കേരളം രോഗവ്യാപനത്തിന്റെ മൂന്നാംഘട്ടത്തില്‍; അടുത്തഘട്ടം സമൂഹവ്യാപനം; ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി

ഈ വര്‍ഷാവസാനത്തോടെ മാത്രമേ രോഗ നിയന്ത്രണം കൈവരിക്കാന്‍ കഴിയൂ എന്നതാണ് വിലയിരുത്തല്‍
കേരളം രോഗവ്യാപനത്തിന്റെ മൂന്നാംഘട്ടത്തില്‍; അടുത്തഘട്ടം സമൂഹവ്യാപനം; ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ലോകാരോഗ്യസംഘടനയുടെ മാനദണ്ഡമനുസരിച്ച് രോഗവ്യാപനത്തിന് നാല് ഘട്ടങ്ങളാണുള്ളതെന്നും കേരളം മൂന്നാം ഘട്ടത്തിലാണെത്തി നില്‍ക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.  'ലോകാരോഗ്യസംഘടനയുടെ മാനദണ്ഡമനുസരിച്ച് രോഗവ്യാപനത്തിന് നാല് ഘട്ടങ്ങളാണുള്ളത്. 1.രോഗികളില്ലാത്ത സ്ഥിതി. 2. പുറമെനിന്ന് രോഗികളെത്തി സമൂഹത്തിലെ ചിലരിലേക്ക് രോഗം പകരുന്ന ഘട്ടമായ സ്‌പൊറാഡിക്ക്. 3. ചില ജനവിഭാഗങ്ങളിലും പ്രദേശങ്ങളിലും കേന്ദ്രീകരിച്ചുള്ള രോഗവ്യാപനം ക്ലസ്റ്റഴ്‌സ് 4. വ്യാപകമായ സമൂഹവ്യാപനം എന്നിവയാണ് ഈ നാല് ഘട്ടങ്ങള്‍.' കേരളം മൂന്നാം ഘട്ടത്തില്‍ എത്തിനില്‍ക്കുകയാണെന്നും അടുത്തഘട്ടം സമൂഹവ്യാപനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

'മലപ്പുറത്തും തിരുവനന്തപുരത്തും മറ്റ് പല ജില്ലകളിലും മൂന്നാം ഘട്ടത്തില്‍ കാണുന്നതുപോലുള്ള ക്ലസ്റ്ററുകള്‍ രൂപപ്പെട്ടു വന്നിട്ടുണ്ട്. അടുത്ത ഘട്ടം സമൂഹ വ്യാപനമാണ്. സമൂഹ വ്യാപനം തടയുന്നതിനായി നമ്മള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. നിപ ഒരു മാസമാണ് നീണ്ടു നിന്നത്. അത് നമുക്ക് വിജയകരമായി നിയന്ത്രിക്കാനായി. കോവിഡ് നിയന്ത്രണം നാം തുടങ്ങിയിട്ട് ആറു മാസമായി. ലോകത്തെ പലയിടങ്ങളിലും ഓരോ ദിവസം കഴിയുന്തോറും രോഗവ്യാപനം കൂടുകയാണ്. ഈ വര്‍ഷാവസാനത്തോടെ മാത്രമേ രോഗ നിയന്ത്രണം കൈവരിക്കാന്‍ കഴിയൂ എന്നതാണ് വിലയിരുത്തല്‍.

ഇത്ര ദീര്‍ഘകാലം കഠിനമായി പരിശ്രമിക്കേണ്ടി വരുന്ന ആരോഗ്യപ്രവര്‍ത്തകരില്‍ സ്വാഭാവികമായും വരുന്ന തളര്‍ച്ച  നാം കാണേണ്ടതുണ്ട്. അതുപോലെ രോഗപ്രതിരോധ നടപടികളില്‍ ഉദാസീന സമീപനം നാട്ടുകാരില്‍ ചിലരും സ്വീകരിക്കുന്നു.സമ്പര്‍ക്കത്തിലൂടെയുള്ള വ്യാപനത്തിനുള്ള കാരണം നമ്മുടെ അശ്രദ്ധയാണ്.' കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ടു പോകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com