മന്ത്രിമാരുടെ ഓഫീസുകളില്‍ പിടിമുറുക്കാന്‍ സിപിഎം ; പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ യോഗം വ്യാഴാഴ്ച

സ്വര്‍ണക്കടത്ത് അടക്കമുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മന്ത്രിമാരുടെ ഓഫീസിന്റെ പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണം കടുപ്പിക്കാനാണ് തീരുമാനം
മന്ത്രിമാരുടെ ഓഫീസുകളില്‍ പിടിമുറുക്കാന്‍ സിപിഎം ; പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ യോഗം വ്യാഴാഴ്ച

തിരുവനന്തപുരം : വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് കടിഞ്ഞാണുമായി സിപിഎം. എല്ലാ സിപിഎം മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെയും യോഗം പാര്‍ട്ടി വിളിച്ചു. ഈ മാസം 23 നാണ് ( വ്യാഴാഴ്ച ) യോഗം. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കെടുക്കും. 

സ്വര്‍ണക്കടത്ത് അടക്കമുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മന്ത്രിമാരുടെ ഓഫീസിന്റെ പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണം കടുപ്പിക്കാനാണ് തീരുമാനം. മന്ത്രിമാരുടെ ഓഫീസുകളില്‍ പാര്‍ട്ടിക്ക് നിയന്ത്രണമില്ലെന്ന് കഴിഞ്ഞ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. പാര്‍ട്ടി സെന്റര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രതയോടെ ഇടപെടണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു. 

ഇടത് മുന്നണി നേതൃയോഗം ഈ മാസം 28 ന് തിരുവനന്തപുരത്ത് യോഗം ചേരും. കണ്‍സള്‍ട്ടന്‍സി കരാറുകളും സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായി ഉയര്‍ന്ന ആരോപണങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. മന്ത്രി ജലീലിന്റെ നടപടിയിലും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നേക്കും. 

സ്പ്രിംക്ലര്‍ കരാര്‍ മുതലിങ്ങോട്ട് വിവിധ കണ്‍സള്‍ട്ടന്‍സി കരാറുകളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ കടുത്ത വിമര്‍ശനമാണ് സിപിഐ അടക്കമുള്ള ഘടക കക്ഷികള്‍ ഉന്നയിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന് സ്വര്‍ണക്കടത്തുകേസ് പ്രതികളുമായുള്ള അടുപ്പവും തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്യേണ്ടി വന്നതും ഇടതുമുന്നണിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചെന്നാണ് ഘടകകക്ഷികളുടെ വിലയിരുത്തല്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com