രണ്ടാളില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെ 53 പേര്‍ക്ക് കോവിഡ്; 26 പേരുടെ ഉറവിടം തിരിച്ചറിയാനായില്ലെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് സമ്പര്‍ക്കംമൂലവും ഉറവിടമറിയാത്തതുമായ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കയ്ക്കിടയാക്കുന്നു
രണ്ടാളില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെ 53 പേര്‍ക്ക് കോവിഡ്; 26 പേരുടെ ഉറവിടം തിരിച്ചറിയാനായില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പര്‍ക്കംമൂലവും ഉറവിടമറിയാത്തതുമായ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കയ്ക്കിടയാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തുടനീളം കടുത്ത ജാഗ്രത വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മലപ്പുറത്തും തിരുവനന്തപുരത്തും മറ്റു ചില ജില്ലകളിലും ഇതിനോടകം തന്നെ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടുവന്നിട്ടുണ്ട്. ഇവിടങ്ങളില്‍ അടുത്ത ഘട്ടം സാമൂഹിക വ്യാപനമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കോവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

തിരുവനന്തപുരത്ത് 201 പേര്‍ക്കാണ് ഇന്ന് മാത്രം രോഗബാധിച്ചവരായി കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ 158 പേര്‍ക്കും സമ്പര്‍ക്കംമൂലമാണ് രോഗം ബാധിച്ചിട്ടുള്ളത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തിരുവനന്തപുരത്ത് സമ്പര്‍ക്കംവഴി രോഗബാധിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചുവരികയാണ്. പൂന്തുറ, കൊട്ടക്കല്‍,പുല്ലുവിള, വെങ്ങാനൂര്‍ ക്ലസ്റ്ററുകളിലാണ് സമ്പര്‍ക്കം വ്യാപിക്കുന്നത്. നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ജില്ലയില്‍ ഇന്ന് രോഗംസ്ഥിരീകരിച്ചിട്ടുണ്ട്. 19 പേരുടെ രോഗ ഉറവിടം കണ്ടെത്തിയിട്ടില്ല. അഞ്ചുതെങ്ങ്, പാറശ്ശാല പഞ്ചായത്തിലെ എല്ലാവാര്‍ഡുകളും പുതിയ കണ്ടെയിന്‍മെന്റ് സോണുകളിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആര്യനാട് പഞ്ചായത്തിനെ പൂര്‍ണ്ണമായും നിലവിലെ സാഹചര്യം തൃപ്തികരമായതിനാല്‍ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നൊഴിവാക്കി. 

എറണാകുളം ജില്ലയിലെ സമ്പര്‍ക്കംമൂലം രോഗബാധ വ്യാപിച്ച ചെല്ലാനം ആലുവ, കീഴ്മാട് പഞ്ചായത്ത് എന്നിവിടങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ചെല്ലാനത്ത് ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചു. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ റാപ്പിഡ് ആക്ഷന്‍ ടീമിനെ നിയോഗിച്ചു.റേഷന്‍ സാധനങ്ങളും അവശ്യസാധനങ്ങളും എത്തിക്കുന്നതിനുള്ള സംവിധാനം ഒരുക്കി. ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ഒരുക്കാനുള്ള നടപടിയും ആരംഭിച്ചു. സമീപപ്രദേശങ്ങളിലും ആരോഗ്യ വകുപ്പ് നിരീക്ഷിക്കുന്നുണ്ട്.

കോഴിക്കോട് ജില്ലയില്‍ തൂണേരി പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇവിടെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ രണ്ടു പേരില്‍ നിന്നാണ് 53 പേര്‍ക്ക് രോഗബാധയുണ്ടായിട്ടുള്ളത്. ഒരു സ്ത്രീക്കും പുരുഷനുമാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ മുഴുവന്‍ ആന്റിജന്‍ ടെസ്റ്റിന് വിധേയമാക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

ആലപ്പുഴയില്‍ ഇന്ന് 34 പേര്‍ക്ക് രോഗബാധയുണ്ടായി. അതില്‍ 15 ഉം സമ്പര്‍ക്കത്തിലൂടെയാണ്. ഉറിവടമറിയാത്ത രണ്ടു പേരുമുണ്ട്. കായകുളം നഗരസഭ, ചേര്‍ത്തല താലൂക്ക്, ആറാട്ടുപുഴ, നൂറനാട്, പാലമേല്‍, താമരകുളം, പുളിങ്കുന്ന് എന്നീ പഞ്ചായത്തുകള്‍ പൂര്‍ണ്ണമായും കണ്ടെയിന്‍മെന്റ് സോണുകളാക്കി. കൂടുതല്‍ പേര്‍ക്ക് രോഗംബാധിച്ച ഐടിബിപി നൂറനാട്, കായംകുളം, ചേര്‍ത്തല താലൂക്കിലെ പള്ളിത്തോട്, എഴുപുന്ന ഈ പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണവും നിരീക്ഷണവും വ്യാപക കോവിഡ് പരിശോധനകളും നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com