സ്വര്‍ണക്കടത്തില്‍ യുഎഇ അറ്റാഷെയ്ക്കും പങ്ക്; വെളിപ്പെടുത്തലുമായി അഭിഭാഷകന്‍; സ്വപ്നയെ വിളിച്ചത് 152 തവണ

സ്വര്‍ണക്കടത്തില്‍ യുഎഇ അറ്റാഷെയ്ക്കും പങ്ക്; വെളിപ്പെടുത്തലുമായി അഭിഭാഷകന്‍; സ്വപ്നയെ വിളിച്ചത് 152 തവണ

തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണക്കടത്തില്‍ യുഎഇ അറ്റാഷെയ്ക്ക് പങ്കുണ്ടെന്ന് സരിത്തിന്റെ അഭിഭാഷകന്റെ വെളിപ്പെടുത്തല്‍. കേസില്‍ നിന്ന് രക്ഷപ്പെടാനായി അറ്റാഷെ സ്വപ്ന സുരേഷിനെ കേസില്‍ കുടുക്കുമെന്ന് സരിത് തന്നോട് പറഞ്ഞതായി  അഭിഭാഷകന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. സ്വര്‍ണക്കടത്തിന് പിന്നില്‍ വമ്പന്‍മാരുണ്ടെന്നും നയതന്ത്ര പാഴ്‌സലില്‍ സ്വര്‍ണം ഉണ്ടെന്ന് സരിത്ത് പറഞ്ഞതാതായും അഭിഭാഷകന്‍ വ്യക്തമാക്കി. 

സ്വര്‍ണം പിടിക്കപ്പെടും എന്നുറപ്പായ ഘട്ടത്തിലാണ് അയാള്‍ കാലുമാറിയത്. ചരക്ക് പിടിച്ചെടുത്ത കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നയതന്ത്ര ബാഗ് തുറക്കുന്നതിന് മുന്നോടിയായി കോണ്‍സുലേറ്റില്‍ നിന്നും അറ്റാഷെയെ വിളിച്ചു വരുത്തി. താന്‍ ഭക്ഷ്യവസ്തുക്കള്‍ മാത്രമാണ് ഓര്‍ഡര്‍ ചെയതെന്ന് പറഞ്ഞ് ഇയാള്‍ ഒഴിയുകയാണ് ചെയ്‌തെന്നും അഭിഭാഷകന്‍ പറയുന്നു. 

ജൂലൈ നാലിനാണ് സരിത്ത് എന്നെ കാണാന്‍ വീട്ടിലെത്തുന്നത്. തങ്ങളുടെ ഒരു ചരക്ക് വിമാനത്താവളത്തില്‍ തടഞ്ഞുവെന്ന വിവരം സരിത്ത് എന്നോട് പറഞ്ഞു. കൂടുതല്‍ സംസാരിച്ചപ്പോള്‍ ആണ് അതില്‍ 25 കിലോ സ്വര്‍ണം ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയത്. കസ്റ്റംസ് അസി.കമ്മീഷറുമായി ചരക്ക് വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ട് താന്‍ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും എന്നോട് സരിത്ത് പറഞ്ഞു. അഥവാ ഈ വിഷയം കേസായാല്‍ എന്തു ചെയ്യണം എന്നറിയാനാണ് സരിത്ത് തന്റെ അടുത്ത് എത്തിയത്. സരിത്തിനൊപ്പം സ്വപ്നയുടെ രണ്ടാം ഭര്‍ത്താവ് ജയശങ്കറും തന്നെ കാണാനായി വന്നിരുന്നതായും അഭിഭാഷകന്‍ പറയുന്നു. 

ആകെ തകര്‍ന്ന നിലയിലാണ് താന്‍ സ്വപനയെ കണ്ടത്. തനിക്ക് ഇതേക്കുറിച്ച് അറിവൊന്നുമില്ലെന്നും അറസ്റ്റ് ചെയ്യപ്പെട്ടാല്‍ രക്ഷിക്കണമെന്നും ഒരു അച്ഛനെ പോലെ കരുതി താന്‍ അപേക്ഷിക്കുകയാണെന്നും സ്വപ്ന അന്നു തന്നോട് പറഞ്ഞു. എന്തു പ്രശ്‌നമുണ്ടെങ്കിലും എന്നെ വിളിക്കാം എന്നു പറഞ്ഞാണ് ഞാന്‍ അവരോട് യാത്ര പറഞ്ഞത്. അവിടെ നിന്നുമാണ് സ്വപ്നയും സന്ദീപ് നായരും ഒളിവില്‍ പോയത്. അടുത്ത ദിവസം രാവിലെയോടെ തന്നെ സരിത്ത് വിളിച്ചു. താന്‍ കസ്റ്റംസ് ഓഫീസിലേക്ക് പോകുകയാണെന്ന് പറഞ്ഞു. ഇപ്പോള്‍ എന്തിനാണ് പോകുന്നതെന്ന് താന്‍ ചോദിച്ചപ്പോള്‍ താന്‍ ഇപ്പോള്‍ അവിടേക്ക് ചെന്നില്ലെങ്കില്‍ അറബി (അറ്റാഷെ) മാഡത്തെ (സ്വപ്ന സുരേഷ്)കുടുക്കുമെന്ന് സരിത്ത് പറഞ്ഞു. അല്‍പം സമയം കഴിഞ്ഞ് ഉച്ചയോടെ സരിത്തിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തതായുള്ള വാര്‍ത്ത ഞാന്‍ കണ്ടതായും അഭിഭാഷകന്‍ പറഞ്ഞു. 

അതിനിനിടെ യുഎഇ അറ്റാഷെയും  പ്രതികളും തമ്മില്‍ നിരന്തരം ഫോണ്‍ വിളികള്‍ നടത്തിയതായി ഫോണ്‍ രേഖകള്‍ വ്യക്തമാക്കുന്നു. അറ്റാഷെയും സ്വപ്‌നയും ജൂണ്‍ മാസത്തില്‍ 117 തവണ വിളിച്ചു. ജൂലൈ 1 മുതല്‍ 4 വരെ 35 തവണ അറ്റാഷെയും സ്വപ്‌നയും സംസാരിച്ചു. അറ്റാഷെയും സരിത്തും മൂന്ന് തവണ സംസാരിച്ചുവെന്നും രേഖകള്‍ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com