തിരുവനന്തപുരത്ത് രണ്ട് പൊലീസുകാര്‍ക്ക് കൂടി കോവിഡ്

ഇതോടെ എആര്‍ ക്യാമ്പില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി
തിരുവനന്തപുരത്ത് രണ്ട് പൊലീസുകാര്‍ക്ക് കൂടി കോവിഡ്

തിരുവനന്തപുരം: ജില്ലയില്‍ രണ്ട് പൊലീസുകാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. എആര്‍ ക്യാമ്പിലെ രണ്ട് പൊലീസുകാരാണ് രോഗബാധിതര്‍. ഇതോടെ എആര്‍ ക്യാമ്പില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി.

തലസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി തുടരുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ അതിവ്യാപന മേഖലയില്‍ മാത്രമായിരിക്കുമെന്നും, ലോക്ക്ഡൗണ്‍ തിരുവനന്തപുരം നഗരസഭയില്‍ ആകെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ജൂലൈ ആറിനാണ് കോര്‍പ്പറേഷനില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. തലസ്ഥാനത്ത് സ്ഥിതി കൈവിട്ടുപോകാനിടയുണ്ടെന്ന ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പിനെ തുടര്‍ന്നായിരുന്നു ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്.

പുതിയ സമ്പര്‍ക്കരോഗികളുടെ കണക്ക് കൂടി വന്നതോടെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തിര യോഗമാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ തീരുമാനമെടുത്തത്. നഗരത്തില്‍ പ്രവേശിക്കാന്‍ ഒറ്റവഴി മാത്രമാണുള്ളത്. ബാക്കി റോഡുകള്‍ മുഴുവന്‍ അടയ്ക്കുകയായിരുന്നു.

അതേസമയം തിരുവനന്തപുരത്ത് കോവിഡ് രോഗവ്യാപനം ഗുരുതരമാവുകയാണ്.  ഒറ്റ ദിവസം നൂറിലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ചത്തെ കണക്ക് പ്രകാരം തലസ്ഥാന ജില്ലയില്‍ 129 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു ജില്ലയില്‍ മാത്രം നൂറിലേറെ രോഗികള്‍ ഒരുദിവസം ഉണ്ടാകുന്നതും ആദ്യം. വെള്ളിയാഴ്ച മാത്രം 105 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നത് ജില്ലയില്‍ വര്‍ധിച്ചത് ഗൗരവതരമാണ്.

തിരുവനന്തപുരം ജില്ലയില്‍ മാര്‍ച്ച് 11നാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വെള്ളിയാഴ്ച വരെ 481 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 266 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ്. ബാക്കിയുള്ള രോഗികള്‍ വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളില്‍ വന്നവരാണ്. വെള്ളിയാഴ്ച ജില്ലയില്‍ അഞ്ച് പേര്‍ക്കാണ് രോഗ മുക്തിയുണ്ടായത്. സംസ്ഥാനത്ത് ഇന്ന് 416 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com