സമ്പര്‍ക്ക രോഗികള്‍ ഉയരുന്നതില്‍ ആശങ്ക; കോട്ടയത്തും ചങ്ങനാശേരിയിലും കാഞ്ഞിരപ്പളളിയിലും ജാഗ്രത; നിയന്ത്രണം കടുപ്പിക്കുന്നു

ജില്ലയില്‍ കോവിഡ് രോഗവ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ജില്ലാ ഭരണകൂടം
സമ്പര്‍ക്ക രോഗികള്‍ ഉയരുന്നതില്‍ ആശങ്ക; കോട്ടയത്തും ചങ്ങനാശേരിയിലും കാഞ്ഞിരപ്പളളിയിലും ജാഗ്രത; നിയന്ത്രണം കടുപ്പിക്കുന്നു

കോട്ടയം: ജില്ലയില്‍ കോവിഡ് രോഗവ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ജില്ലാ ഭരണകൂടം. കോട്ടയം നഗരസഭ വാര്‍ഡ് 46, ചങ്ങനാശേരി 31,33, കാഞ്ഞിരപ്പളളി 18 എന്നിവ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. 

ഏറ്റുമാനൂരില്‍ ഒരു ഡ്രൈവര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ മാര്‍ക്കറ്റ് ആശങ്കയിലാണ്. മാര്‍ക്കറ്റിലെത്തിയ പച്ചക്കറി ലോറിയിലെ ഡ്രൈവർക്കാണ് കോവിഡ് കണ്ടെത്തിയത്.  രാവിലെ നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. കിടങ്ങൂരിലെ കടയിലേക്ക് പച്ചക്കറി കൊണ്ടുപോകാന്‍ എത്തിയതായിരുന്നു ഇയാള്‍.

ഏറ്റുമാനൂര്‍ മാര്‍ക്കറ്റിലെത്തിയ 28 പേരെ രാവിലെ ആന്റിജന്‍ പരിശോധനയ്ക്ക് വിധേയരാക്കി. ചങ്ങനാശ്ശേരിയിലും സമ്പര്‍ക്ക വ്യാപനം കൂടുതലാണ് എന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. പ്രധാനമായും മാര്‍ക്കറ്റ് കേന്ദ്രീകരിച്ചാണ് രോഗവ്യാപനം ഉണ്ടാകുന്നത്.

ഇന്നലെ ചങ്ങനാശ്ശേരി മാര്‍ക്കറ്റിലെ നാലു തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്നും നാളെയും മാര്‍ക്കറ്റില്‍ വ്യാപകമായി ആന്റിജന്‍ പരിശോധന നടത്താനാണ് തീരുമാനം. ഇതിനിടെ ചിങ്ങവനത്ത് പൊലീസ് സ്‌റ്റേഷനില്‍ കോവിഡ് രോഗി എത്തിയതായി കണ്ടെത്തി. തുടര്‍ന്ന് ഇയാള്‍ എത്തിയ സമയത്ത് സ്‌റ്റേഷനില്‍ ഉണ്ടായിരുന്ന പൊലീസുകാരോട് നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കോട്ടയം മെഡിക്കല്‍ കോളജിലെ നേത്രരോഗ വിഭാഗം അടച്ചു. ഇവിടെ ചികില്‍സയ്ക്ക് എത്തിയ ഒരു രോഗിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. ഈ വിഭാഗത്തിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 11 പേര്‍ നിരീക്ഷണത്തില്‍ പോയിരിക്കുകയാണ്. കഴിഞ്ഞദിവസം അസ്ഥിരോഗ വിഭാഗത്തില്‍ ചികില്‍സയിലുണ്ടായിരുന്ന രണ്ട് രോഗികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ഇതേത്തുടര്‍ന്ന് ഈ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ഡോക്ടര്‍മാരും നഴ്‌സുമാരും അടക്കം നിരീക്ഷണ്തതില്‍ പോയിരിക്കുകയാണ്. രണ്ട് വാര്‍ഡുകളും അടച്ചിരിക്കുകയാണ്. സമ്പര്‍കക്വ്യാപനം കണക്കിലെടുത്ത് ജില്ലയിലെ ഗ്രാമീണ മേഖലകള്‍ കേന്ദ്രീകരിച്ച് പരിശോധന വര്‍ധിപ്പിക്കാനാണ് തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com