പ്ലസ്ടു സര്‍ട്ടിഫിക്കറ്റില്‍ മാറ്റം, വിദ്യാര്‍ഥിയുടെ ഫോട്ടോയും മാതാപിതാക്കളുടെ പേരും; പുനര്‍മൂല്യ നിര്‍ണയത്തതിന്  21 വരെ അപേക്ഷിക്കാം

പ്ലസ് വണ്‍ പരീക്ഷയുടെ മൂല്യനിര്‍ണയം പൂര്‍ത്തിയായി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ഇത്തവണ പ്ലസ്ടു പരീക്ഷ സര്‍ട്ടിഫിക്കറ്റില്‍ മാറ്റം. വിദ്യാര്‍ഥിയുടെ ഫോട്ടോയും ജനനത്തീയതിയും മാതാപിതാക്കളുടെ പേരും ഉള്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് മാധ്യമങ്ങളോട് പറഞ്ഞു. സേ പരീക്ഷ പിന്നീട് പ്രഖ്യാപിക്കും.പ്ലസ്ടു പരീക്ഷയുടെ പുനര്‍മൂല്യ നിര്‍ണയത്തതിന് ഈ മാസം 21 വരെ അപേക്ഷിക്കാം. പ്ലസ് വണ്‍ പരീക്ഷയുടെ മൂല്യനിര്‍ണയം പൂര്‍ത്തിയായി. ഈ മാസം തന്നെ ഫലം പ്രസിദ്ധീകരിക്കുമെന്നും രവീന്ദ്രനാഥ് അറിയിച്ചു.

കോവിഡ് വ്യാപനത്തിനിടെ നടന്ന പ്ലസ്ടു പരീക്ഷയില്‍ മുന്‍ വര്‍ഷത്തേക്കാള്‍ മികച്ച വിജയമാണ് നേടിയത്. 85.13 ശതമാനം വിജയമാണ് നേടിയത്. 3,19,782 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടിയതായി വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. കഴിഞ്ഞ വര്‍ഷം വിജയ ശതമാനം 84.33 ശതമാനമായിരുന്നു. ഇത്തവണ 18,510  വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് ലഭിച്ചു. മുന്‍ വര്‍ഷം ഇത് 14,244 ആയിരുന്നുവെന്നും വിദ്യാഭ്യാസ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

3,75, 655 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. സര്‍ക്കാര്‍ സ്‌കൂളുകളിലെ വിജയശതമാനം 82.19 ശതമാനമാണ്. എയ്ഡഡ് സ്‌കൂളുകളില്‍ ഇത് 88.01 ശതമാനമാണ്. അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ വിജയ ശതമാനം 81.33 ശതമാനമാണെന്നും മന്ത്രി അറിയിച്ചു.

234 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും ഫുള്‍ മാര്‍ക്ക് നേടി. 1200 മാര്‍ക്ക്. 114 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. കഴിഞ്ഞ വര്‍ഷം 79 ആയിരുന്നു. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടിയത് എറണാകുളം ജില്ലയിലാണ്. കാസര്‍കോട് ജില്ലയാണ് ഏറ്റവും താഴെ. മലപ്പുറം ജില്ലയിലാണ് ഏറ്റവുമധികം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയത്. ഏറ്റവുമധികം എ പ്ലസ് ഗ്രേഡും മലപ്പുറത്തെ വിദ്യാര്‍ഥികള്‍ക്കാണ്. 2234 പേര്‍ക്കാണ് എ പ്ലസ് ഗ്രേഡ് ലഭിച്ചത്. 

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ വിജയശതമാനം 81.8 ശതമാനമാണ്. വയനാട്ടിലാണ് ഏറ്റവും ഉയര്‍ന്ന വിജയശതമാനം. കാസര്‍കോടാണ് പിന്നിലെന്നും മന്ത്രി അറിയിച്ചു.

പരീക്ഷാഫലം ഡിഎച്ച്എസ്ഇ(ഡയറക്ടറേറ്റ് ഓഫ് ഹയര്‍ സെക്കന്‍ഡറി എജ്യുക്കേഷന്‍) ഔദ്യോഗിക വെബ്‌സൈറ്റുകളായ http://keralaresults.nic.in, http://results.itschool.gov.in, http://dhsekerala.gov.in, http://prd.kerala.gov, http://www.results.kite.kerala.gov.in, http://www.kerala.gov.inഎന്നിവയില്‍ പ്രസിദ്ധീകരിച്ചു.
സഫലം 2020,  ഇന്‍ഫര്‍മേഷന്‍ പബഌക് റിലേഷന്‍സ് വകുപ്പിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പിആര്‍ഡി ലൈവ് എന്നിവ വഴിയും ഫലം ലഭിക്കും. 

മാര്‍ച്ച് പകുതിയോടെ ആരംഭിച്ച ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ കോവിഡിനെ തുടര്‍ന്ന് പകുതിക്ക് മുടങ്ങിയിരുന്നു. പിന്നീട് മെയ് അവസാനവാരം പുനരാരംഭിച്ച പരീക്ഷ മെയ് 29ന് അവസാനിച്ചു. ജൂലൈ ആദ്യം ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ ഫലം പ്രഖ്യാപിക്കാനായിരുന്നു വിദ്യാഭ്യാസവകുപ്പ് ലക്ഷ്യമിട്ടതെങ്കിലും തിരുവനന്തപുരം നഗരത്തില്‍ അപ്രതീക്ഷിതമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പ്രഖ്യാപനം  വൈകുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com