അമേരിക്കയിലെ സ്ഥിതി വിശേഷമായിരുന്നെങ്കില്‍ കേരളത്തില്‍ 14,141 പേര്‍ മരിച്ചേനെ; വീഴ്ചകള്‍ ഉണ്ടായാല്‍ വലിയ ദുരന്തമാകും; മുന്നറിയിപ്പ്

നമ്മുടെ സമൂഹത്തിന്റെ അശ്രാന്ത പരിശ്രമത്തിന്റേയും ജാഗ്രതയുടേയും ഫലമായി കേരളത്തിലെ ഡെത്ത് പെര്‍ മില്യണ്‍ ഒന്നില്‍ കൂടാതെ ഇതുവരെ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞു
അമേരിക്കയിലെ സ്ഥിതി വിശേഷമായിരുന്നെങ്കില്‍ കേരളത്തില്‍ 14,141 പേര്‍ മരിച്ചേനെ; വീഴ്ചകള്‍ ഉണ്ടായാല്‍ വലിയ ദുരന്തമാകും; മുന്നറിയിപ്പ്

തിരുവനന്തുപുരം: കോവിഡ് 19 മഹാമാരിയെ നിസ്സാരവല്‍ക്കരിക്കുന്ന കുറച്ചുപേരെങ്കിലും നമുക്ക് ചുറ്റുമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ രോഗം വന്നു മാറുന്നതാണ് നല്ലതെന്നും വിദേശത്തൊക്കെ ആളുകള്‍ ഒരുമിച്ച് തിങ്ങിപ്പാര്‍ത്തിട്ടും വലിയ കുഴപ്പങ്ങളൊന്നുമുണ്ടായില്ല എന്നുമുള്ള പ്രചരണം നടക്കുന്നുണ്ട്. കാര്യമായ ജാഗ്രതയുടെ ആവശ്യമില്ല എന്നതാണ് ഇത്തരം പ്രചരണങ്ങളുടെ കാതല്‍. പക്ഷേ, ഇവര്‍ പ്രധാനപ്പെട്ട ചില വസ്തുതകള്‍ കാണുന്നില്ല. അല്ലെങ്കില്‍ അത്യന്തം ഹീനമായ ഉദ്ദേശ്യങ്ങള്‍ ഇത്തരക്കാര്‍ക്കുണ്ട്.

കോവിഡ് 19 കാരണമായുള്ള മരണസംഖ്യ കാര്യമായി ഉയരാതെ വളരെ ഫലപ്രദമായ രീതിയില്‍ പിടിച്ചുനിര്‍ത്താന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. ഡെത്ത് പെര്‍ മില്യണ്‍ അഥവാ പത്തു ലക്ഷത്തിലെത്ര പേര്‍ മരിച്ചു എന്ന കണക്കാണ് മരണത്തിന്റെ വ്യാപ്തി മനസ്സിലാക്കാനുള്ള അളവുകോല്‍. രോഗം പടര്‍ന്നുപിടിച്ച മറ്റു രാജ്യങ്ങളിലെ ഡെത്ത് പെര്‍ മില്യണ്‍ എത്രയെന്ന് നമുക്ക് നോക്കാം. യുഎഇയിലെ ഡെത്ത് പെര്‍ മില്യണ്‍ 34 ആണ്.

ആ തോതിലായിരുന്നു കേരളത്തില്‍ മരണങ്ങള്‍ നടന്നതെങ്കില്‍ ഇവിടെ ഇതിനകം മരണസംഖ്യ ആയിരം കവിഞ്ഞേനെ. കുവൈറ്റിലേതിനു സമാനമായി 93 ആയിരുന്നു ഇവിടത്തെ ഡെത്ത് പെര്‍ മില്യണ്‍ എങ്കില്‍ കേരളത്തിലെ മരണസംഖ്യ മൂവായിരത്തിലധികമാകും. അമേരിക്കയിലെ അതേ സ്ഥിതിവിശേഷമായിരുന്നെങ്കില്‍ 14,141 പേര്‍ കേരളത്തില്‍ രോഗത്തിനു ഇരയായി മരണമടഞ്ഞേനെ. സ്വീഡനുമായി താരതമ്യപ്പെടുത്തിയാല്‍ അത് 18,426 ആകും.

നമ്മുടെ സമൂഹത്തിന്റെ അശ്രാന്ത പരിശ്രമത്തിന്റേയും ജാഗ്രതയുടേയും ഫലമായി കേരളത്തിലെ ഡെത്ത് പെര്‍ മില്യണ്‍ ഒന്നില്‍ കൂടാതെ ഇതുവരെ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞു. അതായത് ജനസംഖ്യയുടെ 10 ലക്ഷമെടുത്താല്‍ ഒന്നിലും താഴെയാണ് ഇവിടത്തെ മരണ സംഖ്യ.

നമ്മള്‍ മനസ്സിലാക്കേണ്ട മറ്റൊരു പ്രധാന വസ്തുത മേല്‍പറഞ്ഞ രാജ്യങ്ങളിലേക്കാളൊക്കെ ജനസാന്ദ്രതയുള്ള പ്രദേശമാണ് കേരളം എന്നതാണ്. ഇന്ത്യയുടെ ശരാശരി ജനസാന്ദ്രതയുടെ ഇരട്ടിയില്‍ അധികമാണ് കേരളത്തിന്റേത്. ഇറ്റലിയിലെ ജനസാന്ദ്രതയുടെ ഏതാണ്ട് നാലിരട്ടിയാണ് നമ്മുടെ ജനസാന്ദ്രത. അതുകൊണ്ടുതന്നെ വളരെ വേഗം രോഗം പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ള പ്രദേശമാണ് നമ്മുടേത്. അങ്ങനെ ഉണ്ടായാല്‍ മരണനിരക്ക് തീര്‍ച്ചയായും വര്‍ധിക്കും. വയോജനങ്ങള്‍ക്കും കുട്ടികള്‍ക്കും മറ്റു രോഗാവസ്ഥകള്‍ ഉള്ളവര്‍ക്കും ഈ രോഗം മാരകമായിത്തീരുമെന്ന് നാം മറക്കരുത്.

നമ്മുടെ കരുതലിലും പ്രതിരോധത്തിലും വീഴ്ചകള്‍ ഉണ്ടായാല്‍ ഇതേതു നിമിഷവും വലിയ ദുരന്തമായി മാറും. ഒരു കാരണവശാലും ഒരു തെറ്റായ അറിവിന്റേയും പുറത്ത് നമ്മള്‍ വീഴ്ച വരുത്തരുത്. ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പിന്തുടര്‍ന്നേ തീരൂ എന്ന് മുഖ്യമന്ത്രി പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com