സപ്ലൈകോ ഓണ്‍ലൈന്‍ വിതരണത്തിലേക്ക്; ആഗസ്‌റ്റോടെ വീടുകളില്‍; 'പ്രവാസി സ്‌റ്റോറുകളും'

ആഗസ്‌റ്റോടെ സംസ്ഥാനത്താകെ വ്യാപിപ്പിക്കാന്‍ സപ്ലൈകോയുടെ തീരുമാനം 
സപ്ലൈകോ ഓണ്‍ലൈന്‍ വിതരണത്തിലേക്ക്; ആഗസ്‌റ്റോടെ വീടുകളില്‍; 'പ്രവാസി സ്‌റ്റോറുകളും'


കൊച്ചി: കോവിഡിന്റെ പശ്ചാത്തലത്തില്‍ സപ്ലൈകോ ആസ്ഥാനത്തും എറണാകുളം പട്ടണത്തിലും നടപ്പിലാക്കിയ ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ സംവിധാനം ആഗസ്‌റ്റോടെ സംസ്ഥാനത്താകെ വ്യാപിപ്പിക്കാന്‍ സപ്ലൈകോയുടെ സംസ്ഥാന ബോര്‍ഡ് യോഗത്തില്‍ തീരുമാനിച്ചു. സപ്ലൈകോ ലഭ്യമാക്കുന്ന ആപ്പുകള്‍ വഴി ബന്ധപ്പെട്ടാല്‍ ഭക്ഷ്യവസ്തുക്കള്‍ വീടുകളിലെത്തിക്കുന്ന സംവിധാനമാണിത്. വീടുകളില്‍ ഭക്ഷ്യവസ്തുക്കളെത്തിക്കുന്നതിനുള്ള ഗതാഗത ചെലവു മാത്രമെ ഈടാക്കുകയുള്ളൂവെന്നും വീഡിയോ കോണ്‍ഫറന്‍സില്‍  വ്യക്തമാക്കി. മൂന്നോളം ആപ്പുകളിലൂടെ സപ്ലൈകോ അവശ്യവസ്തുക്കള്‍ വീടുകളില്‍ എത്തിക്കും. പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ ചെയ്ത ആപ്പുകളും നിലവിലുള്ള ഭക്ഷ്യ വിതരണ ആപ്പുകളും ഇതിനായി ഉപയോഗിക്കും.

ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങളും സപ്ലൈകോ വില്പനശാലകളില്‍ വില്പനക്കായി വയ്ക്കുന്നതിന് ബന്ധപ്പെട്ട കമ്പനികളില്‍ നിന്ന് ആഗസ്റ്റു മുതല്‍ ബ്രാന്‍ഡ് ലിഫ്റ്റിങ് ഫീസായി 2000 രൂപ നിരക്കില്‍ഈടാക്കും. ഒരു കമ്പനിയുടെ ഉല്പന്നങ്ങള്‍ മാത്രം പ്രത്യേകം വില്പനക്കായി വയ്ക്കുന്നതിന് പ്രിഫേര്‍ഡ് ഷെല്‍ഫിങ് ഫീസായി 2000 രൂപ ഈടാക്കും.ഈ ഇനങ്ങളില്‍ 400 കോടി രൂപയുടെ വരുമാനം സപ്ലൈകോ പ്രതീക്ഷിക്കുന്നു..

സപ്ലൈകോയുടെ വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന വിവിധ സോഫ്റ്റ് വെയറുകള്‍ക്കു പകരം എല്ലാ ആവശ്യങ്ങളും നിറവേറ്റുന്ന ഒറ്റ സോഫ്റ്റ് വെയറായ ഇ.ആര്‍.പി സൊലൂഷനുപയോഗിക്കാന്‍ 3.56 കോടി രൂപ ചെലവഴിക്കും.സംസ്ഥാനത്ത് എത്തുന്ന പ്രവാസികള്‍ക്ക് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് സപ്ലൈകോ ഉല്‍പ്പന്നങ്ങള്‍ വില്ക്കുന്നതിനുള്ള പ്രവാസിസ്‌റ്റോര്‍ ആരംഭിക്കുന്നതിനു് അവസരം നല്‍കുന്ന സംരംഭമാണ് പ്രവാസി സ്‌റ്റോര്‍.

സപ്ലൈകോയിലെ ഫയല്‍ നടപടിക്രമങ്ങളിലെ കാലതാമസം ഒഴിവാക്കാന്‍ ഡിജിറ്റല്‍ ഡോക്യുമെന്റ് ഫയല്‍ സിസ്റ്റത്തിലേക്ക് മാറുന്നതിന് ബോര്‍ഡ് യോഗം തീരുമാനിച്ചു. ഇതിനായി 1.9കോടി രൂപയാണ് ചെലവഴിക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com