പൂന്തുറയില്‍ ഇളവ്, കടകള്‍ വൈകീട്ട് അഞ്ചു വരെ തുറക്കും; മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകാനും അനുമതി 

സൂപ്പര്‍ സ്‌പ്രെഡ് റിപ്പോര്‍ട്ട് ചെയ്ത തിരുവനന്തപുരം പൂന്തുറയില്‍ ഇളവ്.
പൂന്തുറയില്‍ ഇളവ്, കടകള്‍ വൈകീട്ട് അഞ്ചു വരെ തുറക്കും; മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകാനും അനുമതി 

തിരുവനന്തപുരം: സൂപ്പര്‍ സ്‌പ്രെഡ് റിപ്പോര്‍ട്ട് ചെയ്ത തിരുവനന്തപുരം പൂന്തുറയില്‍ ഇളവ്. ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് അവശ്യസാധനങ്ങളുടെ കടകള്‍ വൈകീട്ട് അഞ്ചു മണി വരെ തുറക്കാന്‍ അനുവദിക്കുമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

നിലവില്‍ 11 മണി വരെയാണ് അനുവദിക്കുന്നത്. ഇതുമൂലം തിരക്ക് വര്‍ധിക്കുന്നുണ്ട്. ഇത് പലപ്പോഴും സാമൂഹിക അകലം ഉറപ്പാക്കാന്‍ സാധിക്കുന്നുണ്ടോ എന്ന ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. ഇതും കൂടി കണക്കിലെടുത്താണ് സമയം നീട്ടിയതെന്ന് മന്ത്രി പറഞ്ഞു. ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് സപ്ലൈകോയുടെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും മൊബൈല്‍ യൂണിറ്റുകള്‍ പൂന്തുറയില്‍ എത്തും. ഇതുവഴി  വീടുകളുടെ മുന്നില്‍ നിന്ന് തന്നെ ജനങ്ങള്‍ക്ക് സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

ട്രിപ്പിള്‍ ലോക്ക്ഡൗണിനെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകാന്‍ കഴിയാത്ത സാഹചര്യമുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് അതത് പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് അനുമതി നല്‍കും. അതിന് ശേഷം അവരവരുടെ സ്ഥലത്ത് തന്നെ ഇതിന്റെ വില്‍പ്പന നടത്താനും അനുവദിക്കും. കൂടുതല്‍ ലഭിക്കുന്ന മത്സ്യങ്ങള്‍ മത്സ്യഫെഡിന് നല്‍കാന്‍ കഴിയുന്ന തരത്തില്‍ ക്രമീകരണം ഒരുക്കും. എന്നാല്‍ കന്യാകുമാരിയില്‍ നിന്നും തിരിച്ചും കടലില്‍ കൂടിയുളള യാത്ര അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. പൂന്തുറയില്‍ ജനങ്ങള്‍ തെരുവില്‍ ഇറങ്ങിയത് രാഷ്ട്രീയ പ്രേരിതമാണെന്ന്  കടകംപളളി സുരേന്ദ്രന്‍ ആരോപിച്ചു. 

ഇന്ന് രാവിലെ പൂന്തുറയില്‍ നടന്ന സംഘര്‍ഷം നിര്‍ഭാഗ്യകരമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. ആരോ തെറ്റായ പ്രചാരണങ്ങള്‍ നടത്തിയാണ് ജനങ്ങളെ തെരുവിലിറക്കിയത്. ആന്റിജെന്‍ ടെസ്റ്റ് പോരാ, പിസിആര്‍ ടെസ്റ്റാണ് നടത്തേണ്ടത് എന്ന തരത്തിലുളള പ്രചാരണങ്ങളാണ് അഴിച്ചുവിട്ടത്. ആന്റിജെന്‍ ടെസ്റ്റ് പിസിആര്‍ ടെസ്റ്റ് പോലെ തന്നെയാണ്. പിസിആര്‍ ടെസ്റ്റിന്റെ  ഫലം വരാന്‍ ആറു മണിക്കൂര്‍ വേണ്ടി വരുമ്പോള്‍ ആന്റിജെന്‍ ടെസ്റ്റിന് മിനിറ്റുകള്‍ മാത്രം മതിയെന്ന് ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

പൂന്തുറയിലെ മൂന്ന് വാര്‍ഡുകളില്‍ സൂപ്പര്‍ സ്‌പ്രെഡ് സംഭവിച്ചു. 66,74,75 വാര്‍ഡുകളെ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com