കേരളത്തിന്റെ നേട്ടങ്ങള്‍ക്ക് എന്തുപറ്റി?; ബിബിസി പറയുന്നു

വുഹാനില്‍നിന്ന് കേരളത്തിലെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥിക്കാണ് ഇന്ത്യയിലെ ആദ്യത്തെ കോവിഡ് രോഗം സ്ഥിരീകരിച്ചത്.
കേരളത്തിന്റെ നേട്ടങ്ങള്‍ക്ക് എന്തുപറ്റി?; ബിബിസി പറയുന്നു

ആഴ്ചകള്‍ക്ക് മുന്‍പ് വരെ കോവിഡ് പ്രതിരോധത്തില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ ലോകമൊട്ടാകെ വാര്‍ത്തയായിരുന്നു. കോവിഡ് വ്യാപനം തടഞ്ഞുനിര്‍ത്തുന്നതില്‍ സ്വീകരിച്ച മാര്‍ഗങ്ങള്‍ തേടി നിരവധി സംസ്ഥാനങ്ങളാണ് കേരളത്തെ സമീപിച്ചത്. ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ കോണ്‍ടാക്ട് ട്രേസിങ്ങും ക്വാറന്റൈനും ഏര്‍പ്പെടുത്തിയതാണ് കേരളത്തിന്റെ നേട്ടങ്ങള്‍ക്ക് പ്രധാന കാരണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലംബിച്ചതാണ് മറ്റൊരു നേട്ടമായി ഉയര്‍ത്തിക്കാട്ടിയത്. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറിയിരിക്കുകയാണ്. തിരുവനന്തപുരത്ത തീരദേശ മേഖലകളില്‍ സാമൂഹിക വ്യാപനം നടന്നതായി സര്‍ക്കാര്‍ സമ്മതിക്കുന്നതാണ് കഴിഞ്ഞ ദിവസം കണ്ടത്. ഒരിക്കല്‍ ഉയര്‍ത്തിക്കൊണ്ടുവന്ന കേരളത്തിന്റെ 'വിജയ കഥ' എങ്ങനെ ഇല്ലാതായെന്ന് വിശദീകരിക്കുകയാണ് രാജ്യാന്തര മാധ്യമമായ ബിബിസി.

പ്രവാസികളുടെയും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമുളള മറുനാടന്‍ മലയാളികളുടെയും മടങ്ങി വരവും ലോക്ഡൗണില്‍ ഇളവ് അനുവദിച്ചപ്പോള്‍ കൃത്യമായ മുന്‍കരുതലുകളില്ലാതെ ജനങ്ങള്‍ വീടിനു പുറത്തിറങ്ങിയതും പരിശോധന കുറഞ്ഞതുമാണ് കോവിഡ് വ്യാപനത്തിന് ഇടയാക്കിയതെന്ന് വിവിധ തലങ്ങളിലുളള പ്രമുഖരുമായുളള കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തില്‍ ബിബിസി പറയുന്നു. വുഹാനില്‍നിന്ന് കേരളത്തിലെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥിക്കാണ് ഇന്ത്യയിലെ ആദ്യത്തെ കോവിഡ് രോഗം സ്ഥിരീകരിച്ചത്. ജനുവരി 30 മുതല്‍ കേസുകളുടെ എണ്ണം വര്‍ധിക്കുകയായിരുന്നു. മാര്‍ച്ചില്‍ മറ്റു സംസ്ഥാനങ്ങളില്‍ വലിയതോതില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ തുടങ്ങി. മേയ് മാസത്തോടെ കൃത്യമായ പരിശോധന, ഐസലേഷന്‍ തുടങ്ങിയ മാര്‍ഗങ്ങളിലൂടെ കേരളത്തിന് പുതിയ കേസുകള്‍ കുറച്ചുകൊണ്ടുവരാനായി. പുതിയ കേസുകള്‍ ഒരെണ്ണം പോലുമില്ലാത്ത ദിവസങ്ങളും കേരളത്തിനുണ്ടായി. കേരളം 'കര്‍വ് ഫ്‌ലാറ്റന്‍' ചെയ്യുകയാണെന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നു. 'വലിയ അദ്ഭുതമാണ് കേരളം നേടിയതെന്ന് ആളുകള്‍ പറയുന്നുണ്ടായിരുന്നു' - പ്രമുഖ എപ്പിഡെമിയോളജിസ്റ്റായ ജയപ്രകാശ് മുലിയില്‍ ബിബിസി ലേഖകനോട് പറഞ്ഞു.

എന്നാല്‍ ഇത് അധികകാലം നീണ്ടുനിന്നില്ല. 1000 കേസുകളിലേക്ക് എത്താന്‍ കേരളത്തിന് 110 ദിവസങ്ങളാണ് വേണ്ടിവന്നത്. എന്നാല്‍ ജൂലൈ 20 ആയപ്പോഴേക്കും കേരളത്തില്‍ 12,000 രോഗികളായിരിക്കുന്നു. 45 മരണവും റിപ്പോര്‍ട്ട് ചെയ്തു. വീടുകളിലും ആശുപത്രികളിലുമായി 1,70,000 പേരാണ് ക്വാറന്റീനില്‍ കഴിയുന്നത്.

വൈറസിന്റെ കുതിപ്പ് ഇപ്പോഴാണ് കേരളത്തില്‍ യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്. അതിര്‍ത്തികള്‍ അടച്ചപ്പോള്‍ കേരളത്തിലെ സാഹചര്യം നിയന്ത്രണവിധേയമായി നില്‍ക്കുകയായിരുന്നു'-വാഷിങ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാംക്രമിക രോഗ വിദഗ്ധന്‍ ഡോ ലാല്‍ സദാശിവന്‍ ബിബിസി ലേഖകനോടു പറഞ്ഞു.

കേരളത്തിലെ കോവിഡ് കേസുകള്‍ വര്‍ധിക്കാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നവയിലൊന്ന് പ്രവാസികളുടെ മടങ്ങിവരവാണ്. ഗള്‍ഫില്‍നിന്നും ഇന്ത്യയിലെ മറ്റു സ്ഥലങ്ങളില്‍നിന്നും ലക്ഷക്കണക്കിനുപേര്‍ കേരളത്തിലേക്കു തിരിച്ചുവന്നു. ഇന്നുവരെ ഉണ്ടായിരിക്കുന്നതില്‍ 7000ല്‍ അധികം രോഗികള്‍ക്കും യാത്രാപശ്ചാത്തലമുണ്ട്. 'എന്നാല്‍ ലോക്ഡൗണ്‍ യാത്രാ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചപ്പോള്‍ ജനങ്ങള്‍ കൂട്ടമായി കേരളത്തിലേക്കെത്തി. രോഗവുമായെത്തുന്നവരെ കയറ്റാതിരിക്കാനാവില്ല. രോഗികളാണെങ്കിലും സ്വന്തം നാട്ടിലേക്കു തിരിച്ചെത്താന്‍ എല്ലാ പൗരന്മാര്‍ക്കും ഭരണഘടനാപരമായ അവകാശങ്ങളുണ്ട്. എന്നാല്‍ അതാണ് വലിയ വ്യത്യാസമുണ്ടാക്കിയത്.'- തിരുവനന്തപുരം എംപി ശശി തരൂര്‍ ബിബിസിയോടു പറഞ്ഞു.

മേയ് ആദ്യം മുതല്‍ ഈ ജനപ്രവാഹം പ്രാദേശികമായ സമൂഹവ്യാപനത്തിനു വഴിയിട്ടെന്നാണ് വിലയിരുത്തല്‍. യാത്രാ പശ്ചാത്തലം ഇല്ലാത്തവരില്‍ക്കൂടി രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ തുടങ്ങി. ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 821ല്‍ 640 കേസുകളും സമ്പര്‍ക്കം വഴിയാണ്. ഇതില്‍ 43 പേരുടെ രോഗ ഉറവിടം വ്യക്തമായിട്ടുമില്ല.

ലോക്ഡൗണില്‍ ഇളവ് അനുവദിച്ചപ്പോള്‍ കൃത്യമായ മുന്‍കരുതലുകളില്ലാതെ ജനങ്ങള്‍ വീടിനു പുറത്തിറങ്ങിയത് കാര്യങ്ങള്‍ വഷളാക്കി. 'ഇളവ് നല്‍കിയപ്പോള്‍ കൂടുതല്‍ ആളുകളും ജോലിക്കു പോകാന്‍ തുടങ്ങുന്നതുകൊണ്ട് അശ്രദ്ധമൂലം ഒരളവു വരെ കേസുകള്‍ വര്‍ധിച്ചേക്കാം എന്ന് പ്രതീക്ഷിച്ചിരുന്നു. സുരക്ഷിതരായിരിക്കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്' - വൈറസ് പ്രതിരോധ നടപടികള്‍ക്കു സര്‍ക്കാരിന് ഉപദേശം നല്‍കാനുള്ള വിദഗ്ധ സമിതിയുടെ തലവന്‍ ഡോ. ബി ഇക്ബാല്‍ ബിബിസിയോടു പറഞ്ഞു.

കേസുകള്‍ കുറഞ്ഞപ്പോള്‍ പരിശോധന കുറച്ചുവെന്ന് വിമര്‍ശകര്‍ പറയുന്നു. ഈ നാളുകളില്‍ ദിവസവും 9,000 സാംപിളുകളാണ് ടെസ്റ്റ് ചെയ്യുന്നത്. ഏപ്രിലില്‍ ഇത് 663 ആയിരുന്നു. എന്നാല്‍ ജനസംഖ്യയുടെ ദശലക്ഷം കണക്കില്‍ വച്ചുനോക്കുമ്പോള്‍ കേരളത്തിലെ പരിശോധനകള്‍ കുറവാണെന്ന് വ്യക്തമാണ്. കേസുകള്‍ വളരെയധികം വര്‍ധിക്കുന്ന ആന്ധ്ര പ്രദേശ്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളെ വച്ചുനോക്കുമ്പോള്‍ കേരളത്തില്‍ പരിശോധന കുറവാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മഹാരാഷ്ട്രയെക്കാള്‍ കൂടുതല്‍ പരിശോധന കേരളം നടത്തുന്നുണ്ട്.

'കേരളത്തിലെ പരിശോധനകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇതു മതിയാകില്ല. ഒരു സംസ്ഥാനവും ആവശ്യപ്പെടുന്ന മുറയ്ക്ക് പരിശോധന നടത്തിയിട്ടില്ല' - എറണാകുളം മെഡിക്കല്‍ കോളജ് ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം തലവന്‍ ഡോ. എ ഫത്താഹുദ്ദീന്‍ പറഞ്ഞു.

മൊത്തത്തില്‍ കേരളം മികച്ച സേനവമാണ് നടത്തിയിട്ടുള്ളതെന്നാണ് മിക്ക എപ്പിഡെമിയോളജിസ്റ്റുകളും വിശ്വസിക്കുന്നത്. പോസിറ്റീവ് ആകുന്നവരുടെ എണ്ണം നോക്കുമ്പോള്‍ കേരളത്തിലെ മരണനിരക്ക് കുറവാണ്. ഇന്ത്യയിലെ ഏറ്റവും കുറവ് മരണനിരക്ക് കേരളത്തിലാണ്. ആശുപത്രികളില്‍ രോഗികളുടെ തള്ളിക്കയറ്റമില്ല. ഇന്ത്യയിലെ ഏറ്റവും മികച്ച പൊജുജനാരോഗ്യ സംവിധാനം കേരളത്തിനാനുള്ളത്.

കര്‍വ് ഫ്‌ലാറ്റന്‍ ചെയ്യുക എന്നത് ദീര്‍ഘനാളെടുത്തും പരിശ്രമിച്ചും ചെയ്യേണ്ട ജോലിയാണ്. 'കോവിഡിനെ നേരിടുക എന്നാല്‍ ട്രെഡ് മില്ലില്‍ സ്പീഡ് കൂട്ടി ഓടുന്നതുപോലെയാണ്. വൈറസിനെ മെരുക്കാന്‍ വളരെ വേഗത്തില്‍ ഓടണം. അതു ശ്രമകരമാണ്. പക്ഷേ വേറേ വഴിയില്ല, ഇതു സഹിഷ്ണുതയെ പരീക്ഷിക്കും'- വെല്ലൂര്‍ സിഎംസിയിലെ വൈറോളജി വിഭാഗം മുന്‍ പ്രഫസര്‍ ടി. ജേക്കബ് ജോണ്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com