സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ യുവാവ് പികെ  കുഞ്ഞാലിക്കുട്ടിയുടെ ബന്ധു; വിമാനത്താവളം വഴി  ആറ് തോക്കുകള്‍ കടത്തി

കെടി റമീസ് തോക്കുകടത്ത് കേസിലും പ്രതി - രണ്ട് ബാഗുകളിലായി കൊണ്ടുവന്നത് ആറ് റൈഫിളുകള്‍
സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ യുവാവ് പികെ  കുഞ്ഞാലിക്കുട്ടിയുടെ ബന്ധു; വിമാനത്താവളം വഴി  ആറ് തോക്കുകള്‍ കടത്തി

മലപ്പുറം: സ്വര്‍ണക്കടത്ത് കേസില്‍ ഒരാള്‍ കൂടി പിടിയില്‍. മലപ്പുറം പെരിന്തര്‍മണ്ണ സ്വദേശി കെടി റമീസിനെയാണ് കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തത്. സന്ദീപ് നായരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. റമീസിന് വേണ്ടിയാണ് സ്വര്‍ണം കടത്തിയതെന്നാണ് കസ്റ്റംസിന് വിവരം ലഭിച്ചിരുന്നു.

നേരത്തെ തോക്ക് നെടുമ്പാശേരി വിമാനംവഴി കടത്തിയിരുന്നു. പാലക്കാട് റൈഫിള്‍ അസോസിയേഷനായി കൊണ്ടുവന്നതെന്ന് പറഞ്ഞായിരുന്നു അന്ന് രക്ഷപ്പെട്ടത്. തൊട്ടുപിന്നാലെ കസ്റ്റംസ് നടത്തിയ പരിശോധനയില്‍ ഇയാളുടെ കളവ് കണ്ടെത്തുകയായിരുന്നു. രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ റമീസിന് അത് നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. ആറ് തോക്കുകളാണ് കേരളത്തില്‍ എത്തിച്ചത്. ഇയാള്‍ മുസ്ലീം ലീഗ് എംപി പികെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവാണ്. ഇയാളെ കൊച്ചിയിലെ കസ്റ്റംസ് ഓഫിസില്‍ എത്തിച്ചു. വിശദമായ ചോദ്യം ചെയ്യലിനു ശേഷം കോടതിയില്‍ ഹാജരാക്കും.

ശനിയാഴ്ച രാത്രി ബെംഗളൂരുവില്‍ പിടിയിലായ മുഖ്യപ്രതികളായ സ്വപ്ന സുരേഷിന്റെയും സന്ദീപിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളുമായി എന്‍ഐഎ സംഘം ഞായറാഴ്ച ഉച്ചയോടെ കേരളത്തിലെത്തും. ശനിയാഴ്ച വൈകിട്ട് ഏഴോടെ ബെംഗളൂരുവിലെ അപ്പാര്‍ട്‌മെന്റ് ഹോട്ടലില്‍ നിന്നാണ് ഇരുവരും പിടിയിലായത്. എന്‍ഐഎ ഹൈദരാബാദ് യൂണിറ്റാണ് അറസ്റ്റ് ചെയ്തത്.

ഡൊംലൂര്‍ എന്‍ഐഎ ഓഫിസിലാണ് സ്വപ്നയെയും സന്ദീപിനെയും ചോദ്യം ചെയ്യാന്‍ എത്തിച്ചത്. മുഖത്ത് ചില മാറ്റങ്ങള്‍ വരുത്തിയാണ് സ്വപ്ന സുരേഷും സന്ദീപും ഒളിവില്‍ പോയതെന്നു സൂചനയുണ്ട്. ഉച്ചയോടെ സ്വപ്നയുടെ മകളുടെ ഫോണ്‍ ഓണ്‍ ചെയ്തതില്‍ നിന്നു ലഭിച്ച സൂചന എന്‍ഐഎ ഹൈദരാബാദ് യൂണിറ്റിനു കൈമാറുകയും ഇവരെ വലയിലാക്കുകയുമായിരുന്നു എന്നാണ് വിവരം.

കേസില്‍ തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ മുന്‍ പിആര്‍ഒ സരിത് അറസ്റ്റിലായതിനു തൊട്ടുപിന്നാലെ ഒളിവില്‍ പോയ സ്വപ്ന കഴിഞ്ഞ ദിവസം വരെ കേരളത്തില്‍ തന്നെ ഉണ്ടായിരുന്നതായാണ് അറിയുന്നത്. മുന്‍കൂര്‍ ജാമ്യം തേടുന്നതിന് അഭിഭാഷകന് വക്കാലത്ത് നല്‍കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ക്കായി കൊച്ചിയിലും എത്തിയിരുന്നു. കേസ് എന്‍ഐഎ ഏറ്റെടുത്തതിനു പിന്നാലെയാണ് ഇവര്‍ ബെംഗളൂരുവിലേക്കു കടന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com