ഒടുവില്‍ നടപടി: ശിവശങ്കറിനെ സസ്‌പെന്റ് ചെയ്തതായി മുഖ്യമന്ത്രി

ഒടുവില്‍ നടപടി: ശിവശങ്കറിനെ സസ്‌പെന്റ് ചെയ്തതായി മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്യാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്യാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.ശിവശങ്കറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്നതിന് ചീഫ് സെക്രട്ടറിയും ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയും നടത്തിയ വകുപ്പ് തല അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

അഖിലേന്ത്യാ സര്‍വീസിലെ പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമുണ്ടായി എന്ന് സമിതി കണ്ടെത്തിയതായി  മുഖ്യമന്ത്രി വ്യക്തമാക്കി. വകുപ്പ് തല അന്വേഷണം തുടരുമെന്നും അദ്ദേഹം പറഞ്ഞു. സ്വപ്‌ന സുരേഷ് വ്യാജ സര്‍ട്ടഫിക്കറ്റ് ചമച്ചു എന്ന ആരോപണത്തില്‍ നിലവില്‍ സംസ്ഥാന പൊലീസ് അന്വേഷണം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

2000ലാണ് ശിവശങ്കറിന് മറ്റു വകുപ്പില്‍നിന്ന് സ്ഥാനക്കയറ്റത്തിലൂടെ ഐഎഎസ് ലഭിക്കുന്നത്. ഐടി പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും മുഖ്യമന്ത്രിയുടെ സെക്രട്ടറിയായും പ്രവര്‍ത്തിക്കുമ്പോഴാണ് സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷുമായി ബന്ധമുണ്ടാകുന്നതിന്റെ പേരില്‍ മാറ്റുന്നത്. 

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ശിവശങ്കറിനെതിരെ ആരോപണങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയ്ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.ബന്ധങ്ങള്‍ ഉണ്ടാക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പോലെ ഉന്നതമായ പദവിയില്‍ ഇരിക്കുന്നയാള്‍ പുലര്‍ത്തേണ്ട ജാഗ്രത ശിവശങ്കറില്‍ നിന്നും ഉണ്ടായില്ലെന്ന് അന്വേഷണസമിതി വിലയിരുത്തി. മാത്രമല്ല സ്വപ്‌നയുടെ നിയമനത്തിലും ശിവശങ്കറിന് പിഴവുണ്ടായതായി സമിതി കണ്ടെത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com