സ്രവപരിശോധന കഴിഞ്ഞിട്ട് 14 ദിവസം; ഫലം കിട്ടിയില്ല; യുവാവ് പെയ്ഡ് ക്വാറന്റൈനില്‍

ആലപ്പുഴ സ്വദേശിയാണ് സ്രവ പരിശോധന കഴിഞ്ഞ് പതിനാല് ദിവസം കഴിഞ്ഞിട്ടും പെയ്ഡ് ക്വാറന്റൈനില്‍ കഴിയുന്നത്
സ്രവപരിശോധന കഴിഞ്ഞിട്ട് 14 ദിവസം; ഫലം കിട്ടിയില്ല; യുവാവ് പെയ്ഡ് ക്വാറന്റൈനില്‍

കൊച്ചി: വിദേശത്ത് നിന്നെത്തി ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞിട്ടും കോവിഡ് പരിശോധനാ ഫലം പുറത്തുവരാത്തിനാല്‍ വീട്ടില്‍ പോകാന്‍ കഴിയാതെ യുവാവ്. ആലപ്പുഴ സ്വദേശിയാണ് പതിനാല് ദിവസം കഴിഞ്ഞിട്ടും പെയ്ഡ് ക്വാറന്റൈനില്‍ കഴിയുന്നത്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം 14 ദിവസം പെയ്ഡ് ക്വാറന്റൈന്‍  പൂര്‍ത്തിയാക്കിയതോടെയാണ് ഈ മാസം മൂന്നിനു സ്രവം പരിശോധനയ്ക്കായി ശേഖരിച്ചത്. സ്രവമെടുത്ത് 14 ദിവസം കഴിഞ്ഞിട്ടും ഫലം ലഭിച്ചില്ല. മറ്റുള്ളവരുടെ ഫലമറിഞ്ഞ് എല്ലാവരും വീടുകളില്‍ പോകുകയും ചെയ്തു. 

ഗള്‍ഫിലെത്തി ഒരു വര്‍ഷം പോലും പൂര്‍ത്തിയാകും മുന്‍പേ കോവിഡ് പ്രതിസന്ധിയില്‍ ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് ഇദ്ദേഹം നാട്ടിലെത്തിയത്. ഗര്‍ഭിണിയായിരുന്ന ഭാര്യ മാസം തികയാതെ ഇരട്ട കുഞ്ഞുങ്ങള്‍ക്കു ജന്‍മം നല്‍കി. വളര്‍ച്ചയെത്തിയിട്ടില്ലാത്തതിനാല്‍ ഒരു മാസത്തോളമായി കുഞ്ഞുങ്ങള്‍ സ്വകാര്യ ആശുപത്രിയില്‍ എന്‍ഐസിയുവിലാണ്. ഡിസ്ചാര്‍ജായെങ്കിലും ആശുപത്രിയോടു ചേര്‍ന്ന് ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ചാണ് ഇദ്ദേഹത്തിന്റെ ഭാര്യ കുഞ്ഞുങ്ങള്‍ക്കു പാലുകൊടുക്കുന്നത്. 

ഹോം ക്വാറന്റൈന്‍ പൂര്‍ത്തിയായതോടെ വീട്ടില്‍ പോകാമായിരുന്നെങ്കിലും ഫലം എത്താത്തതിനാല്‍ പെയ്ഡ് ക്വാറന്റൈനില്‍ തന്നെ കഴിയാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനെല്ലാമായി ജോലി പോലുമില്ലാതെ വലിയൊരു തുക കണ്ടെത്തേണ്ട സാഹചര്യമാണുള്ളതെന്ന് ഇദ്ദേഹം പറയുന്നു. പ്രായമായ മാതാപിതാക്കളും കുഞ്ഞുങ്ങളും വീട്ടിലുള്ളതിനാല്‍ 28 ദിവസം ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞാലും ഫലം വരാത്തതിനാല്‍ വീട്ടില്‍ പോകാന്‍ സാധിക്കുമോ എന്ന ആശങ്കയിലാണ് ശ്രീരാജ്. 

ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍നിന്ന് ആംബുലന്‍സ് അയച്ചാണ് സ്രവ പരിശോധന നടത്തിയത്. ഫലം എന്താണെന്നു ചോദിച്ചിട്ട് ആശുപത്രി അധികൃതരും കൃത്യമായ മറുപടി നല്‍കാത്ത സാഹചര്യമാണുള്ളത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com