കടലാസ് പദ്ധതികളുമായി വരുന്ന മാരീചന്മാരെ തിരിച്ചറിയണം; കണ്‍സള്‍ട്ടന്‍സി കരാറില്‍ സര്‍ക്കാരിനെതിരെ സിപിഐ 

വിവിധ പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കണ്‍സള്‍ട്ടന്‍സികളെ നിയോഗിച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ
കടലാസ് പദ്ധതികളുമായി വരുന്ന മാരീചന്മാരെ തിരിച്ചറിയണം; കണ്‍സള്‍ട്ടന്‍സി കരാറില്‍ സര്‍ക്കാരിനെതിരെ സിപിഐ 

തിരുവനന്തപുരം: വിവിധ പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കണ്‍സള്‍ട്ടന്‍സികളെ നിയോഗിച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ. കണ്‍സള്‍ട്ടന്‍സികളുടെ ചൂഷണം സര്‍ക്കാര്‍ ഒഴിവാക്കണം. ടെന്‍ഡര്‍ ഇല്ലാതെ കോടികളുടെ കരാറാണ് ചിലര്‍ നേടുന്നത്. ഈ കരാറുകള്‍ മറിച്ചു കൊടുക്കുന്ന സംഭവങ്ങള്‍ വരെ ഉണ്ടാകുന്നതായി സിപിഐ മുഖപത്രമായ ജനയുഗത്തിലെ ലേഖനം വിമര്‍ശിക്കുന്നു. സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബുവാണ് സര്‍ക്കാരിനെതിരെ രംഗത്തുവന്നത്.

കേരളത്തില്‍ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍, കെപിഎംജി ഉള്‍പ്പെടെ 45 ല്‍ പരം കണ്‍സള്‍ട്ടന്‍സി സര്‍വീസുകള്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒഴിവാക്കാന്‍ കഴിയുന്ന ചൂഷണമാണ് ഇവര്‍ നടത്തുന്നത്. പരസ്യ ടെന്‍ഡര്‍ ഇല്ലാതെ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സഹകരണ സ്ഥാപന പദവികള്‍ ഉപയോഗിച്ച് കോടികളുടെ കരാര്‍ നേടുകയും അത് വന്‍കിട-ചെറുകിടക്കാര്‍ക്ക് മറിച്ച് കൊടുത്ത് കമ്മീഷന്‍ വാങ്ങിച്ചു മാത്രം പ്രവര്‍ത്തിക്കുന്ന ചില സ്ഥാപനങ്ങളും ഉണ്ട്. ഇതെല്ലാം ഒഴിവാക്കേണ്ടതാണെന്ന് ലേഖനം പറയുന്നു.

കേരളത്തില്‍ നടന്ന സ്വര്‍ണ കള്ളക്കടത്തിനെ വെറും ഒരു പൈങ്കിളി കഥയാക്കി ചിത്രീകരിച്ച് യഥാര്‍ത്ഥ കുറ്റകൃത്യത്തെ ലഘൂകരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. അവര്‍ പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കുന്നില്ല. ഇവിടെ കുറ്റവാളികള്‍ സ്ത്രീയോ പുരുഷനോ എന്നതല്ല പ്രധാനം. കള്ളക്കടത്തിന്റെ യഥാര്‍ത്ഥ ഡോണുകള്‍ സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ഇതില്‍ കണ്ണികളാക്കുന്നു. അഭ്യസ്തവിദ്യരായ യുവതീയുവാക്കളെ അധികാരസ്ഥാനങ്ങളെ സ്വാധീനിക്കാന്‍ നിയോഗിക്കുന്നു. അവരെ ഐടി പ്രൊഫഷണല്‍ എന്ന നിലയില്‍ വിദേശ കണ്‍സള്‍ട്ടന്‍സികളുടെയും കരാറുകളുടെയും മറവില്‍ താക്കോല്‍ സ്ഥാനങ്ങളില്‍ പ്രതിഷ്ഠിക്കുന്നു.

തന്ത്രപ്രധാനമായ സ്ഥാനങ്ങളില്‍ അല്ലെങ്കില്‍ തന്നെയും അവരുടെ ആകര്‍ഷകമായ സംഭാഷണ ചാതുര്യവും പ്രസരിപ്പും ഒരു മുതലാളിത്ത സാമൂഹ്യവ്യവസ്ഥയില്‍ അധികാരത്തിലിരിക്കുന്ന പലരെയും സ്വാധീനിക്കുന്നുണ്ടാവാം. വ്യവസായ വികസനത്തിന്റെ പേരിലും സമ്പദ്ഘടനാ വളര്‍ച്ചയ്ക്കുമെന്ന പേരിലും ഐടി സഹായത്താല്‍ വെറും കടലാസ് പ്രോജക്ടുകളുമായി ഭരണതലങ്ങളില്‍ സ്വാധീനിക്കാനും സര്‍ക്കാര്‍ പണം കൈക്കലാക്കാനും വരുന്ന ആധുനിക മാരീചന്മാരെ ഇടതുപക്ഷം അധികാരത്തിലിരിക്കുമ്പോള്‍ തിരിച്ചറിയണം. ഇത്തരം പ്രതിഭാസങ്ങള്‍ ഒരിക്കലും ആവര്‍ത്തിക്കാന്‍ പാടില്ല. എന്തായാലും ഐ റ്റി വകുപ്പ് നടത്തിയ കരാര്‍, കണ്‍സള്‍ട്ടന്‍സി നിയമനങ്ങളെല്ലാം അന്വേഷിക്കാന്‍ സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനം സ്വാഗതാര്‍ഹമാണ്. 

വിദേശ കോണ്‍സുലേറ്റ് ഓഫീസുകളുമായി ബന്ധപ്പെടുന്നതിനെ സംബന്ധിച്ച് മന്ത്രി ജലീലിനെ ലേഖനം പരോക്ഷമായി വിമര്‍ശിക്കുന്നുണ്ട്. വിദേശ കോണ്‍സുലേറ്റുമായി ബന്ധപ്പെടുന്നതിന് രാജ്യത്ത്  വ്യക്തമായ നിയമങ്ങളും ചട്ടങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളുമുണ്ട്. അത് ചിലര്‍ ദുരുപയോഗം ചെയ്യുന്നു എന്നതും അന്വേഷിക്കേണ്ടതാണെന്നും ലേഖനം ഓര്‍മ്മിപ്പിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com