സ്വര്‍ണക്കടത്ത് : ഫൈസല്‍ ഫരീദിനെതിരെ ഇന്റര്‍പോളിന്റെ ലുക്ക് ഔട്ട് നോട്ടീസ് ; ബാങ്ക് ഇടപാടും പരിശോധിക്കും

ഫൈസലിന്റെ തൃശ്ശൂരിലെ വീട്ടിൽ ഇന്നലെ കസ്റ്റംസ് നടത്തിയ റെയ്ഡിൽ മൂന്ന് ബാങ്ക് പാസ് ബുക്കുകളും ലാപ്ടോപ്പും പിടിച്ചെടുത്തിരുന്നു
സ്വര്‍ണക്കടത്ത് : ഫൈസല്‍ ഫരീദിനെതിരെ ഇന്റര്‍പോളിന്റെ ലുക്ക് ഔട്ട് നോട്ടീസ് ; ബാങ്ക് ഇടപാടും പരിശോധിക്കും

കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ ഒളിവിൽ കഴിയുന്ന മുഖ്യപ്രതി ഫൈസൽ ഫരീദിനെതിരെ ഇന്റർപോൾ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇന്ത്യയുടെ അഭ്യർത്ഥന പ്രകാരമാണ് നോട്ടീസ്. ഏത് വിമാനത്താവളം വഴി കടന്നാലും പിടികൂടാനാണ് നടപടി. സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതിയാണ് ഫൈസൽ ഫരീദ്.

ഇന്റര്‍ പോളിന്റെ സഹായത്തോടെ ഫൈസല്‍ ഫരീദിനെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ഫൈസലാണ് യുഎഇയിലെ സ്വർണക്കടത്തിന്റെ പ്രധാനകണ്ണിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഒരു സുഹൃത്ത് വഴി ബന്ധപ്പെട്ട് ഇയാളെവിടെയാണെന്നും കസ്റ്റംസ് മനസിലാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം  ഇയാളെ നാട് കടത്തണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രാലയം യുഎഇ ഭരണകൂടത്തിന് ഔദ്യോഗികമായി കത്ത് നൽകിയിട്ടുണ്ട്. ഇതിന് ശേഷം ഇയാൾ ഒളിവിൽ പോയതായാണ് വിവരം. നേരത്തെ ഫൈസല്‍ ഫരീദിന്റെ പാസ്‌പോര്‍ട്ട് ഇന്ത്യ റദ്ദ് ചെയ്തിരുന്നു.

ഫൈസലിന്റെ തൃശ്ശൂരിലെ വീട്ടിൽ ഇന്നലെ കസ്റ്റംസ് നടത്തിയ റെയ്ഡിൽ മൂന്ന് ബാങ്ക് പാസ് ബുക്കുകളും ലാപ്ടോപ്പും പിടിച്ചെടുത്തിരുന്നു. ഈ ബാങ്കുകളിൽ ഇന്ന് പരിശോധന നടത്തും. ഫൈസലിന് ഇവിടെ ലോക്കറുകൾ ഉണ്ടോ എന്നതും പരിശോധിക്കും. കഴിഞ്ഞ ഒന്നര വർഷമായി പൂട്ടിക്കിടക്കുന്ന വീട്ടിൽ ഉച്ചയോടെയാണ് കസ്റ്റംസ് എത്തിയത്. വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ സീൽ വെച്ച് മടങ്ങാനായിരുന്നു ആദ്യം തീരുമാനിച്ചത്. പിന്നീട് ബന്ധുക്കളുമായി ബന്ധപ്പെട്ടപ്പോഴാണ് ഇവരുടെ പക്കൽ താക്കോലുണ്ടെന്ന് മനസിലായത്. ഇതോടെയാണ് വീട് തുറന്ന് പരിശോധിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com