തീരദേശത്ത് പൂര്‍ണ ലോക്ക്ഡൗണ്‍ ; മൂന്ന് മേഖലകള്‍ ; യാത്രയ്ക്ക് വിലക്ക്

ഓരോ സോണിലും രണ്ട് മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍മാരെ വീതം ഇന്‍സിഡന്റ് കമാന്‍ഡര്‍മാരായി നിയമിച്ചു
തീരദേശത്ത് പൂര്‍ണ ലോക്ക്ഡൗണ്‍ ; മൂന്ന് മേഖലകള്‍ ; യാത്രയ്ക്ക് വിലക്ക്

തിരുവനന്തപുരം : സംസ്ഥാനത്തെ തീരപ്രദേശങ്ങള്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണിലേക്ക്. ഇതിന്റെ ഉത്തരവ് ഇന്ന് സർക്കാർ പുറത്തിറക്കും. തലസ്ഥാന നഗരത്തോട് ചേര്‍ന്ന തീരമേഖലകളില്‍ സമൂഹവ്യാപനമാണ് ഉണ്ടായിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. നഗരത്തോട് ചേര്‍ന്നുകിടക്കുന്ന പൂന്തുറ, വിഴിഞ്ഞത്തിനടുത്തെ പുല്ലുവിള എന്നീ തീരപ്രദേശങ്ങളിലാണ് രോഗവ്യാപനം അതിതീവ്രമായി സമൂഹവ്യാപനത്തിലേക്ക് എത്തിയത്. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളില്‍ തിരുവനന്തപുരത്ത് മാത്രം 1006 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതില്‍ 813 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്.

കൂടാതെ, പുല്ലുവിള, വള്ളക്കടവ്, പുതിയതുറ, പെരുമാതുറ, വിഴിഞ്ഞം, കോട്ടപ്പുറം, പുതുക്കുറിച്ചി, ബീമാപള്ളി, പുതിയതുറ, വെട്ടുതുറ, കൊച്ചുതുറ, കോവളം, മുല്ലൂര്‍ എന്നിവിടങ്ങളിലുള്ളവര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇന്നുമുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. തീരമേഖലകളിലുള്ളവര്‍ പുറത്തേക്ക് പോകുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇതിനായി തീരമേഖലയെ മൂന്ന് സോണായി തിരിച്ചു. അഞ്ചുതെങ്ങുമുതല്‍ പെരുമാതുറ വരെയാണ് ഒന്നാമത്തെ സോണ്‍. പെരുമാതുറ മുതല്‍ വിഴിഞ്ഞംവരെ രണ്ടാമത്തെ സോണും വിഴിഞ്ഞം മുതല്‍ ഊരമ്പുവരെ മൂന്നാമത്തെ സോണുമാണ്. ഓരോസോണുകളുടെയും ചുമതല പ്രത്യേകം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വീതിച്ചു നല്‍കി. അഞ്ചുതെങ്ങുമുതല്‍ പെരുമാതുറവരെയുള്ള മേഖലയുടെ ചുമതല ട്രാഫിക് സൗത്ത് എസ്പി ബി കൃഷ്ണകുമാറിനും വേളി മുതല്‍ വിഴിഞ്ഞം വരെയുള്ള മേഖലയുടെ ചുമതല വിജിലന്‍സ് എസ്പി കെ ഇ ബൈജുവിനുമാണ്.
 
കാഞ്ഞിരംകുളം മുതല്‍ പൊഴിയൂര്‍ വരെയുള്ള മേഖല പൊലീസ് ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പല്‍ കെ എല്‍ ജോണ്‍കുട്ടിയുടെ നിയന്ത്രണത്തിലായിരിക്കും. മൂന്നു മേഖലകളിലേക്കും ഡിവൈഎസ്പിമാരെയും നിയോഗിച്ചിട്ടുണ്ട്. ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥരുടെ സേവനവും ഈ സംവിധാനം നടപ്പാക്കുന്നതിന് വിനിയോഗിക്കും.
 
ഓരോ സോണിലും രണ്ട് മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍മാരെ വീതം ഇന്‍സിഡന്റ് കമാന്‍ഡര്‍മാരായി നിയമിച്ചു.
 
സോണ്‍ ഒന്ന്: ഹരികിഷോര്‍, യു വി ജോസ്, സോണ്‍ രണ്ട്: എം ജി രാജമാണിക്യം, ബാലകിരണ്‍, സോണ്‍ 3: വെങ്കിടേശപതി, ബിജു പ്രഭാകര്‍ എന്നിങ്ങനെയാണ് ചുമതല.  
 
ഇതിനുപുറമെ ആവശ്യം വന്നാല്‍ ശ്രീവിദ്യ, ദിവ്യ എസ് അയ്യര്‍ എന്നിവരുടെയും സേവനം വിനിയോഗിക്കും. കൂടാതെ ആരോഗ്യകാര്യങ്ങള്‍ വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കും.
 
സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ പൊലീസിന്റെ നേതൃത്വത്തില്‍ പ്രത്യേക സംവിധാനത്തിനും രൂപം നല്‍കിയിട്ടുണ്ട്. സിറ്റി പൊലീസ് കമീഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ ആകും ഈ സംവിധാനത്തിന്റെ  ചുമതലയുള്ള സ്‌പെഷ്യല്‍ ഓഫീസര്‍. സഹായത്തിന് തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാര്‍ ഗുരുഡിനും ഉണ്ടാകും. ക്രമസമാധാന വിഭാഗം എഡിജിപി ഡോ. ഷേക്ക് ദര്‍വേഷ് സാഹിബിനാണ് മേല്‍നോട്ടച്ചുമതല.
 
പദ്ധതിയുടെ നടത്തിപ്പ് നിരീക്ഷിക്കാന്‍ അഞ്ചുതെങ്ങ് കോസ്റ്റല്‍, വലിയതുറ, പൂവാര്‍ കോസ്റ്റല്‍ പൊലീസ് സ്‌റ്റേഷനുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക കണ്‍ട്രോള്‍ റൂം ഒരുക്കി. ആരോഗ്യം, പൊലീസ്, കോര്‍പറേഷന്‍, പഞ്ചായത്തുകള്‍ എന്നിവ സംയുക്തമായാണ് പ്രതിരോധം. എല്ലാ വിവരങ്ങളും കണ്‍ട്രോള്‍ റൂമില്‍ ലഭ്യമാക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com