ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊല്ലത്തെ മത്സ്യ മാര്‍ക്കറ്റുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടും ; ജില്ലയിൽ കോവിഡ് ക്ലസ്റ്ററുകൾ ഇല്ലെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ

മത്സ്യബന്ധനത്തിന് പോകുന്നതിനും കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്

കൊല്ലം: കോവിഡ് രോ​ഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് കണക്കിലെടുത്ത് കൊല്ലത്തെ മത്സ്യ മാര്‍ക്കറ്റുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ തീരുമാനിച്ചു. ജില്ലയിലെ മത്സ്യമാര്‍ക്കറ്റ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടാനാണ് ജില്ലാഭരണകൂടത്തിന്റെ തീരുമാനം. ഇതോടെ ജില്ലയിലെ 93 മത്സ്യ ചന്തകള്‍ അടഞ്ഞ് കിടക്കും.

മത്സ്യബന്ധനത്തിന് പോകുന്നതിനും കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളില്‍ നിന്നും മറ്റുള്ളവരിലേക്ക് രോഗം പകരാന്‍ തുടങ്ങിയതോടെയാണ് ജില്ലാ ഭരണകൂടം കർശന നടപടി സ്വീകരിച്ചത്. 

ചില നിബന്ധനകളോടെ മത്സ്യ ബന്ധനത്തിന് അനുമതി നല്‍കാന്‍ നേരത്തേ ജില്ലാഭരണകൂടം ആലോചിച്ചിരുന്നു. എന്നാല്‍ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്നാണ് മത്സ്യബന്ധനത്തിന് പോകുന്നതിനും കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയത്. അതേസമയം തൊഴില്‍ നഷ്ടപ്പെട്ട പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഉടന്‍ സര്‍ക്കാര്‍ വക സഹായധനം നല്‍കും.

അതേ സമയം കൊല്ലത്ത് നിലവിൽ കോവിഡ് ക്ലസ്റ്ററുകൾ ഇല്ലെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. കോവിഡ് രോഗ വ്യാപനം കണക്കിലെടുത്ത് ഒരാഴ്ച്ചക്കകം ചികിത്സക്കായി വിവിധ സ്ഥലങ്ങളിലായി 5000 കിടക്കകൾ സജ്ജമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കൊല്ലത്തെ ചവറ പന്മന പഞ്ചായത്തുകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം നഗരസഭയുടെ ആറ് വാർഡുകളും പരവൂർ നഗരസഭ പൂർണ്ണമായും കണ്ടെയിന്‍മെന്‍റ് സോണുകൾ ആക്കി. ഇതോടെ ജില്ലയിലെ 32 പഞ്ചായത്തുകള്‍ കണ്ടെയിന്‍മെന്‍റ് സോണുകളാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com