കോവിഡ് സ്ഥിരീകരിച്ച്  ചികിത്സയിൽ ; രോഗം ഭേദമാകുന്നതിനു മുൻപ് ഡിസ്ചാർജ് ചെയ്തു ; ​ഗുരുതര വീഴ്ച

കിഴക്കേകല്ലട ചിറ്റുമല സ്വദേശിയായ മുപ്പത്തിയ‍ഞ്ചുകാരനാണ് ആശുപത്രി ജീവനക്കാരുടെ അനാസ്ഥയ്ക്ക് ഇരയായത്  
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്ലം : കോവിഡ് സ്ഥിരീകരിച്ച്  ചികിത്സയിൽ കഴിഞ്ഞ ആളെ രോഗം ഭേദമാകുന്നതിനു മുൻപ് ഡിസ്ചാർജ് ചെയ്തു. കൊട്ടാരക്കരയിലെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലാണു ഗുരുതരമായ വീഴ്ച. രോഗം ഭേദമായെന്ന സർട്ടിഫിക്കറ്റുമായി ആശുപത്രിയിൽ നിന്നു  മടങ്ങിയ ഇയാളെ വീണ്ടും കൂട്ടിക്കൊണ്ടുവന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിഴക്കേകല്ലട ചിറ്റുമല സ്വദേശിയായ മുപ്പത്തിയ‍ഞ്ചുകാരനാണ് ആശുപത്രി ജീവനക്കാരുടെ അനാസ്ഥയ്ക്ക് ഇരയായത്.    

ദമാമിൽ നിന്നു കഴിഞ്ഞ മാസം അവസാനം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ യുവാവ് അവിടെ ക്വാറന്റീൻ കേന്ദ്രത്തിൽ കഴിയുകയായിരുന്നു. സാംപിൾ‌ പരിശോധനയിൽ പോസിറ്റീവ് എന്നു കണ്ടെത്തിയതോടെ കഴിഞ്ഞ 5നു പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗലക്ഷണങ്ങൾ ഇല്ലാത്തതിനാൽ കൊട്ടാരക്കര സെന്ററിലേക്കു മാറ്റി. ആദ്യ സാംപിൾ ശേഖരിച്ചു 10 ദിവസം കഴിഞ്ഞപ്പോൾ വീണ്ടും സ്രവം ശേഖരിച്ചു പരിശോധനയ്ക്ക് അയച്ചു.  ഇന്നലെ രാവിലെ ആശുപത്രി അധികൃതർ, ഫലം നെഗറ്റീവാണെന്നും വീട്ടിലേക്കു മടങ്ങാമെന്നും അറിയിച്ചു.

കുറച്ചു സമയത്തിന് ശേഷം ഡിസ്ചാർജ് സർട്ടിഫിക്കറ്റും നൽകി. രണ്ടാഴ്ച ക്വാറന്റീനിൽ പോകാനാണു തീരുമാനമെന്നും അതിനു വീട്ടിൽ അസൗകര്യങ്ങളുണ്ടെന്നും അറിയിച്ചപ്പോൾ അതു സ്വന്തം നിലയിൽ ഏർപ്പെടുത്തണമെന്ന് അധികൃതർ പറഞ്ഞു. 11 മണിയോടെ  ടാക്സി വിളിച്ചു കൊട്ടിയത്തെ പെയ്ഡ് ക്വാറന്റീൻ സെന്ററിൽ എത്തി മുറിയെടുത്തു. അരമണിക്കൂർ കഴിഞ്ഞപ്പോഴേക്കും ആരോഗ്യ വകുപ്പ് അധികൃതർ വിളിച്ചു പോസിറ്റീവാണെന്നു പറയുകയും ചെയ്തു.  ഉച്ചയ്ക്ക് ശേഷം ആംബുലൻസുമായി അധികൃതർ എത്തി വീണ്ടും കൂട്ടിക്കൊണ്ടുവന്നു പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com