ക്ലസ്റ്ററുകളില്‍ നിന്നും വന്‍ രോഗപ്പകര്‍ച്ച ; ചെല്ലാനത്ത് 25 പേര്‍ക്ക് ;  എറണാകുളത്ത് സമ്പര്‍ക്ക വ്യാപനം രൂക്ഷം ; മൂന്നുപേര്‍ ഗുരുതരാവസ്ഥയില്‍

രോഗം സ്ഥിരീകരിച്ച 57 പേരില്‍ 51 ഉം സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടവരാണ്
ക്ലസ്റ്ററുകളില്‍ നിന്നും വന്‍ രോഗപ്പകര്‍ച്ച ; ചെല്ലാനത്ത് 25 പേര്‍ക്ക് ;  എറണാകുളത്ത് സമ്പര്‍ക്ക വ്യാപനം രൂക്ഷം ; മൂന്നുപേര്‍ ഗുരുതരാവസ്ഥയില്‍

കൊച്ചി : എറണാകുളം ജില്ലയില്‍ സമ്പര്‍ക്കരോഗ വ്യാപനം വര്‍ധിക്കുന്നു. ജില്ലയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ച 57 പേരില്‍ 51 ഉം സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടവരാണ്. ഇതില്‍ നാലുപേരുടെ ഉറവിടം വ്യക്തമായിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു. 

ജില്ലയില്‍ കോവിഡ് ചികില്‍സയിലുള്ളത് 528 പേരാണ്. 1037 പേരെ കൂടി വീടുകളില്‍ നിരീക്ഷണത്തിലാക്കി. ക്ലസ്റ്ററുകളില്‍ നിന്നും നിരവധി പേര്‍ക്ക് രോഗം പകരുന്നതാണ് ഏറെ വെല്ലുവിളി സൃഷ്ടിക്കുന്നത്. 

ചെല്ലാനം ക്ലസ്റ്ററില്‍ നിന്നും 25 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആലുവ ക്ലസ്റ്ററില്‍ നിന്നാകട്ടെ 15 പേര്‍ക്കും രോഗം പിടിപെട്ടു. കീഴ്മാട് ക്ലസ്റ്ററില്‍ നിന്നും സമ്പര്‍ക്കം വഴി 16 വയസ്സുള്ള ആള്‍ക്കും രോഗം പിടിപെട്ടിട്ടുണ്ട്. 

ജില്ലയില്‍ ചികില്‍സയിലുള്ള മൂന്നുപേരുടെ നില അതീവ ഗുരുതരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. 59 വയസ്സുള്ള ആലുവ എടത്തല സ്വദേശിയാണ് കോവിഡ് ന്യൂമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളത്. കൃത്രിമ ശ്വസനസഹായിയില്‍ ആണ് കഴിയുന്നത്. 

പ്ലാസ്മ തെറാപ്പി. ടോസിലിസുമാബ് തുടങ്ങിയ സാന്ത്വന ചികില്‍സകളും നല്‍കുന്നുണ്ട്. മുട്ടം സ്വദേശിയായ 53 കാരനാണ് മറ്റൊരാള്‍. കോവിഡ് ന്യൂമോണിയ മൂലം ഗുരുതരാവസ്ഥയില്‍ ഐസിയുവിലാണ് ഇദ്ദേഹം. 

67 വയസ്സുള്ള ആലുവ എന്‍എഡി സ്വദേശിയാണ് ഗുരുതരാവസ്ഥയിലുള്ള മൂന്നാമത്തെ രോഗി. കോവിഡ് ന്യൂമോണിയ ബാധിതനായി കൃത്രിമശ്വസനസഹായിയില്‍ ഗുരുതരമായി തുടരുകയാണ്. പ്രമേഹം അനിയന്ത്രിതമായി തുടരുന്നതും നില വഷളാക്കുന്നതായി ആശുപത്രി വൃത്തങ്ങള്‍ സൂചിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com