സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഉത്തരവാദിത്വം വെളിപ്പെടുന്നു; ഗണ്‍മാന്‍ പ്രധാനകണ്ണിയെന്ന് കെ സുരേന്ദ്രന്‍

രാഷ്ട്രീയ സദാചാരത്തെ കുറിച്ച് വാതോരാതെ സംസാരിക്കുന്നവരാണ് സിപിഎമ്മിന്റെ ദേശീയ നേതൃത്വം. നിജസ്ഥിതി പുറത്തുവരുന്നതുവരെ മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തണം 
സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഉത്തരവാദിത്വം വെളിപ്പെടുന്നു; ഗണ്‍മാന്‍ പ്രധാനകണ്ണിയെന്ന് കെ സുരേന്ദ്രന്‍

കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടേയും അദ്ദേഹത്തിന്റെ ഓഫീസിന്റേയും പങ്കാളിത്തം കൂടുതല്‍ തെളിഞ്ഞ് വരികയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കള്ളക്കടത്ത് സംഘത്തിന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് സഹായം ലഭിച്ചെന്നും ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

ആത്മഹത്യക്ക് ശ്രമിച്ച യുഎഇ അറ്റാഷെയുടെ ഗണ്‍മാന്റെ നിയമനത്തില്‍ ദുരൂഹതയുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ സ്ഥാപിത താത്പര്യങ്ങള്‍ നടപ്പിലാക്കുന്നതിന് വേണ്ടിയാണ് അദ്ദേഹത്തെ അവിടെ നിയോഗിച്ചിട്ടുള്ളതെന്നും സുരേന്ദ്രന്‍ പറഞ്ഞു. സുരക്ഷ പരിഗണിച്ച് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണ് ഇത്തരമൊരു ഗണ്‍മാനെ നിയോഗിച്ചതെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. ഇത് തികച്ചും വസ്തുതാ വിരുദ്ധമാണ്. അത്തരമൊരു നിര്‍ദേശം കേന്ദ്ര വിദേശകാര്യ മന്ത്രാലയം നല്‍കിയിട്ടില്ല. യുഎഇ കോണ്‍സുലേറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് സുരക്ഷയൊരുക്കണമെന്നാണ് പറഞ്ഞിട്ടുള്ളത്. അറ്റാഷയ്‌ക്കോ മറ്റോ ഒരു പേഴ്‌സണല്‍ ഗണ്‍മാനെ നല്‍കണമെന്ന് പറഞ്ഞിട്ടില്ല.

മന്ത്രി കെ.ടി.ജലീലിനെതിരെയും സുരേന്ദ്രന്‍ രംഗത്തെത്തി.വര്‍ഗീയ കാര്‍ഡിറക്കി ജലീല്‍ രക്ഷപ്പെടാനുള്ള അവസാന ശ്രമം നടത്തികൊണ്ടിരിക്കുകയാണ്. കോണ്‍സുലര്‍ ജനറലുമായി അദ്ദേഹം നടത്തിയ വാട്‌സാപ്പ് ചാറ്റും വിശ്വാസയോഗ്യമല്ല. സക്കാത്തിന്റെ പേര് പറഞ്ഞാണ് ജലീല്‍ ഇപ്പോള്‍ രക്ഷപ്പെടാന്‍ നോക്കുന്നത്. അതൊന്നും വിലപോവില്ല. വിശ്വാസികളടക്കം അതെല്ലാം തിരിച്ചറിയുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com