കുട്ടികളിലെ ആത്മഹത്യ പ്രവണത; രണ്ടാഴ്ചകൊണ്ട് കൗണ്‍സിലിങ് നടത്തിയത് 68,814പേര്‍ക്ക്

ആരോഗ്യ വകുപ്പിന് കീഴിലുള്ള മാനസികാരോഗ്യ പരിപാടിയും വനിതാ ശിശുവികസന വകുപ്പും യോജിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.
കുട്ടികളിലെ ആത്മഹത്യ പ്രവണത; രണ്ടാഴ്ചകൊണ്ട് കൗണ്‍സിലിങ് നടത്തിയത് 68,814പേര്‍ക്ക്

തിരുവനന്തപുരം: കോവിഡ് കാലത്ത് പലവിധ മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നതിനും ആത്മഹത്യ പ്രവണത ചെറുക്കുന്നതിനുമായി സര്‍ക്കാര്‍ നല്‍കിവരുന്ന കൗണ്‍സിലിങ്ങില്‍ പങ്കെടുത്ത് 68,814 കുട്ടികള്‍. 'ഒറ്റയ്ക്കല്ല ഒപ്പമുണ്ട്' സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് സേവനത്തില്‍ രണ്ടാഴ്ച കൊണ്ടാണ് ഇത്രയും അധികം കുട്ടികള്‍ക്ക് കൗണ്‍സിലിങ് നടത്തിയതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു.

ആരോഗ്യ വകുപ്പിന് കീഴിലുള്ള മാനസികാരോഗ്യ പരിപാടിയും വനിതാ ശിശുവികസന വകുപ്പും യോജിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഓരോ ജില്ലയിലും മാനസികാരോഗ്യ പരിപാടിയുടെ സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് ടീമിന്റെ നേതൃത്വത്തിലാണ് കുട്ടികളുടെ മാനസിക പിന്തുണ ഉറപ്പാക്കുന്നത്. രണ്ടാഴ്ച കൊണ്ട് ഇതുവരെ 68,814 കുട്ടികള്‍ക്കാണ് മാനസിക സേവനം നല്‍കിയത്. ഇതില്‍ 10,890 കുട്ടികള്‍ക്ക് കൗണ്‍സിലിങ് നല്‍കി. 13 കുട്ടികള്‍ക്ക് ഔഷധ ചികിത്സയും വേണ്ടിവന്നു. കുട്ടികളുടെ സ്വഭാവത്തിലുണ്ടാകുന്ന മാറ്റം ബന്ധുക്കള്‍ വളരെയേറെ ശ്രദ്ധിക്കേണ്ടതാണ്. എന്തെങ്കിലും അപാകതകള്‍ തോന്നുന്നെങ്കില്‍ ജില്ലയിലെ സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് ഹെല്‍പ്പ് ലൈന്‍ നമ്പറിലോ, ദിശ 1056 നമ്പരിലേക്കോ ബന്ധപ്പെടണമെന്നും മന്ത്രി വ്യക്തമാക്കി.

വളരെ വിപുലമായ പ്രവര്‍ത്തനങ്ങളാണ് ഈ വിഭാഗങ്ങളുടെ കീഴില്‍ നടന്നു വരുന്നത്. ആയിരത്തോളം വരുന്ന കൗണ്‍സിലര്‍മാര്‍ക്ക് കുട്ടികളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പ്രത്യേക ഓണ്‍ലൈന്‍ ട്രെയിനിങ് നല്‍കി. കുട്ടികളെ പരീക്ഷാഫലത്തെ നേരിടാന്‍ തയ്യാറെടുപ്പിച്ചു. ആശാവര്‍ക്കര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, മറ്റു ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് തയ്യാറാക്കി നല്‍കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തില്‍ പ്രശ്‌നമുള്ളതായി കണ്ടെത്തുന്ന കുട്ടികള്‍ക്ക് ഒറ്റയ്ക്കല്ല ഒപ്പമുണ്ട് സൈക്കോ സോഷ്യല്‍ പദ്ധതിയുടെ കീഴില്‍ കൗണ്‍സിലിങ് നടത്തിവരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com