കോവിഡ് വന്നു ചാവുമെന്ന് പറഞ്ഞ് പേടിപ്പിക്കേണ്ട; മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ മറുപടി

കോവിഡ് വന്നു ചാവുമെന്ന് പറഞ്ഞ് പേടിപ്പിക്കേണ്ട; മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ മറുപടി
കോവിഡ് വന്നു ചാവുമെന്ന് പറഞ്ഞ് പേടിപ്പിക്കേണ്ട; മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ മറുപടി

തിരുവനന്തപുരം:  സര്‍ക്കാരിനെതിരെ സമരം നടത്തുന്ന പ്രതിപക്ഷത്തെ അപമാനിക്കുന്ന സമീപനമാണ് മുഖ്യമന്ത്രി പിണറായി വിജയന്റേതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് നടക്കുന്നത് തീവെട്ടിക്കൊള്ളയാണ്. അതു നോക്കിനില്‍ക്കാനാവില്ല. അതിനെതിരെ സമരം ചെയ്യുമ്പോള്‍ കോവിഡ് വന്നു ചാവുമെന്നു  പേടിപ്പിക്കേണ്ടെന്ന് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരുമായി സഹകരിക്കുകയാണ് ഇതുവരെ യുഡിഎഫ് ചെയ്തത്. എന്നാല്‍ ഇത്തരമൊരു കേസില്‍ സര്‍ക്കാര്‍ പ്രതികളെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ നോക്കിനില്‍ക്കാനാവില്ല. കോവിഡ് കാലത്ത് സമരം നടത്തുന്നുവെന്ന് യുഡിഎഫിനെ കുറ്റപ്പെടുത്തുന്ന മുഖ്യമന്ത്രിയുടെ പാര്‍ട്ടി ബംഗാളില്‍ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് സര്‍ക്കാരിനെതിരെ സമരം നടത്തുകയാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് പ്രതിപക്ഷത്തിന്റെ സമരം. തീവെട്ടിക്കൊള്ളയാണ് സംസ്ഥാനത്ത് നടക്കുന്നത്. അതു നോക്കിനില്‍ക്കാനാവില്ല. അതിനെതിരെ സമരം ചെയ്യുമ്പോള്‍ കോവിഡ് വന്നു ചാവുമെന്ന് പറഞ്ഞ് പേടിപ്പിക്കേണ്ടെന്ന് ചെന്നിത്തല പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെയും അവരുമായി ബന്ധമുള്ള മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിനയെും സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണ്. വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി ജോലി നേടിയെന്നു വ്യക്തമായ സ്വപ്‌നയ്‌ക്കെതിരെ കേരള പൊലീസ് കേസെടുക്കാത്തത് അതുകൊണ്ടാണെന്ന് ചെന്നിത്തല ആരോപിച്ചു.

സ്വപ്‌നയ്‌ക്കെതിരെ കേസെടുക്കാത്തത് സംസ്ഥാനത്തിന്റെ നീതിന്യായ ചരിത്രത്തിലെ കറുത്ത അധ്യായമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിജിപിക്കു കത്തു നല്‍കിയിട്ടുണ്ട്. ഇതിന് അനുസരിച്ചു നടപടികള്‍ ഉണ്ടാവുന്നില്ലെങ്കില്‍ നിയമപരമായ മറ്റു മാര്‍ഗം സ്വീകരിക്കും. തനിക്കു ക്രിമിനല്‍ പശ്ചാത്തലം ഒന്നുമില്ലെന്നാണ് ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ സ്വപ്‌ന പറഞ്ഞിരിക്കുന്നത്. അതിനു സാഹചര്യമൊരുക്കിയത് കേരള പൊലീസ് ആണെന്ന് ചെന്നിത്തല പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com