പാലത്തായി പീഡനക്കേസ്; കുനിയിൽ പത്മരാജന് ജാമ്യം

പാലത്തായി പീഡനക്കേസ്; കുനിയിൽ പത്മരാജന് ജാമ്യം

പ്രതിക്കെതിരെ പോക്സോ വകുപ്പ് ഒഴിവാക്കി കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരുന്നു


കണ്ണൂർ: പാലത്തായി പീഡനക്കേസ് പ്രതിയും ബിജെപി നേതാവുമായ കുനിയിൽ പത്മരാജന് ജാമ്യം. തലശ്ശേരി ജില്ല കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രതിക്കെതിരെ പോക്സോ വകുപ്പ് ഒഴിവാക്കി കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് ജാമ്യം ലഭിച്ചത്.

കേസില്‍ കുറ്റപത്രം വൈകുന്നതിനെതിരെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ഭാഗിക കുറ്റപത്രം ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചത്. റിമാൻഡ്​ കാലാവധി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെയാണ് കുറ്റപത്രം നൽകിയത്. നിസാര വകുപ്പായ ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 82-ാം വകുപ്പ് ചുമത്തിയാണ് തലശ്ശേരി പോക്‌സോ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 

കുട്ടിയെ അധ്യാപകന്‍ ശാരീരികമായി ഉപദ്രവിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ലൈംഗിക ഉപദ്രവത്തെ സംബന്ധിച്ച്‌ തുടരന്വേഷണം നടത്തണമെന്നും ക്രൈം ബ്രാഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. പെണ്‍കുട്ടിയുടെ മനോനില ശരിയല്ലാത്തതിനാല്‍ പോക്‌സോ വകുപ്പുകള്‍ ചുമത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിഞ്ഞില്ലെന്നും പ്രതിയുടെ ഫോണ്‍ രേഖകള്‍ അടക്കമുള്ള ശാസ്ത്രീയ രേഖകള്‍ ലഭിച്ചിട്ടില്ലെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിക്കുകയായിരുന്നു. 

പ്രതി പത്മരാജന്‍ പെണ്‍കുട്ടിയെ സ്‌കൂളിലെ ശുചിമുറിയില്‍ വെച്ച്‌ പീഡിപ്പിക്കുകയും പിന്നീട് പൊയിലൂരിലെ ഒരു വീട്ടില്‍ കൊണ്ടു പോയി മറ്റൊരാള്‍ക്ക് കാഴ്ചവെക്കുകയും ചെയ്തുവെന്നാണ് പരാതി. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിഷേധങ്ങള്‍ക്ക് ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയാറായത്. പോക്സോ നിയമപ്രകാരം കേസെടുത്ത് ഒരുമാസത്തിന് ശേഷമാണ് പ്രതിയെ തലശേരി പൊയിലൂരിലെ ബന്ധുവീട്ടില്‍ നിന്ന് പൊലീസ് പിടികൂടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com