ദേശീയ പാതയിലെ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ വാഹനം നിര്‍ത്തരുത്; പരീക്ഷകള്‍ മാറ്റിവയ്ക്കും; തീരപ്രദേശത്തെ നിയന്ത്രണങ്ങളും ഇളവുകളും ഇങ്ങനെ

മുന്‍ നിശ്ചയപ്രകാരം നടത്താനിരുന്ന പരീക്ഷകള്‍ എല്ലാം ഈ സോണുകളില്‍ മാറ്റിവയ്ക്കും.
ദേശീയ പാതയിലെ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ വാഹനം നിര്‍ത്തരുത്; പരീക്ഷകള്‍ മാറ്റിവയ്ക്കും; തീരപ്രദേശത്തെ നിയന്ത്രണങ്ങളും ഇളവുകളും ഇങ്ങനെ

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശങ്ങള്‍ ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ജൂലൈ 28 അര്‍ദ്ധരാത്രി വരെ 10 ദിവസത്തേക്കാണ് നിയന്ത്രണം. ഈ ദിവസങ്ങളില്‍ ഒരുതരത്തിലുള്ള ലോക്ക്ഡൗണ്‍ ഇളവുകളും ഈ പ്രദേശങ്ങളില്‍ ഉണ്ടാകില്ല. തീരപ്രദേശങ്ങളെ മൂന്നു സോണുകളായി തിരിച്ചാണ് നിയന്ത്രണം.

ഇടവ, വെട്ടൂര്‍, അഞ്ചുതെങ്ങ്, കടയ്ക്കാവൂര്‍, വക്കം ഗ്രാമപഞ്ചായത്ത്, വര്‍ക്കല മുന്‍സിപ്പാലിറ്റി എന്നിവിടങ്ങളിലെ തീരപ്രദേശങ്ങള്‍ സോണ്‍ ഒന്നിലും ചിറയിന്‍കീഴ്, കഠിനംകുളം ഗ്രാമപഞ്ചായത്ത്, തിരുവനന്തപുരം കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലെ തീരപ്രദേശങ്ങള്‍ സോണ്‍ രണ്ടിലും കോട്ടുകാല്‍, കരിംകുളം, പൂവാര്‍, കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെ തീരപ്രദേശങ്ങള്‍ സോണ്‍ മൂന്നിലും ഉള്‍പ്പെടും.

മുന്‍ നിശ്ചയപ്രകാരം നടത്താനിരുന്ന പരീക്ഷകള്‍ എല്ലാം ഈ സോണുകളില്‍ മാറ്റിവയ്ക്കും. അവശ്യ സര്‍വീസുകളില്‍ ഉള്‍പ്പെടാത്ത കേന്ദ്രസംസ്ഥാന സര്‍ക്കാരിനു കീഴിലുള്ളതും മറ്റ് അനുബന്ധ ഓഫീസുകളും പ്രവര്‍ത്തിക്കില്ല. ആവശ്യമെങ്കില്‍ വര്‍ക്ക് ഫ്രം ഹോം സംവിധാനം ഉപയോഗപ്പെടുത്തണം. ആശുപത്രികള്‍, മെഡിക്കല്‍ അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് പ്രവര്‍ത്തന അനുമതിയുണ്ട്. ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ്് സോണുകളിലെ ദേശീയപാതയിലൂടെ ഗതാഗതം അനുവദിക്കും. എന്നാല്‍ ഈ പ്രദേശങ്ങളില്‍ വാഹനം നിര്‍ത്താന്‍ പാടില്ല.

പാല്‍, പച്ചക്കറി, പലചരക്ക് കടകള്‍ ഇറച്ചികടകള്‍ എന്നിവയ്ക്ക് രാവിലെ ഏഴുമണി മുതല്‍ വൈകിട്ട് നാലുമണിവരെ പ്രവര്‍ത്തിക്കാം. ഓരോ കുടുംബത്തിനും അഞ്ച് കിലോ അരി, ഒരുകിലോ ധാന്യം എന്നിവ സിവില്‍ സപ്ലൈസിന്റെ നേതൃത്വത്തില്‍ നല്‍കും. പ്രദേശങ്ങളില്‍ ഹോര്‍ട്ടികോര്‍പ്പ്, സപ്ലൈകോ, കെപ്‌കോ എന്നിവയുടെ മൊബൈല്‍ വാഹനങ്ങള്‍ എത്തിച്ച് വില്‍പ്പന നടത്തും. ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ മൊബൈല്‍ എടിഎം സൗകര്യവും ഒരുക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com