രാജാക്കാട് സമൂഹവ്യാപന ആശങ്കയില്‍ ; കോവിഡ് ബാധിതര്‍ 36 ആയി, ഉറവിടം അറിയാത്തവര്‍ നിരവധി ; ഹൈറേഞ്ചിലെ ഏഴ് ആശുപത്രികള്‍ അടച്ചു

ജില്ലയിലാകെ ഇപ്പോള്‍ 259 രോഗികളാണ് ചികില്‍സയിലുള്ളത്. പുതുതായി 49 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്
ഫയൽ ചിത്രം
ഫയൽ ചിത്രം

ഇടുക്കി: ഇടുക്കിയിലെ രാജാക്കാട് സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണമാകുന്നു. ഇടുക്കിയിലെ ക്ലസ്റ്ററായ രാജാക്കാട് സമൂഹവ്യാപനത്തിന്റെ വക്കിലാണ്. രാജാക്കാട്ടെ കോവിഡ് രോഗികളുടെ എണ്ണം 36 ആയി. സമ്പര്‍ക്കത്തിലൂടെ രോഗം വന്നവരാണ് ഏറെയും. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ എട്ടുപേരുടെ ഉറവിടം കണ്ടെത്താനായിട്ടില്ല.

സമ്പര്‍ക്ക രോഗികളുടെയും ഉറവിടമറിയാത്ത രോഗികളുടെയും എണ്ണം ദിനംപ്രതി കൂടുകയാണ്. ഈ സാഹചര്യത്തില്‍ രാജാക്കാട് പഞ്ചായത്തിലെ ആറ് വാര്‍ഡുകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തി. മറ്റ് വാര്‍ഡുകളില്‍ കടുത്ത നിയന്ത്രണങ്ങളുമുണ്ട്.

അതിര്‍ത്തി മേഖലയായതിനാല്‍ തമിഴ്‌നാട്ടില്‍ നിന്ന് അനധികൃതമായി നിരവധി പേര്‍ ഇവിടെയെത്തിയിട്ടുണ്ട്. ഇവരെയടക്കം മേഖലയില്‍ മുഴുവന്‍ പരിശോധന നടത്തിയാലെ സാമൂഹിക വ്യാപനം തടയാന്‍ സാധിക്കുകയുള്ളൂ എന്ന അഭിപ്രായം ശക്തമായിട്ടുണ്ട്.

ജില്ലയിലാകെ ഇപ്പോള്‍ 259 രോഗികളാണ് ചികില്‍സയിലുള്ളത്. പുതുതായി 49 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇടുക്കി ഹൈറേഞ്ചിലെ ഏഴ് ആശുപത്രികള്‍ അടച്ചു. കഴിഞ്ഞദിവസം അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍ക്ക് രോഗം സ്ഥിരീകരിച്ച മൂന്നാര്‍ ടാറ്റാ ടീ ആശുപത്രിയിലെ ഒരു വനിതാ ഡോക്ടറുടെയും രണ്ട് ജീവനക്കാരുടെയും ഫലംകൂടി പോസിറ്റീവായി.

തിരുവനന്തപുരത്തെ കണ്ടെയ്ന്‍മെന്റ് സോണില്‍പ്പോയി വന്ന ഡോക്ടര്‍ക്കാണ് ആദ്യം രോഗം കണ്ടെത്തിയത്. ഇദ്ദേഹത്തോട് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിച്ചെങ്കിലും ഇതിന് തയ്യാറാകാതെ ആശുപത്രിയിലെത്തുകയായിരുന്നു. ഇതേത്തുടര്‍ന്ന് ആശുപത്രിയിലെ മറ്റൊരു ഡോക്ടര്‍ക്കും രണ്ട് ജീവനക്കാര്‍ക്കും രോഗം പകര്‍ന്നു. ഈ ആശുപത്രിയില്‍ എത്തിയ ആളുകള്‍ മൂന്നാറില്‍ കറങ്ങിനടന്നതായും റിപ്പോര്‍ട്ടുണ്ട്. ഇതോടെ മൂന്നാറിലും ആശങ്ക വര്‍ധിച്ചിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com