മത്സ്യബന്ധനത്തിന് കര്‍ശന നിയന്ത്രണം ; വില്‍പ്പനയ്ക്കും കടിഞ്ഞാണ്‍

ജില്ലകളില്‍ പ്രാദേശിക സാഹചര്യം പരിശോധിച്ച് നിയന്ത്രിത മത്സ്യബന്ധനത്തിന് അനുവദിക്കും
ഫയൽ ചിത്രം
ഫയൽ ചിത്രം

തിരുവനന്തപുരം : കോവിഡ് രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കടല്‍ മത്സ്യബന്ധനത്തിനും കരയിലെത്തിച്ചുള്ള വില്‍പ്പനയും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. രോഗവ്യാപനം അതിരൂക്ഷമായ തലസ്ഥാനത്ത് തല്‍ക്കാലം മത്സ്യബന്ധനം നടത്തേണ്ടെന്ന് തീരുമാനിച്ചു. മത്സ്യമേഖലയിലെ തൊഴിലാളി സംഘടനകളുടെയും വിവിധ വകുപ്പുകളുടെ ജില്ലാ തലവന്‍മാരുടെയും അഭിപ്രായം കൂടി പരിഗണിച്ചാണ് പൊതുധാരണയായത്.

മറ്റ് ജില്ലകളില്‍ പ്രാദേശിക സാഹചര്യം പരിശോധിച്ച് നിയന്ത്രിത മത്സ്യബന്ധനത്തിന് അനുവദിക്കും. ഇതിന് ജില്ലാ ഭരണനേതൃത്വത്തിന്റെ അനുമതി വേണം. ജില്ലകളില്‍ ഹാര്‍ബര്‍ മാനേജ്‌മെന്റ് സമിതി പ്രാദേശികമായി തീരുമാനമെടുക്കും. ആയിരക്കണക്കിന് കുടുംബാംഗങ്ങളുടെ ഉപജീവനവും ഭക്ഷ്യസുരക്ഷയും പരിഗണിച്ച് പൂര്‍ണ മത്സ്യബന്ധന നിരോധനം ഒഴിവാക്കാനാണ് തീരുമാനം.

ഓരോ പ്രദേശത്തും അതാതിടത്തെ തൊഴിലാളികളാണ് കടലിലേക്ക് പോകുന്നതും വരുന്നതുമെന്ന് ഉറപ്പാക്കും. ഹാര്‍ബര്‍ മാനേജ്‌മെന്റ് സമിതി അനുവദിക്കുന്ന മേഖലയില്‍ മാത്രമായിരിക്കും കടലില്‍പോകാനാകുക. കരയിലെത്തിക്കുന്ന മീനിന്റെ വില്‍പ്പനയ്ക്കും കര്‍ശന നിയന്ത്രണമുണ്ടാകണം. വാങ്ങാനെത്തുന്നവരുടെ തള്ളിക്കയറ്റം അനുവദിക്കില്ല. ഇവര്‍ക്കായി ടോക്കണ്‍ സമ്പ്രദായം ഏര്‍പ്പെടുത്തും. ഇക്കാര്യങ്ങളില്‍ പാകപ്പിഴയുണ്ടായാല്‍ പ്രദേശത്തെ മത്സ്യബന്ധനം നിര്‍ത്തിവയ്ക്കാന്‍ ജില്ലാ ഭരണനേതൃത്വം ഇടപെടും.

രോഗവ്യാപനത്തിന് കാരണമാകാവുന്ന ഏതു സാഹചര്യത്തിലും എല്ലാത്തരം മത്സ്യബന്ധന പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്‌ക്കേണ്ടിവരുമെന്ന മുന്നറിയിപ്പ് തീരമേഖലയില്‍ നല്‍കും. മൈക്ക് വഴിയുള്ള പ്രചാരണമുള്‍പ്പെടെ ബോധവല്‍ക്കരണം നടത്താന്‍ ഫിഷറീസ് വകുപ്പിന്റെയും മത്സ്യഫെഡിന്റെയും ജില്ലാതല ഓഫീസര്‍മാര്‍ അടക്കമുള്ളവര്‍ക്ക് നിര്‍ദേശം നല്‍കി.  കളക്ടറുടെ നേതൃത്വത്തില്‍ റവന്യു, പൊലീസ്, ഫിഷറീസ്, ഹാര്‍ബര്‍ എന്‍ജിനിയറിങ് വകുപ്പുകളും മത്സ്യഫെഡും ഫിഷറീസ് മേഖലയിലെ ട്രേഡ് യൂണിയനുകളും ചേര്‍ന്നാണ് ആരോഗ്യകരവും ചിട്ടയാര്‍ന്നതുമായ മത്സ്യബന്ധനവും വിപണനവും ഉറപ്പാക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com