ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് ; പരിചയപ്പെട്ടത് സ്വപ്‌ന വഴിയെന്ന് സരിത്ത് ; ഫ്ലാറ്റ് കേന്ദ്രീകരിച്ച് അന്വേഷണം

സ്വര്‍ണക്കടത്തിന്റെ ഗൂഢാലോചന നടന്നത് സെക്രട്ടേറിയറ്റിന് തൊട്ടടുത്തുള്ള ശിവശങ്കറിന്റെ ഫ്‌ലാറ്റില്‍ വെച്ചാണെന്ന് സരിത്ത് മൊഴി നല്‍കി
ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് ; പരിചയപ്പെട്ടത് സ്വപ്‌ന വഴിയെന്ന് സരിത്ത് ; ഫ്ലാറ്റ് കേന്ദ്രീകരിച്ച് അന്വേഷണം


തിരുവനന്തപുരം : തിരുവനന്തപുരം സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന കസ്റ്റംസ് സംഘം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ ചോദ്യം ചെയ്യും. ഇതിനുള്ള നടപടികള്‍ കസ്റ്റംസ് ആരംഭിച്ചു. ശിവശങ്കറോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കൊച്ചിയില്‍ എത്താനാണ് നിര്‍ദേശം നല്‍കുക. കേസില്‍ അറസ്റ്റിലായ സരിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറെ വിളിച്ചുവരുത്തുന്നത്.

സ്വര്‍ണക്കടത്തിന്റെ ഗൂഢാലോചന നടന്നത് സെക്രട്ടേറിയറ്റിന് തൊട്ടടുത്തുള്ള ശിവശങ്കറിന്റെ ഫ്ലാറ്റില്‍ വെച്ചാണെന്ന് സരിത്ത് മൊഴി നല്‍കിയിരുന്നു. സരിത്ത്, സ്വപ്‌ന, സന്ദീപ് എന്നിവര്‍ ഫ്ലാറ്റില്‍ സ്ഥിരമായി ഒത്തുകൂടാറുണ്ടായിരുന്നു. ജൂണ്‍ 30 ന് മാത്രമല്ല, ഇതിന് മുമ്പു നടന്ന കടത്തിനും ഗൂഢാലോചന നടന്നത്  ഈ ഫ്ലാറ്റില്‍ വെച്ചാണ്. സ്വപ്‌ന വഴിയാണ് ശിവശങ്കറുമായി പരിചയപ്പെട്ടത്. ഗൂഢാലോചനയില്‍ ശിവശങ്കറിന് പങ്കില്ലെന്നും സരിത്ത് മൊഴി നല്‍കിയിട്ടുണ്ട്.

ഫ്ലാറ്റില്‍ കസ്റ്റംസ് നടത്തിയ പരിശോധനയില്‍ വാഹന രജിസ്റ്റര്‍, സന്ദര്‍ശക രജിസ്റ്റര്‍ തുടങ്ങിയ കസ്റ്റഡിയിലെടുത്തിരുന്നു. ഈ രേഖകളുടെ പരിശോധനയില്‍ ഇവരെത്തിയ തീയതികളും സമയവും അടക്കമുള്ള തെളിവുകൾ ലഭിച്ചു. കൂടാതെ ഫ്ലാറ്റിന്റെ കെയര്‍ടേക്കര്‍, സെക്യൂരിറ്റി ജീവനക്കാര്‍ എന്നിവരുടെ മൊഴികളും കസ്റ്റംസ് എടുത്തിട്ടുണ്ട്.

കൂടാതെ നിര്‍ണായക സിസിടിവി ദൃശ്യങ്ങളും കസ്റ്റംസിന് ലഭിച്ചതായി സൂചനയുണ്ട്. ഇതില്‍ പ്രതികളായ മൂന്നുപേരും വരുന്നതും, ഇവര്‍ ശിവശങ്കറിന് ഒപ്പമുള്ളതുമായ ദൃശ്യങ്ങള്‍ കസ്റ്റംസിന് ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് ആക്ടിലെ 108 വകുപ്പ് പ്രകാരം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ച് ശിവശങ്കറിന് നോട്ടീസ് നല്‍കാനാണ് തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com