 കിലോ തൂക്കമുളള കൊമ്പ് അടര്‍ന്നു വീണു, പകരം ഫൈബര്‍ കൊമ്പ്; ഇനിയും 'പ്രസാദ്' തലയെടുപ്പോടെ നില്‍ക്കും

തലയെടുപ്പുളള ആനകളുടെ കൂട്ടത്തില്‍ മുന്‍നിരയിലുളള തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തിലെ പ്രസാദ് ഇനിയും തലയെടുപ്പോടെ നില്‍ക്കും
18.1 കിലോ തൂക്കമുളള കൊമ്പ് അടര്‍ന്നു വീണു, പകരം ഫൈബര്‍ കൊമ്പ്; ഇനിയും 'പ്രസാദ്' തലയെടുപ്പോടെ നില്‍ക്കും

കണ്ണൂര്‍: തലയെടുപ്പുളള ആനകളുടെ കൂട്ടത്തില്‍ മുന്‍നിരയിലുളള തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തിലെ പ്രസാദ് ഇനിയും തലയെടുപ്പോടെ നില്‍ക്കും.പിഴുതു വീണ വലതു കൊമ്പിന് പകരം കൃത്രിമ കൊമ്പ് പിടിപ്പിക്കാനുള്ള ശ്രമം തുടങ്ങി. കൊമ്പ് പിടിപ്പിക്കുന്നതിന്റെ ആദ്യഘട്ടമായി തൃശൂര്‍ ആന ചികിത്സാ കേന്ദ്രത്തിലെ ഡോ. പി ബി ഗിരിദാസും കോഴിക്കോട്ടെ ഡെന്റിസ്റ്റ് ഡോ. ജെറിഷും ഡോ. പത്മരാജും പ്രസാദിനെ പരിശോധിച്ചു. കൊമ്പ് അടര്‍ന്നുപോയ സ്ഥലത്ത് രൂപപ്പെട്ട പഴുപ്പ് എടുത്തു മാറ്റി.

ഇത് ഉണങ്ങിയ ശേഷം കൃത്രിമ കൊമ്പ് പിടിപ്പിക്കും. കാഴ്ചയില്‍ ഒറിജിനല്‍ കൊമ്പിനോടു കിടപിടിക്കുന്ന തരത്തിലുള്ളതായിരിക്കും കൃത്രിമ കൊമ്പ്. ഫൈബറില്‍ തീര്‍ക്കുന്ന ഭാരം കുറഞ്ഞ തരത്തിലുള്ള കൊമ്പാണു വച്ചുപിടിപ്പിക്കുകയെന്ന് ഡോക്ടര്‍ പറഞ്ഞു. ഇതിന് ചെലവു കണക്കാക്കിയിട്ടില്ല. ആനയുടെ മുറിവ് ഉണങ്ങിയ ശേഷം അളവെടുത്ത് കൃത്രിമ കൊമ്പ് പണിയും.കഴിഞ്ഞ മേയ് 18ന് ആണ് ആനയുടെ കൊമ്പ് പിഴുതു വീണത്. 2014ല്‍ മദപ്പാടിലായ പ്രസാദിന്റെ കൊമ്പിനു പരുക്കേറ്റിരുന്നു. ഇളകിപ്പോയ കൊമ്പിന് അന്നു ചികിത്സ നടത്തിയെങ്കിലും 6 കൊല്ലത്തിനു ശേഷം അത് ഇളകി വീഴുകയായിരുന്നു.

18.1 കിലോ ഗ്രാം തൂക്കമുള്ള കൊമ്പ്, ക്ഷേത്രം അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നു ഫോറസ്റ്റ് ഓഫിസര്‍മാരെത്തി ഏറ്റെടുത്തു. ഇത് ട്രഷറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 1992ല്‍ ചാലാട് ഉത്സവ കമ്മിറ്റി നടയിരുത്തിയത് മുതല്‍ തളാപ്പ് ക്ഷേത്രത്തിന്റെ ഭാഗമാണ് പ്രസാദ്. ക്ഷേത്രത്തിലെ ഉത്സവത്തിനു തിടമ്പേറ്റുന്നതു പ്രസാദാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com