ജോളിയെ രക്ഷിക്കാന്‍ രഹസ്യനീക്കം ?;  കൂടത്തായി കേസ് അട്ടിമറിക്കാന്‍ ശ്രമം : കെ ജി സൈമണിന്റെ രഹസ്യറിപ്പോര്‍ട്ട് ഡിജിപിക്ക് 

കേസ് അട്ടിമറിക്കുക ലക്ഷ്യമിട്ടു ചേര്‍ന്ന രഹസ്യ യോഗത്തില്‍ ചില സര്‍ക്കാര്‍ അഭിഭാഷകര്‍ പങ്കെടുത്തെന്നും റിപ്പോര്‍ട്ടിലുണ്ട്
ജോളിയെ രക്ഷിക്കാന്‍ രഹസ്യനീക്കം ?;  കൂടത്തായി കേസ് അട്ടിമറിക്കാന്‍ ശ്രമം : കെ ജി സൈമണിന്റെ രഹസ്യറിപ്പോര്‍ട്ട് ഡിജിപിക്ക് 

കോഴിക്കോട് :  കൂടത്തായി കൊലപാതക പരമ്പരക്കേസ് വിചാരണവേളയില്‍ അട്ടിമറിക്കാന്‍ രഹസ്യനീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി അന്വേഷണ സംഘത്തലവനായിരുന്ന പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെ ജി സൈമണ്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് രഹസ്യ റിപ്പോര്‍ട്ട് നല്‍കി. കൂടത്തായി കേസ് അന്വേഷിച്ച സംഘത്തിനെതിരെ ചില അഭിഭാഷകരുടെ നേതൃത്വത്തില്‍ വ്യാജപ്രചാരണങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 

കേസ് അട്ടിമറിക്കുക ലക്ഷ്യമിട്ടു ചേര്‍ന്ന രഹസ്യ യോഗത്തില്‍ ചില സര്‍ക്കാര്‍ അഭിഭാഷകര്‍ പങ്കെടുത്തെന്നും റിപ്പോര്‍ട്ടിലുണ്ട്. കൊല്ലപ്പെട്ട ടോം തോമസിന്റെ പേരിലുള്ള വ്യാജ ഒസ്യത്ത് സാക്ഷ്യപ്പെടുത്തിയ അഭിഭാഷകനെ കേസില്‍ പ്രതി ചേര്‍ത്തതും മുഖ്യപ്രതി ജോളി ജോസഫ് നിയമോപദേശം തേടിയ അഭിഭാഷകനെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതുമാണ് അഭിഭാഷകരെ പ്രകോപിപ്പിച്ചതെന്നാണ് സൂചന. 

കേസില്‍ പ്രതിയാകുമെന്നു കരുതിയ ചിലരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താത്തതിലുള്ള ചിലരുടെ നിരാശയും ഇത്തരം നീക്കങ്ങള്‍ക്കു പിന്നിലുണ്ട്. കൂടത്തായി കൊലപാതക പരമ്പരയിലെ റോയ് തോമസ്, സിലി വധക്കേസുകളുടെ വിചാരണ അടുത്ത മാസം തുടങ്ങാനിരിക്കെയുള്ള ഈ നീക്കം ഗൗരവത്തോടെ കാണണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.

റോയ് തോമസിന്റെ ചില ബന്ധുക്കള്‍ക്ക് പൊലീസ് അന്വേഷണത്തില്‍ അതൃപ്തിയുണ്ടെന്നും ഇവര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിക്കുമെന്നും വ്യാപക പ്രചാരണമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുണ്ടെന്ന് അന്വേഷണസംഘത്തലവന്റെ റിപ്പോര്‍ട്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com