'തന്നെ മാങ്കുളം ടൗണില്‍ കെട്ടിയിട്ട് തല്ലും'; വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സിപിഐ നേതാവിന്റെ ഭീഷണി (വീഡിയോ)

'തന്നെ മാങ്കുളം ടൗണില്‍ കെട്ടിയിട്ട് തല്ലും, പറയുന്നത് സിപിഐ ലോക്കല്‍ സെക്രട്ടറിയാ, താന്‍ ഓര്‍ത്തുവച്ചോ'
'തന്നെ മാങ്കുളം ടൗണില്‍ കെട്ടിയിട്ട് തല്ലും'; വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സിപിഐ നേതാവിന്റെ ഭീഷണി (വീഡിയോ)

ഇടുക്കി: വനംവകുപ്പ് ഉദ്യോഗസ്ഥരെ തല്ലുമെന്ന് സിപിഐ നേതാവിന്റെ ഭീഷണി. മാങ്കുളത്ത് വനം ഡിവിഷന്‍ സര്‍വേയ്ക്ക് എത്തിയ ഉദ്യോഗസ്ഥരെ സിപിഐ മാങ്കുളം ലോക്കല്‍ സെക്രട്ടറി പ്രവീണ്‍ ജോസാണ് ഭീഷണിപ്പെടുത്തിയത്. റേഞ്ച് ഓഫീസറെ കെട്ടിയിട്ട് തല്ലുമെന്നും ഭീഷണി മുഴക്കി.

'തന്നെ മാങ്കുളം ടൗണില്‍ കെട്ടിയിട്ട് തല്ലും, പറയുന്നത് സിപിഐ ലോക്കല്‍ സെക്രട്ടറിയാ, താന്‍ ഓര്‍ത്തുവച്ചോ'- എന്നാണ് പ്രവീണ്‍ ഭീഷണിപ്പെടുത്തുന്നത്.  ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാതിരിക്കുന്നത് മാങ്കുളം ടൗണില്‍ വച്ച് കെട്ടിയിട്ട് തല്ലാനാണെന്നാണും പ്രവീണ്‍ പറയുന്നുണ്ട്.

സംഭവുമായി ബന്ധപ്പെട്ട് ഡിഎഫ്ഒയും റേഞ്ച് ഓഫിസറും ഉള്‍പ്പെടെയുള്ളവര്‍ മൂന്നാര്‍ പൊലീസില്‍ പരാതി നല്‍കി. പ്രവീണ്‍ ജോസ് ഇതിനു മുമ്പും വനുംവകുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, വിഷയത്തില്‍ വിശദീകരണവുമായി പ്രവീണ്‍ രംഗത്തെത്തി. സിപിഐ മാങ്കുളം ലോക്കല്‍ സെക്രട്ടറി മാങ്കുളം ഡിഎഫ്ഒ, റെയിഞ്ച് ഓഫീസര്‍ എന്നിവര്‍ക്കെതിരെ കൊലവിളി നടത്തി എന്നു പറഞ്ഞ് കേരളത്തിലെ ദ്യശ്യ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ഇന്നലെ മുതല്‍ പ്രചരിക്കുന്നത് വനം വകുപ്പ് എഡിറ്റ് ചെയ്ത വീഡിയോ ആണെന്ന് പ്രവീണ്‍ പറഞ്ഞു.

2007 ല്‍ മാങ്കുളത്തെ 9005 ഹെക്ടര്‍ റെവന്യുഭൂമി നിര്‍ദ്ദിഷ്ട വനഭൂമിയായി പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ആരംഭിച്ചതാണ് കര്‍ഷകരും വനംവകുപ്പ് ഉദ്യോഗസ്ഥരുമായുള്ള പ്രശ്‌നങ്ങള്‍. ഈ വിഷയത്തിനാധാരമായ സംഭവം വനം വകുപ്പ് മാങ്കുളം പഞ്ചായത്തിലെ അമ്പതാം മൈല്‍ പ്രദേശത്ത് സിങ്കുകുടി ആദിവാസി കോളനിക്ക് മുകളിലായി 1999ല്‍ സര്‍ക്കാര്‍ ഭൂരഹിത കര്‍ഷകര്‍ക്ക് വിതരണം ചെയ്ത ഭൂമിയില്‍ കൈയേറി ഉദ്ദേശം 600 മീറ്റര്‍ നീളത്തില്‍ 20 അടി താഴ്ചയില്‍ ട്രഞ്ച് നിര്‍മ്മിച്ചു. പ്രസ്തുത ട്രഞ്ച് കര്‍ഷകരെ സംരക്ഷിക്കാനല്ല ഫോറസ്റ്റ് ക്യാമ്പ് ഓഫീസ് സംരക്ഷിക്കുന്നതിനാണ് നിര്‍മ്മിച്ചിരിക്കുന്നത്.

റവന്യുഭൂമി കൈയേറി എന്നതോ പോകട്ടെ മലമുകളില്‍ നിര്‍മ്മിച്ചിരിക്കുന്ന ട്രഞ്ച് മലയടിവാരത്തില്‍ താമസിക്കുന്ന 150 ആദിവാസി വീടുകള്‍ അടക്കം 250 ഓളം കുടുംബങ്ങള്‍ക്ക് മുകളില്‍ ''ജല ബോംബ് ' ആയി മാറിയിരിക്കുകയാണ്. ഇതിനെതിരെ സിപിഐ മാങ്കുളം ലോക്കല്‍ കമ്മിറ്റി ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. പരാതിയുടെ ആടിസ്ഥാനത്തില്‍ ഇടുക്കി ജില്ലാ കളക്ടര്‍ ഈ പ്രദേശത്ത് ദേവികുളം തഹസീല്‍ദാരുടെയും മാങ്കുളം ഡിഎഫ്ഒയുടെയും നേത്യത്വത്തില്‍ സംയുക്ത പരിശോധന നിര്‍ദേശിച്ചു.

ഇന്നലെ കര്‍ഷക പ്രതിഷേധത്തിനിടയിലാണ് സംയുക്ത പരിശോധന നടന്നത്. പരിശോധനയുടെ അവസാനം മാങ്കുളം ഡിഎഫ്ഒ സംയുക്ത പരിശോധന റിപ്പോര്‍ട്ട് ഞാന്‍ നല്‍കില്ല, എനിക്ക് പറയാനുള്ളത് ഞാന്‍ ജില്ലാ കളക്ടര്‍ക്ക് എഴുതി നല്‍കിയിട്ടുണ്ട് എന്ന ധാര്‍ഷ്ട്യ നിലപാട് സ്വീകരിക്കുകയും തടിച്ചുകൂടിയ ജനങ്ങളോട് ദേവികുളം തഹസീല്‍ദാരുടെ സാന്നിധ്യത്തില്‍ 'ഇത് എന്റെ അധികാര പരിധിയാണ് കൂടുതല്‍ കളിച്ചാല്‍ വനാവകാശ നിയമപ്രകാരം കേസ്സ് എടുക്കും എന്ന് ഭീക്ഷണിപ്പെടുത്തുകയുമുണ്ടായി. അതില്‍ നിന്നുണ്ടായ പ്രതിഷേധമാണ് ഈ വീഡിയോയ്ക്ക് ആധാരം- അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com