സ്വപ്‌ന അടുത്ത സുഹൃത്ത് ; പ്രതികളുമായി അടുപ്പമുണ്ടെന്ന് സമ്മതിച്ച് ശിവശങ്കര്‍ ; ചര്‍ച്ചകളില്‍ ജയശങ്കറും പങ്കാളി

സ്വപ്‌നയാണ് സരിത്തിനെയും സന്ദീപിനെയും പരിചയപ്പെടുത്തിയത്. സ്വപ്‌നയുമായി പലതവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്
സ്വപ്‌ന അടുത്ത സുഹൃത്ത് ; പ്രതികളുമായി അടുപ്പമുണ്ടെന്ന് സമ്മതിച്ച് ശിവശങ്കര്‍ ; ചര്‍ച്ചകളില്‍ ജയശങ്കറും പങ്കാളി

തിരുവനന്തപുരം : തിരുവനന്തപുരം സ്വര്‍ണക്കടത്തില്‍ പ്രതികളായ മൂന്നുപേരുമായി അടുപ്പമുണ്ടെന്ന് മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കര്‍ സമ്മതിച്ചതായി സൂചന. കസ്റ്റംസിന്റെ ചോദ്യംചെയ്യലിലാണ് ശിവശങ്കര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. സ്വപ്‌ന അടുത്ത സുഹൃത്താണ്. ഔദ്യോഗിക പരിചയമാണ് സൗഹൃദത്തിലേക്ക് മാറിയതെന്നും ശിവശങ്കര്‍ മൊഴി നല്‍കി.

സ്വപ്‌നയാണ് സരിത്തിനെയും സന്ദീപിനെയും പരിചയപ്പെടുത്തിയത്. സ്വപ്‌നയുമായി പലതവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഇവയെല്ലാം സൗഹൃദ കൂടിക്കാഴ്ചയായിരുന്നു എന്ന് ശിവശങ്കര്‍ പറഞ്ഞു. കൂടിക്കാഴ്ചയിലെ ചര്‍ച്ചയുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ കസ്റ്റംസ് ചോദ്യം ചെയ്യലില്‍ ഉന്നയിച്ചു.

എന്നാല്‍ ഇതില്‍ ശിവശങ്കര്‍ മൗനം പാലിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ചോദ്യം ചെയ്യലില്‍ സരിത്ത് വെളിപ്പെടുത്തിയ ചില കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ശിവശങ്കര്‍ വ്യക്തമായ ഉത്തരം നല്‍കാതെ ഒഴിഞ്ഞുമാറിയത്. പ്രതികളുമായിട്ടുള്ളത് സൗഹൃദം മാത്രമാണെന്നും, കള്ളക്കടത്തില്‍ തനിക്ക് ഒരു പങ്കാളിത്തവും ഇല്ലെന്നും ശിവശങ്കര്‍ മൊഴി നല്‍കി.

എന്നാല്‍ ശിവശങ്കറിന്റെ മൊഴി പൂര്‍ണമായും കസ്റ്റംസ് മുഖവിലയ്ക്ക് എടുത്തിട്ടില്ലെന്നാണ് സൂചന. മൊഴിയില്‍ ചില വൈരുദ്ധ്യങ്ങള്‍ ഉണ്ടെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ശിവശങ്കറിനെ കൊച്ചിയില്‍ എത്തിച്ച് വീണ്ടും ചോദ്യംചെയ്‌തേക്കുമെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എംശിവശങ്കറിനെ കസ്റ്റംസ് പത്തുമണിക്കൂറോളമാണ് ചോദ്യംചെയ്തത്. വൈകിട്ട് നാലരയോടെ തുടങ്ങിയ ചോദ്യംചെയ്യല്‍ പുലര്‍ച്ചെ രണ്ടരയോടെയാണ് അവസാനിച്ചത്.

അതിനിടെ ഹെദര്‍ ഹൈറ്റ്‌സ് ഫ്‌ലാറ്റില്‍ കള്ളക്കടത്തുമാഫിയയ്ക്ക് മുറി ബുക്ക് ചെയ്തത് സെക്രട്ടേറിയറ്റ് ജീവനക്കാരനായ അരുണ്‍ ആണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഐടി വകുപ്പില്‍ ശിവശങ്കറിന് കീഴിലുള്ള ഉദ്യോഗസ്ഥന്‍ എന്നുപറഞ്ഞാണ് അരുണ്‍ മുറി ബുക്ക് ചെയ്തത്. കള്ളക്കടത്തുസംഘത്തിന്റെ ചര്‍ച്ചകളില്‍ സ്വപ്‌നയുടെ ഭര്‍ത്താവ് ജയശങ്കറും പങ്കാളിയായിരുന്നുവെന്നും അന്വേഷണസംഘത്തിന് വിവരം ലഭിച്ചു.

ബുക്ക് ചെയ്ത മുറിയിലേക്ക് ആദ്യം എത്തിയത് ജയശങ്കറാണ്. ഇതിന് പിന്നാലെയാണ് സ്വപ്‌നയും സരിത്തും സന്ദീപും റമീസും ഇവിടേക്ക് എത്തുന്നത്. മെയ് മാസത്തിന് ശേഷം നിരവധി തവണ കള്ളക്കടത്തുസംഘം മുറി ബുക്ക് ചെയ്തിരുന്നതായി കണ്ടെത്തി. രാത്രി വൈകുവോളം ചര്‍ച്ച നടന്നിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com