ചികിത്സക്ക് ലഭിച്ച പണം ആവശ്യപ്പെട്ട് ഭീഷണി; ഫിറോസ് കുന്നംപറമ്പില്‍, സോജന്‍ കേച്ചേരി എന്നിവര്‍ക്കെതിരെ കേസെടുത്തു

ഫിറോസ് കുന്നംപറമ്പില്‍, സാജന്‍ കേച്ചേരി, ഇവരുടെ സഹായികളായ സലാം, ഷാഹിത് എന്നിവര്‍ക്കെതിരെയാണ് ചേരാനല്ലൂര്‍ പൊലീസ് കേസെടുത്തത്
ചികിത്സക്ക് ലഭിച്ച പണം ആവശ്യപ്പെട്ട് ഭീഷണി; ഫിറോസ് കുന്നംപറമ്പില്‍, സോജന്‍ കേച്ചേരി എന്നിവര്‍ക്കെതിരെ കേസെടുത്തു

കൊച്ചി: അമ്മയുടെ കരള്‍മാറ്റ ചികിത്സക്ക് വേണ്ടി സമൂഹമാധ്യമങ്ങളിലൂടെ സമാഹരിച്ച പണത്തിന്റെ പങ്ക് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയില്‍ നാല് പേര്‍ക്ക് എതിരെ കേസെടുത്തു. ഫിറോസ് കുന്നംപറമ്പില്‍, സാജന്‍ കേച്ചേരി, ഇവരുടെ സഹായികളായ സലാം, ഷാഹിത് എന്നിവര്‍ക്കെതിരെയാണ് ചേരാനല്ലൂര്‍ പൊലീസ് കേസെടുത്തത്. 

വിഷയത്തില്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ ഇടപെട്ടതിന് പിന്നാലെ കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിനിയായ വര്‍ഷ എറണാകുളം ഡിസിപി പൂങ്കുഴലി ഐപിഎസിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ചേരാനല്ലൂര്‍ പൊലീസ് വര്‍ഷയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. 

ജൂണ്‍ 24നാണ് അമ്മ രാധയുടെ കരള്‍മാറ്റ ശസ്ത്രക്രിയക്ക് പണം തേടി വര്‍ഷ ഫേസ്ബുക്ക് ലൈവില്‍ എത്തിയത്. ഫിറോസ് കുന്നുംപറമ്പില്‍ ഉള്‍പ്പെടെയുള്ളവര്‍ വര്‍ഷക്ക് സഹായം അഭ്യര്‍ഥിച്ചുള്ള വീഡിയോ പങ്കുവെച്ചു. 30 ലക്ഷത്തില്‍ താഴെ തുകയാണ് ചികിത്സക്കായി വേണ്ടിയിരുന്നത്. എന്നാല്‍ ഫേസ്ബുക്ക് ലൈവില്‍ എത്തിയതിന് ശേഷമുള്ള ആദ്യ ദിവസം തന്നെ 65 ലക്ഷത്തിലേറെ തുക അക്കൗണ്ടിലേക്ക് എത്തി. 

ഇതോടെ ഇനി ആരും പണം അയക്കേണ്ടതില്ല എന്ന് അറിയിച്ചിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഒരു കോടി 35 ലക്ഷം രൂപയാണ് വര്‍ഷയുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയത്. പിന്നാലെ തനിക്ക് കൂടി കൈകാര്യം ചെയ്യാന്‍ സാധിക്കും വിധം മറ്റൊരു അക്കൗണ്ടിലേക്ക് പണം മാറ്റണം എന്ന വാദവുമായി പണം സമാഹരിക്കാന്‍ സഹായിച്ച സാജന്‍ കേച്ചേരി എന്നയാള്‍ എത്തി. 

സാജന്‍ പറഞ്ഞിട്ടാണ് വിളിക്കുന്നത്, പണം നല്‍കുമെന്ന് പറഞ്ഞു എന്ന വിധത്തില്‍ അപരിചിത നമ്പറുകളില്‍ നിന്ന് കൂടുതല്‍ കോളുകള്‍ വന്നതോടെയാണ് വര്‍ഷ വീണ്ടും ഫേസ്ബുക്ക് ലൈവില്‍ എത്തിയത്. ഫോണിലൂടെയുള്ള ഭീഷണി ഭയന്ന് ഉറങ്ങാന്‍ പോലും പറ്റുന്നില്ല, സാജന്‍ കേച്ചേരി ആവശ്യപ്പെടുന്നത് പോലെ തന്നെയാണ് ഫിറോസ് കുന്നംപറമ്പിലും തന്നെ ഫോണില്‍ നിരന്തരം വിളിച്ചുകൊണ്ടിരിക്കുന്നതെന്നും വര്‍ഷ പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com