11 ജില്ലകളിലും ക്ലസ്റ്ററുകള്‍, ഉറവിടം അറിയാത്ത കേസുകള്‍ക്കൊപ്പം ക്ലസ്റ്ററുകളും കൂടുന്നത് ഭീഷണി

നിലവില്‍ 51 ക്ലസ്റ്ററുകളാണ് സംസ്ഥാനത്തുള്ളത്. കഴിഞ്ഞ ദിവസം വടകരയിലും തൂണേരിയിലും ക്ലസ്റ്ററുകളായിരുന്നു
11 ജില്ലകളിലും ക്ലസ്റ്ററുകള്‍, ഉറവിടം അറിയാത്ത കേസുകള്‍ക്കൊപ്പം ക്ലസ്റ്ററുകളും കൂടുന്നത് ഭീഷണി

തിരുവനന്തപുരം: സമ്പര്‍ക്ക വ്യാപനം ഉയര്‍ന്നതോടെ സംസ്ഥാനത്തിന് ആശങ്കയായി കോവിഡ് ക്ലസ്റ്ററുകള്‍. നിലവില്‍ 51 ക്ലസ്റ്ററുകളാണ് സംസ്ഥാനത്തുള്ളത്. കഴിഞ്ഞ ദിവസം വടകരയിലും തൂണേരിയിലും ക്ലസ്റ്ററുകളായിരുന്നു. 

ക്ലസ്റ്ററുകള്‍ക്കൊപ്പം ഉറവിടം അറിയാത്ത കേസുകളും കൂടുന്നതോടെ സമൂഹ വ്യാപന ആശങ്ക ശക്തമാവുകയാണ്. നിലവില്‍ വിവിധ തരത്തില്‍ തരം തിരിച്ചുള്ള എല്ലാ ക്ലസ്റ്ററുകളും സംസ്ഥാനത്ത് രൂപപ്പെട്ട് കഴിഞ്ഞു.  തീരപ്രദേശത്തു മാത്രമാണു ആദ്യ ഘട്ടത്തിൽ ക്ലസ്റ്ററുകൾ കണ്ടെത്തിയതെങ്കിൽ കഴിഞ്ഞ 2 ദിവസങ്ങളിലായി തീരവുമായി ഒരു ബന്ധവുമില്ലാത്ത മേഖലകളിലും രോഗം പടർന്നതായി കണ്ടെത്തി. തിരിച്ചറിഞ്ഞ 51 ക്ലസ്റ്ററുകളിൽ 33 എണ്ണത്തിൽ ഇപ്പോഴും രോഗ വ്യാപനം ശക്തമാണ്. 

18 ക്ലസ്റ്ററിൽ രോഗവ്യാപനം നിയന്ത്രണത്തിലാണ്. തിരുവനന്തപുരത്ത് 5 ക്ലസ്റ്ററിലുളള ആകെ രോഗികളിൽ 84%, എറണാകുളത്തെ 5 ക്ലസ്റ്ററിലുളള 59% പേരും സമ്പർക്കം വഴി രോഗം വന്നവരാണ്. പ്രാദേശികമായി പടര്‍ന്ന് 50ന് മുകളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററാണ് ഏറ്റവും അപകടകരം. പൊന്നാനിയും പൂന്തുറയുമാണ് നിലവില്‍ ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്റര്‍. 50ല്‍ അധികം പേരിലേക്ക് രോഗം പടര്‍ന്ന തൂണേരിയിലും ഇതേ അവസ്ഥ തുടര്‍ന്നാല്‍ ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററാവും. 

ചെല്ലാനവും ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററായേക്കും എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. പ്രാദേശിക വ്യാപനമുണ്ടായ ചെറിയ പ്രദേശങ്ങളാണ് ലിമിറ്റഡ് കമ്യൂണിറ്റി ക്ലസ്റ്ററുകള്‍. സംസ്ഥാനത്ത് നിലവില്‍ 27 ലിമിറ്റഡ് കമ്യൂണിറ്റി ക്ലസ്റ്ററുകളാണ് ഉള്ളത്. ജവാന്മാരില്‍ രോഗം പടര്‍ന്നുപിടിച്ച കണ്ണൂരിലെ സഐഎസ്എഫ് ക്യാംമ്പ്, ഡിഎസ്സി ക്യാമ്പ്, ആലപ്പുഴ നൂറനാട് ഐടിബിപി എന്നിവ ക്ലോസ്ഡ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകളാണ്. 

ആശുപത്രികളിലും ഫ്‌ലാറ്റുകളിലും ഓഫീസുകളിലും രോഗം പടര്‍ന്നുപിടിച്ച ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്ലസ്‌റററായി 3 സ്ഥലങ്ങള്‍ സംസ്ഥാനത്ത് രൂപപ്പെട്ടു. 12 ക്ലസ്റ്ററുകളെ കണ്ടെയിന്മെന്റ് നടപടികളിലൂടെ ഇതിനോടകം ഇല്ലാതാക്കാന്‍ കഴിഞ്ഞു. കാസര്‍ഗോഡ്, വയനാട് ജില്ലകളാണ് ഇങ്ങനെ പൂര്‍ണമായും ക്ലസ്റ്റര്‍ മുക്തമായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com