സ്വപ്ന ബ്രൈമൂർ എസ്റ്റേറ്റിൽ? ഒളിത്താവളം കുന്നിൽ മുകളിലെ ബ്രിട്ടീഷ് നിർമിത ബം​ഗ്ലാവും എസ്റ്റേറ്റും?

സ്വപ്നയുടെ ഒളിത്താവളത്തെക്കുറിച്ച് പൊലീസ് ഉന്നതരിൽ ചിലർക്ക് വ്യക്തമായ വിവരമുണ്ടന്നാണ് സൂചന
സ്വപ്ന ബ്രൈമൂർ എസ്റ്റേറ്റിൽ? ഒളിത്താവളം കുന്നിൽ മുകളിലെ ബ്രിട്ടീഷ് നിർമിത ബം​ഗ്ലാവും എസ്റ്റേറ്റും?

തിരുവനന്തപുരം; സ്വർണ്ണക്കടത്തു കേസിൽ കസ്റ്റംസ് തിരയുന്ന സ്വപ്ന സുരേഷ് തിരുവനന്തപുരത്തെ ഒരു എസ്റ്റേറ്റിലുള്ളതായി സംശയം. തിരുവനന്തപുരം പാലോടിനു സമീപം പെരിങ്ങമ്മലയിലെ ബ്രൈമൂർ എസ്റ്റേറ്റിൽ ഇവർ എത്തിയെന്നാണ് വിവരം. അതിനിടെ സ്വപ്നയുടെ ഒളിത്താവളത്തെക്കുറിച്ച് പൊലീസ് ഉന്നതരിൽ ചിലർക്ക് വ്യക്തമായ വിവരമുണ്ടന്നാണ് സൂചന.

സ്വപ്നയെ കണ്ടെത്താൻ കസ്റ്റംസ് ആവശ്യപ്പെടാകെ പൊലീസ് നടപടി സ്വീകരിക്കില്ലെന്ന് ഉന്നതർ വ്യക്തമാക്കി. കസ്റ്റംസ് സംഘത്തിനും സ്വപ്നയുടെ യാത്രയെക്കുറിച്ചും ഒളിത്താവളത്തെക്കുറിച്ചും സൂചന ലഭിച്ചിട്ടുണ്ട്. മകളുടെ സഹപാഠിയെ ചോദ്യം ചെയ്തതിൽ നിന്നാണ് വിവരം ലഭിച്ചത്. ന​ഗരത്തിലെ കോളജിലെ ബിരുദ വിദ്യാർത്ഥിയായ സ്വപ്നയുടെ മകൾ ഇന്നലെ സഹപാഠിയെ വിളിച്ചിരുന്നു. തുടർന്നാണ് വിദ്യാർത്ഥിയെ കസ്റ്റംസ് ചോദ്യം ചെയ്തത്. മക്കളേയും സ്വപ്ന കൂടെ കൂട്ടിയിട്ടുണ്ടെന്നാണ് വിവരം.

പൊന്മുടി മലയടിവാരത്തുള്ള ബ്രൈമൂറിൽ കുന്നിന്റെ നെറുകയിൽ ബ്രിട്ടീഷ് നിർമിത ബം​ഗ്ലാവും എസ്റ്റേറ്റുമുണ്ട്. തിരുവനന്തപുരത്തെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലാണ് ഇത്. തിങ്കളാഴ്ചയാണ് പാലോടിനു സമീപം സ്വപ്നയെ കണ്ടത്. രണ്ട് സ്ത്രീകൾ കാർ നിർത്തി മങ്കയം ഇക്കോ ടൂറിസത്തിലേക്കുള്ള വഴി ചോദിച്ചുവെന്നാണ് കൊച്ചുതാന്നിമൂട് സ്വദേശി ​ഗിരീശൻ വെളിപ്പെടുത്തിയത്. പിറ്റേന്ന് പത്രത്തിൽ സ്വപ്നയുടെ ചിത്രം കണ്ടപ്പോഴാണ് വണ്ടി ഓടിച്ചിരുന്നത് ഇവരാണെന്നുള്ള സംശയമുണ്ടായത്.

എന്നാൽ മങ്കയത്തെ ചെക്പോസ്റ്റ് കടന്ന് ഇന്നോവ പോയതായി പൊലീസ്, വനം ഉദ്യോ​ഗസ്ഥരുടെ പരിശോധനയിൽ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ അതുവഴി വെള്ള ഇന്നോവ കടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. നിലവിൽ ഇവിടുത്തെ ടൂറിസം കേന്ദ്രങ്ങളെല്ലാം അടച്ചിട്ടിരിക്കുകയാണ്. മങ്കയത്തിന് സമീപമുള്ള അടിപറമ്പ് വനമേഖല പല പിടികിട്ടാപ്പുള്ളികളുടേയും ഒളിത്താവളമാണ്. പൊലീസ് ഒട്ടേറെ പ്രതികളെ ഇവിടെനിന്ന് പിടികൂടിയിട്ടുണ്ട്. അതിനിടെ സ്വപ്നയുടെ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കാനിരിക്കെ തിരക്കിട്ട നടപടി വേണ്ടെന്ന നിലപാടിലാണ് കസ്റ്റംസ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com