പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പ്രസം​ഗം കേട്ടതോടെ കുറ്റബോധം ; വീട്ടമ്മയ്ക്ക് ലഭിച്ചത് 36 കൊല്ലം മുമ്പ് നഷ്ടമായ മാലയുടെ വില

വെള്ളിയാഴ്ചയിലെ ജുമുഅ നമസ്കാരത്തോടനുബന്ധിച്ച് മഹല്ലു ഖാസി എം എ അബ്ദുസ്സലാം നടത്തിയ ഖുത്തുബയാണ് മോഷ്ടാവിന്റെ മനസ്സുമാറ്റിയത്

കോഴിക്കോട് : പുരോഹിതന്റെ ഉദ്ബോധനപ്രസം​ഗം കേട്ടതോടെ മോഷ്ടാവിന് കുറ്റബോധം. വീട്ടമ്മയ്ക്ക് തിരികെ കിട്ടിയത് 36 കൊല്ലം മുൻ‌പു കളവുപോയ മാലയുടെ വില. കൊടിയത്തൂർ മഹല്ലിലെ മാട്ടുമുറിക്കൽ ഇയ്യാത്തുവിനാണ് (55) മൂന്നര പതിറ്റാണ്ടു മുമ്പ് നഷ്ടപ്പെട്ട രണ്ടു പവൻ സ്വർണ മാലയുടെ വില തിരിച്ചു കിട്ടിയത്.

വെള്ളിയാഴ്ചയിലെ ജുമുഅ നമസ്കാരത്തോടനുബന്ധിച്ച് മഹല്ലു ഖാസി എം എ അബ്ദുസ്സലാം നടത്തിയ ഖുത്തുബയാണ് മോഷ്ടാവിന്റെ മനസ്സുമാറ്റിയത്. പ്രായശ്ചിത്തവും തെറ്റും തിരുത്തലും എന്ന വിഷയത്തിലായിരുന്നു മുസല്യാരുടെ പ്രസംഗം.  കുറ്റബോധം കൊണ്ടു നീറിയ മോഷ്ടാവ് സുഹൃത്തു വഴി ഖാസിയുമായി മോഷണക്കഥ പങ്കുവച്ചു.

ഖാസിയുടെ നിർദേശപ്രകാരം സുഹൃത്തു മുഖേന മാലയുടെ വില ഇയ്യാത്തുവിന്റെ വീട്ടിലെത്തിച്ചു കൊടുക്കുകയായിരുന്നു. പട്ടിണിക്കാലത്തു നിവൃത്തികേടു കൊണ്ടു ചെയ്ത മോഷണം പൊറുക്കണമെന്നും അപേക്ഷിച്ചു. സന്തോഷത്തോടെ തുക ഏറ്റുവാങ്ങിയ ഇയ്യാത്തു മോഷ്ടാവിനോടു ക്ഷമിക്കുകയും, അകമഴിഞ്ഞു പ്രാർഥിക്കുകയും ചെയ്തു.

ഇയ്യാത്തുവിന്റെ വിവാഹസമയത്ത് മാതാവ് കൂലിവേല ചെയ്തു വാങ്ങിക്കൊടുത്തതായിരുന്നു മാല. ഇയ്യാത്തുവിന്റെ പത്തൊൻപതാം വയസ്സിൽ വീട്ടിൽ നിന്നു മാല കളവു പോകുമ്പോൾ പവന് 1600 രൂപയോളമായിരുന്നു വില. ഇന്നത്തെ വിപണി വിലയനുസരിച്ച് എഴുപത്തി രണ്ടായിരത്തിൽ പ്പരം രൂപ ലഭിക്കണം. അത്രയുമില്ലെങ്കിലും  മോശമല്ലാത്തൊരു തുക പഴയ കള്ളൻ കൈമാറിയതായാണ് റിപ്പോർട്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com