'ഇനിയും ഒരു ചാരക്കേസോ' ; സ്വയം കുഴിച്ച കുഴിയിൽ വീണവരെ രക്ഷിക്കാൻ സർക്കാരിന്റെ  കൈ നീളില്ലെന്ന് കോടിയേരി

ആക്ഷേപവിധേയനായ ശിവശങ്കർ യുഡിഎഫ് ഭരണകാലത്ത് മർമപ്രധാനമായ സ്ഥാനങ്ങളിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥനാണ്
'ഇനിയും ഒരു ചാരക്കേസോ' ; സ്വയം കുഴിച്ച കുഴിയിൽ വീണവരെ രക്ഷിക്കാൻ സർക്കാരിന്റെ  കൈ നീളില്ലെന്ന് കോടിയേരി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ  ഇനിയും ഒരു ചാരക്കേസോ എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിലാണ് ശിവശങ്കറിനെ വിമർശിക്കുന്നത്. ശിവശങ്കർ വിശ്വാസത്തിന് കോട്ടമുണ്ടാക്കിയെന്ന് കോടിയേരി അഭിപ്രായപ്പെട്ടു. 

ആക്ഷേപവിധേയനായ ശിവശങ്കർ യുഡിഎഫ് ഭരണകാലത്ത് മർമപ്രധാനമായ സ്ഥാനങ്ങളിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥനാണ്. ഭരണശേഷിയുള്ള ഐഎഎസ് ഉദ്യോഗസ്ഥൻ എന്ന പരിഗണനയിലാണ് ഇദ്ദേഹത്തെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചത്. ആ വിശ്വാസത്തിന് കോട്ടംതട്ടുന്ന പെരുമാറ്റമുണ്ടായി. അതുകൊണ്ടാണ് ആക്ഷേപം വന്നയുടനെ ഒരു അന്വേഷണത്തിനും കാത്തുനിൽക്കാതെ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നും ഐടി സെക്രട്ടറി സ്ഥാനത്തുനിന്നും പുറത്താക്കാനുള്ള ആർജവം മുഖ്യമന്ത്രി പിണറായി വിജയൻ കാട്ടിയത്.

ആക്ഷേപങ്ങളുടെ സ്വഭാവമെന്തായാലും അതിന്മേൽ ഒരു മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനെതിരെ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കുന്നതിന് വ്യവസ്ഥാപിതമായ നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്. അതിനാലാണ്‌ ചീഫ് സെക്രട്ടറിതല അന്വേഷണവും റിപ്പോർട്ടിനും വേണ്ടി കാത്തത്.  ഇത്‌ തികച്ചും യുക്തിപരവും നിയമപരവുമാണ്. ഏതെങ്കിലും ഉദ്യോഗസ്ഥരോ മറ്റുള്ളവരോ സ്വയം കുഴിച്ച കുഴിയിൽ വീണിട്ടുണ്ടെങ്കിൽ അവരെ കരകയറ്റാനുള്ള ഒരു കൈയും സർക്കാരിന്റെ ഭാഗത്തുനിന്ന്‌ നീളില്ല എന്നും കോടിയേരി ലേഖനത്തിൽ ചൂണ്ടിക്കാട്ടി. 

എൻഐഎ അന്വേഷണം വേണ്ട സിബിഐ അന്വേഷണം വേണമെന്നാണ് കോൺഗ്രസ് പറയുന്നത്. ഏത് കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തിനും സംസ്ഥാന സർക്കാരും എൽഡിഎഫും എതിരല്ല. പക്ഷേ, കേന്ദ്ര ഏജൻസികളുടെ ഇപ്പോഴത്തെ അന്വേഷണം ശരിയായ ദിശയിൽ മുന്നോട്ടുപോയാൽ യുഡിഎഫിനും ബിജെപിക്കും അത് ബൂമറാങ്ങാകുമെന്ന ഭയപ്പാട് ഇരുകൂട്ടർക്കുമുണ്ട്.

ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡ പറഞ്ഞത് കേരളത്തിൽ വരുന്ന സ്വർണത്തിന് ചുവപ്പ് നിറമാണെന്നാണ്. എന്നാൽ, ഇതിനകം പുറത്തുവന്ന വാർത്തകൾ വ്യക്തമാക്കുന്നത് ഇതിന്റെ നിറം കാവിയും പച്ചയുമാണെന്നാണ്. കള്ളക്കടത്ത് കേസിലെ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കുന്നതിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സർക്കാരിന്. ആ സർക്കാരിനെതിരെ അഭിനവ ചാരക്കേസ് സൃഷ്ടിച്ച് അരാജകസമരം നടത്താനാണ് കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫും ബിജെപിയും ഇറങ്ങിയിരിക്കുന്നത്.

പിണറായി സർക്കാരിനൊപ്പം പാർട്ടിയും മുന്നണിയും ഒറ്റക്കെട്ടാണ്. പണ്ട് ചാരക്കേസ് സൃഷ്ടിച്ച് ഒരു മുഖ്യമന്ത്രിയെ രാജിവയ്‌പിച്ച അനുഭവം ഉണ്ട്. അത്തരമൊരു അവസ്ഥ ഇന്ന് ഉണ്ടാകുമെന്ന് കോൺഗ്രസുകാർ കരുതേണ്ട. പിണറായി സർക്കാരിനൊപ്പം പാർടിയും മുന്നണിയും ഒറ്റക്കെട്ടായി ഉണ്ട്. ഇനിയും ഒരു ചാരക്കേസ് ചമയ്ക്കാൻ കേരളം സമ്മതിക്കില്ല. സ്വർണക്കടത്തുകേസ് വരും തെരഞ്ഞെടുപ്പുകളിൽ ഇടതുമുന്നണിക്ക് തിരിച്ചടിയാവില്ലെന്നും കോടിയേരി ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com