'പ്രതിപക്ഷം രണ്ട് തെറ്റുകൾ ചെയ്തുകൊണ്ടിരിക്കുന്നു, ഈ തീക്കളി അവസാനിപ്പിക്കണം'; രൂക്ഷ വിമർശനവുമായി കെകെ ശൈലജ

അമേരിക്കയിൽ ചികിത്സിക്കാൻ പോലും പണമില്ലാതെ ലക്ഷക്കണക്കിന് ആളുകൾ ഇൻഷുറൻസിന് അപേക്ഷിച്ചു കാത്തു നിൽക്കുമ്പോഴും കേരളത്തിൽ ആയിരക്കണക്കിന് ആളുകൾക്ക് സൗജന്യ ചികിത്സ നൽകി മാതൃക കാണിക്കുകയാണ്
'പ്രതിപക്ഷം രണ്ട് തെറ്റുകൾ ചെയ്തുകൊണ്ടിരിക്കുന്നു, ഈ തീക്കളി അവസാനിപ്പിക്കണം'; രൂക്ഷ വിമർശനവുമായി കെകെ ശൈലജ

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തുന്ന സമരത്തെ നിശിതമായി വിമർശിച്ച് ആരോ​ഗ്യമന്ത്രി കെകെ ശൈലജ. പ്രതിപക്ഷം ഈ തീക്കളി അവസാനിപ്പിക്കണം എന്നാണ് ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ ശൈലജ പറഞ്ഞത്. സ്വർണക്കടത്ത് ആരോപിച്ച് കേരളത്തിന്റെ മുഖ്യമന്ത്രിക്കെതിരെ അപവാദപ്രചരണങ്ങൾ നടത്തുകയും കോവിഡ് വ്യാപനം വിളിച്ചു വരുത്തുകയാണ് പ്രതിപക്ഷം എന്നാണ് ആരോ​ഗ്യമന്ത്രി പറഞ്ഞത്. സമ്പന്ന രാജ്യമായ അമേരിക്കയിൽ ചികിത്സിക്കാൻ പോലും പണമില്ലാതെ ലക്ഷക്കണക്കിന് ആളുകൾ ഇൻഷുറൻസിന് അപേക്ഷിച്ചു കാത്തു നിൽക്കുമ്പോഴും കേരളത്തിലെ ഗവ. ആശുപത്രികളിൽ ആയിരക്കണക്കിന് ആളുകൾക്ക് സൗജന്യ ചികിത്സ നൽകി മാതൃക കാണിച്ചു കൊണ്ടിരിക്കുകയാണ്. ജീവൻ രക്ഷിക്കുകയാണ് അടിയന്തര ലക്ഷ്യമെന്നും ശൈലജ പറഞ്ഞു.

കെകെ ശൈലജയുടെ ഫേയ്സ്ബുക്ക് പോസ്റ്റ്

കേരളത്തിലെ പ്രതിപക്ഷം ഈ തീക്കളി അവസാനിപ്പിക്കണം

രണ്ട് തെറ്റുകളാണ് പ്രതിപക്ഷം ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. ഒന്ന് യാതൊരു അടിസ്ഥാനവുമില്ലാതെ സ്വർണക്കടത്ത് ആരോപിച്ച് കേരളത്തിന്റെ മുഖ്യമന്ത്രിക്കെതിരെ അപവാദപ്രചരണങ്ങൾ നടത്തുന്നു. രണ്ട് കോവിഡ് വ്യാപനം വിളിച്ചു വരുത്തുന്നു.

യു.എ.ഇ. കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗേജിലൂടെ സ്വർണക്കടത്ത് നടത്തിയ കേസിലെ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പങ്കെടുത്ത ചില പരിപാടികളിൽ പങ്കെടുത്തതിന്റെ പേരിൽ മുഖ്യമന്ത്രി രാജിവെയ്ക്കണം എന്ന് പറയുന്നത് തികച്ചും അനുചിതമാണ്. പ്രിൻസിപ്പൽ സെക്രട്ടറിക്ക് മേൽപ്പറഞ്ഞ വ്യക്തിയുമായി സൗഹൃദമുണ്ടായിരുന്നു എന്ന ആരോപണം വന്നയുടനെ ഈ ഐഎഎസ് ഓഫീസറെ തത് സ്ഥാനത്തുനിന്നും മാറ്റിനിർത്തിയത് മാതൃകാപരമായ പ്രവർത്തനമാണ്. കേന്ദ്ര സർക്കാരിന്റെ ഏത് അന്വേഷണത്തിനും സംസ്ഥാന സർക്കാരിന്റെ പൂർണ പിന്തുണയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുന്ന സമയത്ത് സ്വർണ കള്ളക്കടത്ത് സുഗമമായി നടക്കുമെന്ന് കരുതിയ പലരേയും വിവിധ എയർപോർട്ടുകളിൽ നിന്ന് പിടികൂടിക്കൊണ്ടിരിക്കുകയാണ്. ഇതിലൊന്നും കേരള സർക്കാരിന്റെ ഒത്താശയോ പിന്തുണയോ ഉണ്ടെന്ന് കടുത്ത ശത്രുക്കൾക്ക് പോലും പറയാൻ കഴിയില്ല.

എന്തിനാണ് മുഖ്യമന്ത്രിക്കെതിരെ ആക്രോശം നടത്തുന്നത്?

പ്രളയം, ഓഖി, നിപ, കൊറോണ വൈറസ് തുടങ്ങിയ ദുരന്തങ്ങളിലൂടെ കടന്നുപോയ അവസരങ്ങളിൽ അസാമാന്യമായ ധീരതയോടെ ഈ കൊച്ചു സംസ്ഥാനത്തിന്റെ പരിമിതികൾക്കപ്പുറത്ത് ജനങ്ങളെ രക്ഷിക്കാൻ ശ്രമം നടത്തിയ ആളാണ് കേരളത്തിന്റെ ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ. സാമ്പത്തിക കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ കടുത്ത അവഗണന നേരിടുമ്പോഴും കേരളത്തെ വീണ്ടെടുക്കാനും ജനജീവിതത്തിൽ ക്ലേശങ്ങൾ പ്രതിഫലിക്കാതിരിക്കാനും കേരളം നടത്തിയ ആസൂത്രണവും ഇടപെടലുകളും ലോകത്തിന് മാതൃകയാണ്. ഇപ്പോൾ ഈ കോവിഡ് കാലത്ത് ലോകരാഷ്ട്രങ്ങളാകെ കടുത്ത തകർച്ചയിലാണ്. സമ്പന്ന രാജ്യമായ അമേരിക്കയിൽ ചികിത്സിക്കാൻ പോലും പണമില്ലാതെ ലക്ഷക്കണക്കിന് ആളുകൾ ഇൻഷുറൻസിന് അപേക്ഷിച്ചു കാത്തു നിൽക്കുമ്പോഴും കേരളത്തിലെ ഗവ. ആശുപത്രികളിൽ ആയിരക്കണക്കിന് ആളുകൾക്ക് സൗജന്യ ചികിത്സ നൽകി മാതൃക കാണിച്ചു കൊണ്ടിരിക്കുകയാണ്. കോവിഡ് ചികിത്സയ്ക്ക് മാത്രം എത്ര കോടി രൂപയാണ് ആണ് ഇതുവരെ ചിലവഴിച്ചത് എന്നത് നമുക്ക് പിന്നീട് വിലയിരുത്താം. ഇപ്പോൾ അതിന്റെ സമയമില്ല. ജീവൻ രക്ഷിക്കുകയാണ് അടിയന്തര ലക്ഷ്യം. മുഖ്യമന്ത്രിക്കുനേരെ ആക്രോശിക്കുന്നവർ നാടിന്റെ രക്ഷാകവചം തകർക്കുകയാണെന്ന് ഓർക്കണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com