കോവിഡ് കാലത്തെ സമരത്തിനെതിരെ സിപിഎം; അക്രമസമരങ്ങള്‍ മനുഷ്യജീവന്‍ വെച്ചുള്ള പന്താടല്‍

കോവിഡ് പ്രൊട്ടോകോള്‍പോലും കാറ്റില്‍ പറത്തി അക്രമാസക്ത സമരം നടത്തുകയും പോലീസുമായി ഏറ്റുമുട്ടുകയും ചെയ്യുന്നത് ഈ രോഗവ്യാപനത്തിന്റെ ആപല്‍ഘട്ടത്തില്‍   മനുഷ്യജീവന്‍വച്ചുള്ള പന്താടലാണ്
കോവിഡ് കാലത്തെ സമരത്തിനെതിരെ സിപിഎം; അക്രമസമരങ്ങള്‍ മനുഷ്യജീവന്‍ വെച്ചുള്ള പന്താടല്‍

തിരുവനന്തപുരം: കോവിഡ് 19 സാമൂഹ്യവ്യാപനത്തിനരികില്‍ കേരളം നില്‍ക്കെ സ്വര്‍ണ്ണകള്ളക്കടത്തിന്റെ മറവില്‍  എല്‍ഡിഎഫ് സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താനുള്ള പ്രതിപക്ഷത്തിന്റെ അക്രമാസക്തമായ പ്രതിഷേധം മനുഷ്യ ജീവനുനേരെയുള്ള വെല്ലുവിളിയാണെന്ന് സിപിഎം.
സ്വര്‍ണ്ണകള്ളക്കടത്തിലെ പ്രതികളേയും ഒത്താശക്കാരെയും നിയമത്തിനുമുന്നില്‍ കൊണ്ടുവരണം എന്നതാണ് മുഖ്യമന്ത്രിയുടെയും എല്‍ഡിഎഫ് സര്‍ക്കാറിന്റെയും ആവശ്യം. ഇതു പ്രകാരമാണ് എന്‍ഐഎ ഉള്‍പ്പെടെ യുക്തമായ ഏത് കേന്ദ്ര ഏജന്‍സിയുടെയും അന്വേഷണത്തിന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി രേഖാമൂലം ആവശ്യപ്പെട്ടത്. എന്‍ഐഎ അന്വേഷണം തുടങ്ങിക്കഴിഞ്ഞു. ഒരു കള്ളക്കടത്ത് ശക്തിയേയും സംരക്ഷിക്കുന്ന പണി എല്‍ഡിഎഫ് സര്‍ക്കാറിനില്ല. നാലു വര്‍ഷത്തെ ഭരണത്തിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസ് കേരള ജനതയുടെ അന്തസ്സിന്റെ കേന്ദ്രമാണെന്ന് ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് ്പ്രസ്താവനയില്‍ പറയുന്നു.

കോവിഡ് മഹാമാരിയെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനത്തില്‍ കേരളത്തെ ലോകത്തിനുതന്നെ മാതൃകയാക്കി മാറ്റിയ എല്‍ ഡി എഫ് സര്‍ക്കാറിനെ ദുര്‍ബലപ്പെടുത്താനുള്ള സമരം, വിമാനത്താവള കള്ളക്കടത്ത് കേസിന്റെ മറവില്‍  സംഘടിപ്പിക്കുന്നത് അധികാരമോഹത്തെ മുന്‍നിര്‍ത്തിയുള്ള വില കുറഞ്ഞരാഷ്ട്രീയ സമരം മാത്രമാണ്. കോവിഡ് പ്രൊട്ടോകോള്‍പോലും കാറ്റില്‍ പറത്തി അക്രമാസക്ത സമരം നടത്തുകയും പോലീസുമായി ഏറ്റുമുട്ടുകയും ചെയ്യുന്നത് ഈ രോഗവ്യാപനത്തിന്റെ ആപല്‍ഘട്ടത്തില്‍   മനുഷ്യജീവന്‍വച്ചുള്ള പന്താടലാണ്.


കള്ളക്കഥകള്‍ പ്രചരിപ്പിച്ച് എല്‍ഡിഎഫ് സര്‍ക്കാറിന്റെയും മുഖ്യമന്ത്രിയുടെയും യശസ്സ് ഇടിക്കാമെന്ന ദുഷ്ടചിന്തയിലാണ് യുഡിഎഫും ബിജെപിയും. ഇവരുടെ അരാജകസമരത്തിനെതിരാണ് ജനവികാരമെന്ന് വിവേകമുണ്ടെങ്കില്‍ ഇക്കൂട്ടര്‍ മനസ്സിലാക്കണം.

കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച പ്രകാരം സ്വര്‍ണ്ണകടത്ത് കേസില്‍  അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി തുടങ്ങിക്കഴിഞ്ഞു. പുറത്തുവന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ശരിയായി നടന്നാല്‍ പലരും കുടുങ്ങുമെന്ന ഭയം ബിജെപിയേയും യുഡിഎഫിനെയും വിറളിപിടിപ്പിച്ചിട്ടുണ്ട്. കള്ളക്കടത്ത് ശക്തികളേയും സഹായികളെയും പുറത്തുകൊണ്ടുവരാന്‍ ഉദ്ദേശിച്ചുള്ള കേന്ദ്രഏജന്‍സിയുടെ അന്വേഷണത്തിന് തുരങ്കം വയ്ക്കാനാണോ ഈ പ്രക്ഷോഭമെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com