വി മുരളീധരന്റെ ഇടപെടലുകള്‍ ദുരൂഹം; അറ്റാഷെ രാജ്യം വിട്ടതിലെ പങ്ക് അന്വേഷിക്കണമെന്ന് ഡിവൈഎഫ്‌ഐ

അറ്റാഷെയെ ഇന്ത്യയില്‍ നിലനിര്‍ത്താനും അന്വഷണവുമായി സഹകരിപ്പിക്കാനും വിദേശ കാര്യ മന്ത്രാലയം എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ല എന്ന് മുരളീധരന്‍ വ്യക്തമാക്കണം
വി മുരളീധരന്റെ ഇടപെടലുകള്‍ ദുരൂഹം; അറ്റാഷെ രാജ്യം വിട്ടതിലെ പങ്ക് അന്വേഷിക്കണമെന്ന് ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് അറ്റാഷെ രാജ്യം വിട്ട സംഭവം അതീവ ഗൗരവമുള്ളതാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇക്കാര്യത്തില്‍ മറുപടി പറയണമെന്നും ഡിവൈഎഫ്‌ഐ. കേസില്‍ നിര്‍ണായക വിവരങ്ങള്‍ നല്‍കേണ്ട അറ്റാഷെയ്ക്ക് രാജ്യം വിട്ടുപോകാന്‍ മൗനാനുവാദം നല്‍കിയത് അന്വഷണം അട്ടിമറിക്കാന്‍ വേണ്ടിയാണ്. ഇതില്‍ ബിജെപി നേതൃത്വത്തിനും വിദേശ കാര്യ സഹമന്ത്രി വി മുരളീധരനും പങ്കുണ്ട്. കേസ് അട്ടിമറിക്കാന്‍ ഒരു വിഭാഗം ബിജെപി നേതാക്കള്‍ ശ്രമിക്കുകയാണെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആരോപിച്ചു.

വിദേശ കാര്യ സഹമന്ത്രി വി മുരളീധരന്‍ ഇക്കാര്യത്തില്‍ ആദ്യ ഘട്ടം മുതല്‍ ദുരൂഹമായ ഇടപെടലുകളാണ് നടത്തുന്നത്. അറ്റാഷെയെ ഇന്ത്യയില്‍ നിലനിര്‍ത്താതിരുന്നത് എന്തുകൊണ്ടെന്ന് മുരളീധരന്‍ വ്യക്തമാക്കണം. സ്വര്‍ണ്ണം വന്നത് ഡിപ്ലോമാറ്റിക് ബാഗേജ് വഴിയല്ലെന്ന് ആദ്യമേ വി മുരളീധരന്‍ സ്ഥാപിക്കാന്‍ ശ്രമിച്ചിരുന്നു. കേന്ദ്ര ഏജന്‍സികളുടെ പ്രത്യേക അന്വഷണം ആവശ്യപ്പെടാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. സംസ്ഥാന മന്ത്രിസഭ കേന്ദ്രത്തോട് ആവശ്യപ്പെട്ടാലേ അന്വേഷണം പ്രഖ്യാപിക്കാന്‍ കഴിയൂ എന്നായിരുന്നു അദ്ദേഹം ആദ്യം പറഞ്ഞത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ എന്‍ഐഎ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ജനങ്ങളുടെ ശ്രദ്ധ വഴിതിരിച്ചുവിടാന്‍ തുടക്കം മുതല്‍ ശ്രമിക്കുകയാണെന്നും ഡിവൈഎഫ്‌ഐ ആരോപിച്ചു.

അറ്റാഷെയെ ഇന്ത്യയില്‍ നിലനിര്‍ത്താനും അന്വഷണവുമായി സഹകരിപ്പിക്കാനും വിദേശ കാര്യ മന്ത്രാലയം എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ല എന്ന് മുരളീധരന്‍ വ്യക്തമാക്കണം. ഇന്ത്യയുമായി നല്ല നയതന്ത്ര ബന്ധമാണ് യുഎഇക്ക്. ഡിപ്ലോമാറ്റിക് ബാഗേജ് പരിശോധന നടത്താന്‍ വളരെ വേഗമാണ് യുഎഇ അനുമതി നല്‍കിയത്. അറ്റാഷെ രാജ്യത്ത് തുടരണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടാല്‍ അതിനോട് യുഎഇ സഹകരിക്കുമായിരുന്നു. എന്നാല്‍ അത്തരം ശ്രമം നടത്താന്‍ വിദേശകാര്യ മന്ത്രാലയം തയ്യാറായില്ലെന്നത് ദുരൂഹമാണ്.

എന്‍ഐഎ കേസ് ദുര്‍ബലപ്പെടുത്താന്‍ വേണ്ടിയാണ് അറ്റാഷെയെ രാജ്യം വിടാന്‍ അനുവദിച്ചത്. എന്തുകൊണ്ടാണ് മുരളീധരന്‍ അന്വേഷണത്തെ ഭയപ്പെടുന്നത്. മാധ്യമങ്ങളില്‍ നിന്നും മറഞ്ഞു നില്‍ക്കുന്നത് എന്തിനാണെന്നും ചോദ്യമുണ്ട്. തീവ്രവാദ ബന്ധമുള്ള, രാജ്യത്തെ അസ്ഥിരപ്പെടുത്തുന്ന കേസിന്റെ അന്വഷണം ശരിയായി നടക്കേണ്ടതുണ്ട്. കേസിലെ പ്രതികള്‍ തിരുവനന്തപുരത്ത് നിന്ന് തമിഴ്‌നാട്ടിലേക്ക് കടക്കാതെ, ബിജെപി ഭരിക്കുന്ന കര്‍ണാടകയിലേക്ക് പോയത് നേരത്തെ തന്നെ സംശയാസ്പദമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com