ശസ്ത്രക്രിയ നടത്തിയത് സീനിയർ ഡോക്ടർ; രോ​ഗിയുടെ വയറ്റിനുള്ളിൽ കൊടിൽ; മുഖ്യമന്ത്രിക്ക് പരാതിയുമായി 51കാരി

സർക്കാർ മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ വയറ്റിനുള്ളിൽ ശസ്​ത്രക്രിയക്കുപയോഗിക്കുന്ന കൊടിൽ (ഫോർസെപ്​സ്​) കണ്ടെത്തി
ശസ്ത്രക്രിയ നടത്തിയത് സീനിയർ ഡോക്ടർ; രോ​ഗിയുടെ വയറ്റിനുള്ളിൽ കൊടിൽ; മുഖ്യമന്ത്രിക്ക് പരാതിയുമായി 51കാരി

തൃശൂർ: സർക്കാർ മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ വയറ്റിനുള്ളിൽ ശസ്​ത്രക്രിയക്കുപയോഗിക്കുന്ന കൊടിൽ (ഫോർസെപ്​സ്​) കണ്ടെത്തി. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ വച്ച് ശസ്ത്രക്രിയ നടത്തിയാണ് ഇത് പുറത്തെടുത്തത്. ആശുപത്രി അധികൃതരുടെ അലംഭാവത്തിനെതിരെ ആക്ഷേപം ശക്തമാണ്. 

ഓട്ടോ ഡ്രൈവറായ കൂർക്കഞ്ചേരി സ്വദേശി മാളിയേക്കൽ ജോസഫ് പോളി​​ന്റെ വയറ്റിൽ നിന്നാണ് ശസ്​ത്രക്രിയ നടത്തുമ്പോൾ വസ്തുക്കൾ എടുത്ത് മാറ്റിവെക്കാൻ ഉപയോഗിക്കുന്ന കൊടിൽ കണ്ടെടുത്തത്. മെഡിക്കൽകോളജിലെ സീനിയർ ഡോക്​ടറാണ്​ ശസ്​​ത്രക്രിയ നടത്തിയത്​. ഡോക്​ടർക്കെതിരെ മുഖ്യമന്ത്രി,ആരോഗ്യ മന്ത്രി, ജില്ലാ കലക്​ടർ,തൃശൂർ എ.സി.പി എന്നിവർക്ക് പരാതി നൽകി. നേരത്തെ മെഡിക്കൽ കോളജിലെ ജോലിക്കൊപ്പം സ്വകാര്യ ആശുപത്രിയിലും ജോലി ചെയ്​തതിനെ തുടർന്ന് നടപടി നേരിട്ടായാളാണ് ഡോക്ടർ.  ജോസഫ്​ പോളിന്​ രണ്ട്​ ശസ്ത്രക്രിയകളാണ്​ നടത്തിയത്​. ഇതിൽ ഏത്​ ശസ്​ത്രക്രിയക്കിടെയാണ്​ ഉപകരണം വയറിനുള്ളിലിട്ട്​ തുന്നിച്ചേർത്തതെന്ന്​ വ്യക്​തമായിട്ടില്ല.

മഞ്ഞപ്പിത്ത ചികിത്സക്കിടെ പാൻക്രിയാസിൽ തടിപ്പ്​ കണ്ടെത്തിയതിനെ തുടർന്നാണ്​ ജോസഫ്​ പോൾ മെഡിക്കൽ കോളജിലെത്തിയത്​. മേയ്​ അഞ്ചിനായിരുന്നു ആദ്യ​ ശസ്​ത്രക്രിയ. ​ശേഷം അണുബാധയുണ്ടെന്ന്​ പറഞ്ഞ്​ 12ന്​ വീണ്ടും ശസ്​ത്രക്രിയ നടത്തി. മേയ്​ 30നാണ്​ ഡിസ്​ചാർജ്​ ചെയ്​തത്​. 

രണ്ടാഴ്​ച കഴിഞ്ഞ്​ വീണ്ടും ഡോക്​ട​ർ പോളിനെ കാണാൻ പോയപ്പോൾ സി.ടി. സ്​കാൻ എടുത്തു കാണിക്കാൻ ആവശ്യപ്പെട്ടു. പിന്നീട്​ ജൂലൈ ആറിന്​ വീണ്ടും അഡ്​മിറ്റാകാൻ പറഞ്ഞു. പഴുപ്പ്​ ഉണ്ടെന്നും ജൂലൈ ഏഴിന്​ ഒരു ശസ്​ത്രക്രിയ കൂടി നടത്തണമെന്നുമാണ്​ ഡോക്​ടർ പറഞ്ഞത്​. ഇതിൽ സംശയം തോന്നി ഒരു ലാബിൽ ചെന്ന്​ വയറി​ന്റെ എക്​സ്​റേ എടുത്തപ്പോളാണ്​ ശസ്​​ത്രക്രിയ ഉപകരണം ഉള്ളിലുണ്ടെന്ന്​ കണ്ടെത്തിയത്​. തുടർന്ന്​ മെഡിക്കൽ കോളജിൽ നിന്ന്​ ഡിസ്​ചാർജ്​ വാങ്ങി ഒമ്പതിന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ​ശസ്​ത്രക്രിയ നടത്തി ഉപകരണം പുറത്തെടുക്കുകയായിരുന്നു.   
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com