റിസോർട്ട് വളഞ്ഞു; ചെറുക്കാൻ ശ്രമിച്ചപ്പോൾ മൽപ്പിടിത്തം; ​​ഗുണ്ടാ സംഘം പൊലീസ് വലയിൽ

റിസോർട്ട് വളഞ്ഞു; ചെറുക്കാൻ ശ്രമിച്ചപ്പോൾ മൽപ്പിടിത്തം; ​​ഗുണ്ടാ സംഘം പൊലീസ് വലയിൽ
റിസോർട്ട് വളഞ്ഞു; ചെറുക്കാൻ ശ്രമിച്ചപ്പോൾ മൽപ്പിടിത്തം; ​​ഗുണ്ടാ സംഘം പൊലീസ് വലയിൽ

കൊച്ചി: നാടൻ ബോംബെറിഞ്ഞ് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച ഗുണ്ടാ സംഘത്തെ പൊലീസ് സാഹസികമായി പിടികൂടി. കൊമ്പനാട് ക്രാരിയേലി മാങ്കുഴി വീട്ടിൽ ലാലു (25) കാലടി മാണിക്കമംഗലം തറിക്കുടത്ത് വീട്ടിൽ ശ്യാം (33) വേങ്ങൂർ തുരുത്തി കാവിംകുടി വീട്ടിൽ വിഷ്ണു (24) വേങ്ങൂർ മുടക്കുഴ മറ്റേപ്പാടൻ വീട്ടിൽ ലിയോ (26) എന്നിവരാണ് പിടിയിലായത്. ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളിലെ പ്രതികളാണിവർ. റൂറൽ ജില്ലാ പൊലീസ് മേധാവി കെ കാർത്തിക് ഐപിഎസിന്റെ നേതൃത്യത്തിലുള്ള പ്രത്യേക സംഘമാണ് ഇവരെ പിടികൂടിയത്. 

കഴിഞ്ഞ 17ന് പെരുമ്പാവൂരിലെ തുരുത്തിയിൽ എതിർ സംഘത്തിലെ യുവാവിനെ അനുരഞ്ജന ചർച്ചക്കെന്ന പേരിൽ വിളിച്ചു വരുത്തി നാടൻ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു സംഘം. ഗുരുതരമായി പരിക്കേറ്റ ഇയാൾ ചികിത്സയിലാണ്. തുടർന്ന് നാടുവിട്ട സംഘം പലയിടങ്ങളിലായി ഒളിച്ചു താമസിക്കുകയായിരുന്നു. ഇവർ കോതമംഗലം പാലമറ്റത്തെ ഒരു റിസോർട്ടിലുണ്ടെന്ന് വിവരം കിട്ടിയതിനെ തുടർന്ന് സ്ഥലം പൊലീസ് വളയുകയായിരുന്നു. 

പൊലീസിനെ കണ്ട് ചെറുത്തു നിൽക്കാൻ ശ്രമിച്ച ഇവരെ മൽപ്പിടുത്തതിലൂടെയാണ് കീഴടക്കിയത്. പ്രതികൾ ഇടുക്കിയിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു. ഇവരിൽ നിന്ന് മാരകായുധങ്ങളും നാടൻ ബോംബും കണ്ടെടുത്തു. 

പെരുമ്പാവൂർ ഡിവൈഎസ്പി ബിജുമോൻ, കുറുപ്പംപടി എസ്എച്ച്ഒ കെആർ മനോജ്, എസ്ഐമാരായ റിൻസ്, രാജൻ, എഎസ്ഐമാരായ പുഷ്പാംഗദൻ, മനോജ്, ഇസ്മയിൽ, സിപിഒമാരായ സെലിൻ, ബേസിൽ, മാഹിൻഷാ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com