ശിവശങ്കറിനെതിരെ കടുത്ത നടപടി?: ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി  ശിവശങ്കരനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി സമര്‍പ്പിച്ചു
ശിവശങ്കറിനെതിരെ കടുത്ത നടപടി?: ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി  ശിവശങ്കരനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി സമര്‍പ്പിച്ചു. ശിവശങ്കറിനെതിരെ ഇന്ന് നടപടിയുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ശിവശങ്കറിന് ജാഗ്രതക്കുറവുണ്ടായി എന്നും, അദ്ദേഹം സിവില്‍ സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചെന്നും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സമിതി വിലയിരുത്തി. ചീഫ് സെക്രട്ടറി ഇന്ന് ഉച്ചയോടെ മുഖ്യമന്ത്രിക്ക് കൈമാറുമെന്നാണ് സൂചന.

ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നു വൈകീട്ടോടെ സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ശിവശങ്കറിനെതിരെ ആരോപണങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയ്ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.

ബന്ധങ്ങള്‍ ഉണ്ടാക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പോലെ ഉന്നതമായ പദവിയില്‍ ഇരിക്കുന്നയാള്‍ പുലര്‍ത്തേണ്ട ജാഗ്രത ശിവശങ്കറില്‍ നിന്നും ഉണ്ടായില്ലെന്ന് അന്വേഷണസമിതി വിലയിരുത്തി. മാത്രമല്ല സ്വപ്‌നയുടെ നിയമനത്തിലും ശിവശങ്കറിന് പിഴവുണ്ടായതായി സമിതി കണ്ടെത്തി.

സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചതിനാണ് ശിവശങ്കറിനെതിരെ നടപടിയെടുക്കുക. അതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഎം നേതൃത്വവുമായി ചര്‍ച്ച നടത്തി. ശിവശങ്കറിനെതിരെയുള്ള നടപടി മുഖ്യമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ളവരുമായി ചര്‍ച്ച നടത്തിയതായാണ് സൂചന. ശിവശങ്കറിനെതിരെ നടപടി നീട്ടിക്കൊണ്ടുപോകുന്നത് സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുമെന്നാണ് ഇടതുമുന്നണിയില്‍ ഉയരുന്ന പൊതുവിലയിരുത്തല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com