സ്വര്‍ണക്കടത്ത് ആരോപണം : എയര്‍ ഇന്ത്യാ സാറ്റ്‌സ് മുന്‍ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബ് രാജിവെച്ചു

ബിനോയ് ജേക്കബിന്റെ കാലത്താണ് സ്വപ്‌ന സുരേഷ് എയര്‍ ഇന്ത്യാ സാറ്റ്‌സില്‍ ജോലിക്ക് കയറിയത്
സ്വര്‍ണക്കടത്ത് ആരോപണം : എയര്‍ ഇന്ത്യാ സാറ്റ്‌സ് മുന്‍ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബ് രാജിവെച്ചു

തിരുവനന്തപുരം : എയര്‍ ഇന്ത്യാ സാറ്റ്‌സ് മുന്‍ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബ് രാജിവെച്ചു.  ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ഏജന്‍സിയായ ഭദ്ര ഇന്റര്‍നാഷണലില്‍ നിന്നാണ് രാജിവെച്ചത്. സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്നാണ് രാജി.

ബിനോയ് ജേക്കബിന്റെ കാലത്താണ് സ്വപ്‌ന സുരേഷ് എയര്‍ ഇന്ത്യാ സാറ്റ്‌സില്‍ ജോലിക്ക് കയറിയത്. ക്രിമിനല്‍ കേസ് ഉണ്ടായിട്ടും ബിനോയ് പൊലീസ് ക്ലിയറന്‍സ് നേടിയത് വിവാദമായിരുന്നു.

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കമ്പനി ബിനോയ് ജേക്കബ്ബിനോട് രാജി ആവശ്യപ്പെടുകയായിരുന്നു എന്നാണ് സൂചന. സ്വപ്‌ന സുരേഷ് വിമാനത്താവളത്തിലെത്തുന്നത് എയര്‍ ഇന്ത്യാ സാറ്റ്‌സില്‍ ജോലി നേടിയായിരുന്നു. അന്ന് എയര്‍ ഇന്ത്യാ സാറ്റ്‌സിലെ വൈസ് പ്രസിഡന്റായിരുന്നു ബിനോയ് ജേക്കബ്.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടുള്ള തുടര്‍ന്നുള്ള കണ്ടെത്തലുകളിലും ബിനോയ് ജേക്കബ്ബിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ബിനോയ് ജേക്കബിന്റെ നേതൃത്വത്തില്‍ സ്വര്‍ണക്കടത്തിന് പ്രേരിപ്പിച്ചിരുന്നതായി മുന്‍ ജീവനക്കാരിയും വെളിപ്പെടുത്തിയിരുന്നു.

ബിനോയ് ജേക്കബ് വിമാനത്താവളത്തില്‍ പ്രവേശനത്തിന് പാസ് നേടിയത് അനധികൃതമായാണെന്നും തെളിഞ്ഞിരുന്നു. ഒരു ക്രിമിനല്‍ കേസില്‍ അന്വേഷണവും മറ്റൊരു കേസില്‍ വിചാരണയും നേരിടുമ്പോഴായിരുന്നു പൊലീസ് ക്ലിയറന്‍സും പാസും ലഭിച്ചത്.

ബിനോയ് ജേക്കബിന് പാസ് ലഭിച്ചത് അടക്കമുള്ള കാര്യങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചുവരികയാണ്. സ്വര്‍ണക്കടത്തുകേസില്‍ ബിനോയ് ജേക്കബിനെ എന്‍ഐഎയും കസ്റ്റംസും ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com