സംസ്ഥാനത്ത് 101 ആക്ടീവ് ക്ലസ്റ്ററുകള്‍; 18 എണ്ണം ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകളെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരത്ത് ഇന്ന് സ്ഥിരീകരിച്ച 151ല്‍ 137ഉം സമ്പര്‍ക്കത്തിലൂടെയാണ്. ഉറവിടം അറിയാത്ത ഏഴുപേരുമുണ്ട്.
ഫയല്‍ചിത്രം
ഫയല്‍ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് 101 ആക്ടീവ് കോവിഡ് ക്ലസ്റ്ററുകള്‍ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ 18 ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററുകളാണ്. തിരുവനന്തപുരത്ത് ഇന്ന് സ്ഥിരീകരിച്ച 151ല്‍ 137ഉം സമ്പര്‍ക്കത്തിലൂടെയാണ്. ഉറവിടം അറിയാത്ത ഏഴുപേരുമുണ്ട്. മൂന്ന് തീരദേശ മേഖലകളിലും ഇന്‍സിഡന്റ് കമാന്‍ഡര്‍മാരുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. പൊതുജനങ്ങള്‍ക്ക് കോവിഡുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കും വിവരങ്ങള്‍ കൈമാറുന്നതിനുമായി 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. കോവിഡിന് പുറമെയുള്ള രോഗങ്ങളുടെ ചികിത്സ പരമാവധി വീടുകളില്‍ ലഭ്യമാക്കാന്‍ ടെലിമെഡിസിന്‍ സൗകര്യം ഏര്‍പ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കൊല്ലം ജില്ലയില്‍ 76 പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗബാധ. മൂന്ന് കേന്ദ്രങ്ങളില്‍ പ്രാഥമിക ചികിത്സാ കേന്ദ്രങ്ങള്‍ ഇന്ന് തുറന്നു. പത്തനംതിട്ട 40ല്‍ 20 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയില്‍ ഇതുവരെ 1010 റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തിയതില്‍ 76 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ ജില്ലയിലെ വലിയ ക്ലസ്റ്റര്‍ പത്തനംതിട്ട നഗരസഭയാണ്. ഒപ്പം അടൂര്‍, തുകലശേരി എന്നിവിടങ്ങളില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്ലസ്റ്ററുമുണ്ട്. കുമ്പഴ മത്സ്യച്ചന്തയിലെ രോഗികളില്‍ നിന്നും സമ്പര്‍ക്കപ്പട്ടിക ഉയരുന്നു എന്നതും ആശങ്ക ഉണ്ടാക്കുന്നു. 
ആലപ്പുഴ ജില്ലയിലെ 46ല്‍ 30ഉം സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ചേര്‍ത്തല താലൂക്കും കായംകുളം മുന്‍സിപ്പാലിറ്റിയും മറ്റു 7 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പൂര്‍ണ്ണമായും കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.

കോട്ടയം ജില്ലയില്‍ 39ല്‍ 34ഉം സമ്പര്‍ക്കത്തിലൂടെയാണ് രോധബാധയുണ്ടായത്. ചങ്ങനാശേരി മാര്‍ക്കറ്റ് മേഖലയിലാണ് സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ കൂടുതലായി കണ്ടെത്തിയിട്ടുള്ളത്. നിലവില്‍ 16 തദ്ദേശഭരണ സ്ഥാപനങ്ങളിലായി 25 കണ്ടെയ്ന്‍മെന്റ് സോണുകളാണ് ജില്ലയിലുള്ളത്.

എറണാകുളം ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം വര്‍ധിക്കുകയാണ്. 80 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 63 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്. മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചു. ഒമ്പതുപേരുടെ ഉറവിടം അറിയില്ല. ആലുവ, ചെല്ലാനം, കീഴ്മാട് എന്നീ ക്ലസ്റ്ററുകള്‍ കേന്ദ്രീകരിച്ചാണ് കൂടുതല്‍ രോഗവ്യാപനം കണ്ടെത്തിയിട്ടുള്ളത്.

സ്വകാര്യ ആശുപത്രിയിലേതടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവരുടെ പട്ടികയിലുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെ കോവിഡ് പോസിറ്റീവായവരുടെ എണ്ണം പരിശോധിക്കുമ്പോള്‍ ആലുവ, കീഴ്മാട് ക്ലസ്റ്ററുകള്‍ സമീപ പഞ്ചായത്തുകളായ ചൂര്‍ണിക്കര, ആലങ്ങാട്, കരുമാലൂര്‍, എടത്തല, കടുങ്ങലൂര്‍, ചെങ്ങമനാട് എന്നിവിടങ്ങളിലേക്ക് വ്യാപിക്കുന്നതായാണ് കാണുന്നത്.- മുഖ്യമന്ത്കി വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com