ആരോ​ഗ്യപ്രവർത്തകരെ അറിയിക്കാതെ പനിബാധിച്ച് മരിച്ച വയോധികയെ സംസ്കരിച്ചു, തൊട്ടുപിന്നാലെ വീട്ടിലെ രണ്ട് പേർക്ക് കോവിഡ്; കേസ്

വീട്ടിലെ രണ്ട് അം​ഗങ്ങൾ കോവിഡ് പരിശോധന ഫലം കാത്ത് ക്വാറന്റീനിൽ ഇരിക്കെയാണ് വയോധിക പനി ബാധിച്ച് മരിച്ചത്
ആരോ​ഗ്യപ്രവർത്തകരെ അറിയിക്കാതെ പനിബാധിച്ച് മരിച്ച വയോധികയെ സംസ്കരിച്ചു, തൊട്ടുപിന്നാലെ വീട്ടിലെ രണ്ട് പേർക്ക് കോവിഡ്; കേസ്

ആലുവ; പനി ബാധിച്ച് മരിച്ച വയോധികയുടെ മൃതദേഹം കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ തിരക്കിട്ട് സംസ്കരിച്ച സംഭവത്തിൽ വീട്ടുകാർ ഉൾപ്പടെ 45 പേർക്കെതിരെ കേസ്. കോവിഡ് വ്യാപനം രൂക്ഷമായ ആലുവ ന​ഗരസഭയിലെ തോട്ടയ്ക്കാട്ടുകരയിലാണ് സംഭവമുണ്ടായത്. വീട്ടിലെ രണ്ട് അം​ഗങ്ങൾ കോവിഡ് പരിശോധന ഫലം കാത്ത് ക്വാറന്റീനിൽ ഇരിക്കെയാണ് വയോധിക പനി ബാധിച്ച് മരിച്ചത്.

മരണവിവരം ആരോ​ഗ്യപ്രവർത്തകരെ അറിയിക്കുകയോ മൃതദേഹത്തിൽ നിന്ന് സ്രവം ശേഖരിക്കുകയോ ചെയ്യാതെയാണ് സംസ്കാരം നടത്തിയത്. ചടങ്ങിൽ ന​ഗരസഭാ അധികൃതരും വാർഡ് തല കോവിഡ് ജാ​ഗ്രതാ സമിതി ഭാരവാഹികളും ഉൾപ്പെടെ ഇരുന്നൂറിലേറെ ആളുകൾ പങ്കെടുത്തു എന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. സംസ്കാര ചടങ്ങിൽ പങ്കെടുത്ത എല്ലാവരും കേസിൽ പ്രതികളാകും. ഇവരുടെ പട്ടിക തയാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് റൂറൽ എസ്പി കെ കാർത്തിക് പറഞ്ഞു.

സംസ്കാരം നടത്തി ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ക്വാറന്റീനിലായിരുന്ന രണ്ട് കുടുംബാം​ഗങ്ങളും കോവിഡ് പോസിറ്റീവാണെന്ന് വിവരം പുറത്തുവന്നത്. അതോടെയാണ് സംഭവം വിവാദമായത്. ആശങ്കയെത്തുടർന്ന് ചടങ്ങിൽ പങ്കെടുത്ത നൂറോളം പേർ സ്വയം ക്വാറന്റീനിൽ പ്രവേശിച്ചു. സംസ്കാര ചടങ്ങിൽ പങ്കെടുത്തവർക്ക് മാത്രമായി പിസിആർ പരിശോധന ക്യാമ്പ് നടത്തുമെന്ന് അൻവർ സാദത്ത് എംഎൽഎ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com