കടകള്‍ രാവിലെ 8 മുതല്‍ വൈകിട്ട് 6 മണി വരെ മാത്രം ; ചന്തകൾ പൊലീസ് വലയത്തിൽ ; കാസർകോട് നിയന്ത്രണം കടുപ്പിച്ചു

കുമ്പള മുതല്‍ തലപ്പാടിവരെ 28 കിലോമീറ്റര്‍ കണ്ടൈന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു
ഫയൽ ചിത്രം
ഫയൽ ചിത്രം

കാസർകോട്: സമ്പര്‍ക്ക രോഗികൾ വർധിക്കുന്നത് കണക്കിലെടുത്ത് കാസർകോട് നിയന്ത്രണങ്ങൾ കർശനമാക്കി. കുമ്പള മുതല്‍ തലപ്പാടി വരെ 28 കിലോമീറ്റര്‍ കണ്ടൈന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു.  ജില്ലയിൽ ഇന്ന് മുതല്‍ കടകള്‍ രാവിലെ 8 മുതല്‍ വൈകിട്ട് 6 മണി വരെ മാത്രമേ പ്രവര്‍ത്തിക്കാൻ അനുവദിക്കുകയുള്ളൂ. ആൾക്കൂട്ടം ഒഴിവാക്കാന്‍ ജില്ലയിലെ മുഴുവന്‍ മാര്‍ക്കറ്റുകളും പൊലീസ് നിയന്ത്രണത്തിലായിരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.  

ചെങ്കള മഞ്ചേശ്വരം മധൂര്‍ പഞ്ചായത്തുകളില്‍ സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തിലാണ് നിയന്ത്രണം കടുപ്പിച്ചത്. ചെങ്കളയില്‍ മാത്രം ഇന്നലെ 28 പേര്‍ക്കാണ് രോഗം സ്ഥിരികരിച്ചത്. ഇതില്‍ 27 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. അതിര്‍ത്തി കടന്ന് ദിവസപാസിലൂടെ യാത്ര ചെയ്തവരില്‍ നിന്നാണ് രോഗം പടരുന്നതെന്ന് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.

ഊടുവഴികളിലൂടെ ഇപ്പോഴും കാല്‍നടയായി കര്‍ണാടകയില്‍ നിന്നെത്തുന്നവരുണ്ട്. ഇത്തരം ആളുകളെ കണ്ടെത്തിയാല്‍ അറസ്റ്റ് ചെയ്യാന്‍ ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടു. കൂടുതല്‍ പൊലീസുകാരെ അതിര്‍ത്തിയില്‍ വിന്യസിക്കും.

കുമ്പള മുതല്‍ തലപ്പാടിവരെ 28 കിലോമീറ്റര്‍ കണ്ടൈന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു. മധൂര്‍, ചെര്‍ക്കള എന്നിവിടങ്ങളിലെ കടകളും കാസര്‍കോട് നഗരത്തിലെ മാര്‍ക്കറ്റും ഇന്ന് മുതല്‍ അടച്ചിടും. മാസ്‍ക് ധരിക്കുകയും സാമൂഹ്യ അകലം എന്നിവ പാലിക്കുകയും ചെയ്യാത്തവര്‍ക്കെതിരെ ഇന്ന് മുതല്‍ കടുത്ത നടപടി സ്വീകരിക്കും. അടുത്ത ഒരാഴ്ച്ച അതീവ ജാഗ്രത വേണമെന്നാണ് ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com