കോഴിക്കോട് ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍; കൊയിലാണ്ടി, ചോമ്പാല ഹാര്‍ബറുകള്‍ അടച്ചു

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ എല്ലാ ഞായറാഴ്ചകളിലും കോഴിക്കോട് ജില്ലയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട് : കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ എല്ലാ ഞായറാഴ്ചകളിലും കോഴിക്കോട് ജില്ലയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ജില്ലയില്‍ സമ്പര്‍ക്ക രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്. കൊയിലാണ്ടി, ചോമ്പാല ഹാര്‍ബറുകളുടെ പ്രവര്‍ത്തനവും നിരോധിച്ചു.

കോഴിക്കോട് നാദാപുരം തൂണേരിയില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. തൂണേരിയില്‍ 43 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രണ്ടുദിവസത്തിനിടെ തൂണേരിയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം  93 ആയി ഉയര്‍ന്നു. തൂണേരി പഞ്ചായത്ത് പ്രസിഡന്റിനും ഏതാനും പഞ്ചായത്ത് അംഗങ്ങള്‍ക്കും കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. 

 ആന്റിജന്‍ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. മൂന്നുദിവസം മുമ്പ് രണ്ടുപേരിലാണ് ആദ്യം രോഗം കണ്ടെത്തിയത് . ഇവരില്‍ നിന്നും രോഗം പകര്‍ന്നതാണെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. തൂണേരി മേഖലയിലെ രോഗബാധിതരില്‍ 4 മാസം പ്രായമുള്ള ആണ്‍കുട്ടി മുതല്‍ 71 വയസ്സുകാരന്‍ വരെ ഉള്‍പ്പെടുന്നു. തൂണേരി, നാദാപുരം മേഖലയിലെ 50 പേര്‍ ഉള്‍പ്പെടെ ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 53 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്.

വടകര മേഖലയില്‍ 16 പേര്‍ക്ക് കൂടി രോഗബാധ കണ്ടെത്തിയിട്ടുണ്ട്. കൂടുതലും വ്യാപാരികളാണ്. നഗരസഭാ പ്രദേശത്ത് പതിമൂന്നും വില്യാപ്പള്ളി പഞ്ചായത്തില്‍ മൂന്നും ആളുകള്‍ക്ക് കോവിഡ് പോസിറ്റീവ് എന്നു കണ്ടെത്തിയത്. ഇവരെ മെഡിക്കല്‍ കോളജിലേക്ക് കൂടുതല്‍ പരിശോധനയ്ക്ക് കൊണ്ടു പോയി. അടയ്ക്കാത്തെരു കൊപ്ര മാര്‍ക്കറ്റിലും കുലച്ചന്തയിലും ജോലി ചെയ്യുന്നവര്‍ക്ക് കോവിഡ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നലെ നഗരത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ കണ്ടെത്തിയത്.

കൂടുതല്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ നഗരത്തില്‍ കണ്ടെയ്ന്‍മെന്റ് സോണാക്കിയ 10 വാര്‍ഡില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. വില്യാപ്പള്ളി പഞ്ചായത്തിലെ 2 വാര്‍ഡിലും നിയന്ത്രണമുണ്ട്. കണ്ടെയ്ന്‍മെന്റ് സോണായ തൂണേരി, പുറമേരി പഞ്ചായത്തുകളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു.   ടൗണ്‍ വാര്‍ഡിലെ മത്സ്യ മാര്‍ക്കറ്റും കടകളും അടപ്പിച്ചു. മെഡിക്കല്‍ ഷോപ്പും അവശ്യ സാധനം വില്‍ക്കുന്ന കടകളും മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com