മുഖ്യമന്ത്രിയുടെ കൈ ശുദ്ധം;  ഒന്നും മറച്ചുവെക്കാനില്ല; സര്‍ക്കാരിന് പിന്നില്‍ പാര്‍ട്ടിയും മുന്നണിയും ഉറച്ച് നില്‍ക്കുമെന്ന് സിപിഎം

കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും സര്‍ക്കാരും ആരെയും സംരക്ഷിക്കില്ലെന്നും ഒന്നും ഒളിക്കാനില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍
മുഖ്യമന്ത്രിയുടെ കൈ ശുദ്ധം;  ഒന്നും മറച്ചുവെക്കാനില്ല; സര്‍ക്കാരിന് പിന്നില്‍ പാര്‍ട്ടിയും മുന്നണിയും ഉറച്ച് നില്‍ക്കുമെന്ന് സിപിഎം

തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ സിപിഎമ്മിനും സര്‍ക്കാരിനും ഒന്നും ഒളിയ്ക്കാനില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേസ് മുഖ്യമന്ത്രിയിലേക്ക് ഒതുക്കാന്‍ പ്രതിപക്ഷപാര്‍ട്ടികള്‍ ആസൂത്രിതശ്രമമാണ് നടത്തുന്നത്. കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും സര്‍ക്കാരും ആരെയും സംരക്ഷിക്കില്ലെന്നും ഒന്നും ഒളിക്കാനില്ലെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം കോടിയേരി പറഞ്ഞു. 

യുഎഇ കോണ്‍സുലേറ്റിന് വന്ന ഡിപ്ലോമാറ്റിക് പാര്‍സലിലാണ് സ്വര്‍ണക്കടത്ത് കണ്ടെത്തിയത്. സ്വര്‍ണം പിടികൂടിയ കസ്റ്റംസിന്റെ നിലപാട് ധീരമാണ്. കേസന്വേഷണത്തില്‍ കസ്റ്റംസ് മാത്രം പോരാ എന്‍ഐഎ കൂടിവേണമെന്ന് കേന്ദ്രം നിലപാട് എടുത്തതോടെ അന്വേഷണത്തില്‍ മാറ്റം വന്നതായും കോടിയേരി പറഞ്ഞു. എന്‍ഐഐ അന്വേഷിച്ചതോടെ ഇതുമായി ബന്ധപ്പെട്ട് രാജ്യസുരക്ഷ, തീവ്രവാദ ബന്ധം എന്നിവയെല്ലാം കണ്ടെത്താന്‍ കഴിയും. ഇതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും എന്‍ഐഎ അന്വേഷണത്തില്‍ പുറത്തുവരണം. . ഇത്തരത്തില്‍ വരുന്ന സ്വര്‍ണം ഏതെല്ലാം കാര്യത്തിനാണ് പോകുന്നതെന്നുമുള്ള സമഗ്രമായ അന്വേഷണമാണ് വേണ്ടത്.

സ്വര്‍ണക്കടത്ത് വിഷയത്തില്‍ സര്‍ക്കാരിനും എല്‍ഡിഎഫിനും ഒന്നും മറച്ചുവെക്കാനില്ല. അതുകൊണ്ടാണ് യുക്തമായ ഏജന്‍സി അന്വേഷിക്കട്ടെയെന്ന് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ ഈ സംഭവം മുന്‍നിര്‍ത്തി സിപിഎമ്മിനും സര്‍ക്കാരിനെതിരെയും തിരിച്ചുവിടാനാണ് പ്രതിപക്ഷം ശ്രമിച്ചത്. സ്വര്‍ണംപിടിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസ്  ഇടപെട്ട് എന്ന് പറഞ്ഞത് ബിജെപി സംസ്ഥാന  അധ്യക്ഷന്‍ കെ സുരേന്ദ്രനാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടില്ലെന്ന് കസ്റ്റംസ് വ്യക്തമാക്കിയിട്ടും ആ ആരോപണം തുടരുകയായിരുന്നു. പിടികൂടിയ സ്വര്‍ണം വിട്ടുകൊടുക്കാന്‍ ആവശ്യപ്പെട്ടത് ബിഎംഎസ് പ്രവര്‍ത്തകനാണ്. അത് മറച്ചുവെക്കാനുള്ള കള്ളക്കഥയാണ് ബിജെപി മെനഞ്ഞതെന്നും കോടിയേരി പറഞ്ഞു. 

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട സ്ത്രീക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഐഎഎസ് ഓഫീസറുമായുള്ള ബന്ധമാണ് സര്‍ക്കാരിനെതിരെ തിരിച്ചുവിടുന്നത്. ആരോപണം ഉയര്‍ന്ന സമയത്ത് തന്നെ അയാളെ മാറ്റിനിര്‍ത്തി. പിന്നീട്  ഐടിസെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി. ആ ദിവസം മുതല്‍ ശിവശങ്കരന് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട യാതൊരു ചുമതലയും നല്‍കിയിട്ടില്ല. അന്ന് നടപടിയെടുക്കാതിരുന്നത് കേസ് അന്വേഷിക്കുന്ന കസ്റ്റംസോ എന്‍ഐയോ ശിവശങ്കരനെതിരെ ഒരു റിപ്പോര്‍ട്ടും നല്‍കിയിട്ടില്ല. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് കിട്ടിയ ഉടനെ അദ്ദേഹത്തെ സസ്‌പെന്റ് ചെയ്തതായും കോടിയേരി പറഞ്ഞു

സോളാര്‍കേസിനെ പോലെ വ്യാഖ്യാനിക്കാനാണ് ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. യുഡിഎഫിന്റെ കാലത്തെ മുഖ്യമന്ത്രിയുടെ ഓഫീസുമായാണ ഇവര്‍  താരതമ്യം ചെയ്യുന്നത്. ഇതില്‍ അടിസ്ഥാനമില്ല. സോളാര്‍ കേസില്‍ ഇരയായ സ്ത്രീ മുഖ്യമന്ത്രിക്കെതിരെയും മറ്റ് മന്ത്രിക്കാര്‍ക്കെതിരെയും രംഗത്തുവന്നില്ലേ?. അത്തരത്തില്‍ എന്തെങ്കിലും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഉണ്ടോ. മുഖ്യമന്ത്രിയുടെ കൈയും ഓഫീസും ശുദ്ധമാണെന്ന് കോടിയേരി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com