വീട്ടില്‍ മാസ്‌ക് ഉപയോഗിച്ചില്ല;  ഒരു ഹെയര്‍ സ്റ്റൈലിസ്റ്റിന്റെ കുടുംബത്തിന് മുഴുവന്‍ രോഗബാധയുണ്ടായി;  മുഖ്യമന്ത്രിയുടെ ഓര്‍മ്മപ്പെടുത്തല്‍

മാസ്‌ക് ധരിക്കുന്നതടക്കമുള്ള ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കാത്തത് ഗുരുതരമായ പ്രത്യഘാതങ്ങള്‍ക്ക് വഴിവെക്കുമെന്നും മുഖ്യമന്ത്രി
വീട്ടില്‍ മാസ്‌ക് ഉപയോഗിച്ചില്ല;  ഒരു ഹെയര്‍ സ്റ്റൈലിസ്റ്റിന്റെ കുടുംബത്തിന് മുഴുവന്‍ രോഗബാധയുണ്ടായി;  മുഖ്യമന്ത്രിയുടെ ഓര്‍മ്മപ്പെടുത്തല്‍

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന് മാസ്‌ക് ധരിക്കാത്ത 4944 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍.  ക്വാറന്റെയ്ന്‍ ലംഘിച്ച 12 പേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തു. മാസ്‌ക് ധരിക്കുന്നതടക്കമുള്ള ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കാത്തത് ഗുരുതരമായ പ്രത്യഘാതങ്ങള്‍ക്ക് വഴിവെക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ പുറത്തിറക്കിയ മോര്‍ബിഡിറ്റി ആന്‍ഡ് മോര്‍ട്ടാലിറ്റി വീക്ക്‌ലി റിപ്പോര്‍ട്ടിലാണ് പ്രസക്തമായ പഠനം ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രി ഓര്‍മ്മപ്പെടുത്തിയത്.

നമ്മുടെ ശ്രദ്ധകൊണ്ട് എന്തൊക്കെ നേടാനാകുമെന്ന് ഇന്നു വന്ന ഒരു പഠനം തെളിയിക്കുന്നുണ്ട്. അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ പുറത്തിറക്കിയ മോര്‍ബിഡിറ്റി ആന്‍ഡ് മോര്‍ട്ടാലിറ്റി വീക്ക്‌ലി റിപ്പോര്‍ട്ടിലാണ് പ്രസക്തമായ ഒരു പഠന റിപ്പോര്‍ട്ടുള്ളത്. മിസ്സൂറി സംസ്ഥാനത്തെ സ്പ്രിങ്ഫീല്‍ഡ് നഗരത്തിലെ ഒരു സലൂണില്‍ പണിയെടുത്ത കൊവിഡ് ബാധിതരായ രണ്ടു ഹെയര്‍ സ്‌റ്റൈലിസ്റ്റുകളെക്കുറിച്ചാണ് പഠനം. മെയ് പകുതിയോടെ കൊവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ഇരുവരും രോഗബാധ സ്ഥിരീകരിക്കുന്നതു വരെ ജോലിയില്‍ തുടര്‍ന്നു.

ഇതിനിടയില്‍ 139 പേരാണ് ആ സലൂണിലെത്തി ഇവരുടെ സേവനങ്ങള്‍ സ്വീകരിച്ചത്. ശരാശരി 15 മിനിറ്റാണ് ഓരോ ആളിനുമൊപ്പം ഇവര്‍ ചെലവഴിച്ചത്. രോഗബാധിതരായ ഹെയര്‍ സ്‌റ്റൈലിസ്റ്റുകളുമായി അടുത്തിടപഴകിയിട്ടും ഈ 139 പേര്‍ക്കും രോഗം വന്നില്ല. അതിനുള്ള കാരണമായി പഠനത്തില്‍ പറയുന്നത് ഹെയര്‍ സ്‌റ്റെലിസ്റ്റുകളും മുടിവെട്ടാനെത്തിയവരും കൃത്യമായി മാസ്‌ക് ധരിച്ചിരുന്നു എന്നതാണ്. അവരില്‍ പകുതിപേരും ധരിച്ചത് സാധാരണ തുണി മാസ്‌കുകളാണ്. ബാക്കി ഏറെപ്പേരും ത്രീലെയര്‍ മാസ്‌കാണ് ധരിച്ചത്. ഇതിന് മറ്റൊരു വശവും കൂടിയുണ്ട്. ഇതില്‍ ഒരു ഹെയല്‍ സ്‌റ്റെലിസ്റ്റിന്റെ കുടുംബത്തിന് മുഴുവന്‍ രോഗബാധയുണ്ടായി.

ഇതില്‍ നിന്ന് വ്യക്തമാകുന്നത് അടുത്തിടപഴുകുന്ന ഘട്ടങ്ങളില്‍ കൃത്യമായി മാസ്‌ക് ധരിച്ചാല്‍ രോഗം പടരുന്നത് ഏറെക്കുറെ പൂര്‍ണമായും തടയാനാകും എന്നാണ്. ഈയൊരു ചെറിയ മുന്‍കരുതല്‍ നടപടി വലിയ വിപത്തില്‍ നിന്നു നമ്മെ പ്രതിരോധിക്കുമെങ്കില്‍ ആ പ്രതിരോധവുമായി മുന്നോട്ടു പോകുന്നതാണ് ബുദ്ധി. ഇക്കാര്യത്തില്‍ പരസ്പരം പ്രേരിപ്പിക്കാനും കഴിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com